വയറു നിറയെ ചോറുണ്ണാൻ ഒരു കിടിലൻ ചെമ്മീൻ റെസിപ്പി ആയാലോ? ചോറിനും കഞ്ഞിക്കുമെല്ലാം കൂടെ കിടിലൻ കോമ്പിനേഷൻ ആണിത്. രുചികരമായ ഉണക്കച്ചെമ്മീൻ ഉലർത്ത്.
ആവശ്യമായ ചേരുവകൾ
- ഉണക്കചെമ്മീൻ- 1/4 കപ്പ്
- ചുവന്നുള്ളി- 5
- വെളുത്തുള്ളി- 6
- ഉപ്പ്- ആവശ്യത്തിന്
- മുളകുപൊടി- 1 ടീസ്പൂൺ
- കുരുമുളകുപൊടി- 1/2 ടീസ്പൂൺ
- തേങ്ങ- ഒരു പിടി
- കറിവേപ്പില- ആവശ്യത്തിന്
- കുടംപുളി- 2
- വെള്ളം- ആവശ്യത്തിന്
- വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ
- വറ്റൽമുളക്- 2
തയ്യാറാക്കുന്ന വിധം
ചെമ്മീൻ കഴുകി വൃത്തിയാക്കിയെടുക്കാം. അത് ഒരു മൺചട്ടിയിലേയ്ക്കു മാറ്റാം. ഇതിലേയ്ക്ക് ചുവന്നുള്ളി ചെറുതായി അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞത്, ഇഞ്ചി എന്നിവ ചേർക്കാം. ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ്, കുടംപുളി വെള്ളത്തിൽ കുതിർത്തത് എന്നിവ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് കുറച്ച് വെള്ളം കൂടി ഒഴിച്ച് അടച്ചു വച്ച് തിളപ്പിക്കാം. മറ്റൊരു പാൻ അടുപ്പിൽ വച്ച് ചൂടാക്കാം. അതിലേയ്ക്ക് വറ്റൽമുളകും തേങ്ങ കഷ്ണങ്ങളും ചേർത്തു വറുക്കാം. ഇത് വെള്ളം വറ്റി കുറുകിയ ചെമ്മീനിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. ഇത് നന്നായി വഴറ്റിയെടുക്കാം. ചൂടോടെ ചോറിനൊപ്പം കഴിച്ചു നോക്കൂ ഈ ചെമ്മീൻ ഉലർത്തിയത്.