ചിക്കൻ കറിയുടെ അതെ സ്വാദിൽ ഒരു കോളിഫ്ലവർ കറി വെച്ചാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന കോളിഫ്ലവർ മസാല റെസിപ്പി നോക്കാം. ചപ്പാത്തിക്കും ചോറിനുമെല്ലാം കൂടെ കഴിക്കാൻ ഒരു കിടിലൻ കോമ്പിനേഷൻ ആണ് കറി.
ആവശ്യമായ ചേരുവകൾ
- കറുവാപ്പട്ട- 1
- ഏലയ്ക്ക- 2
- ഗ്രാമ്പൂ-5
- പെരുംജീരകം- 1ടീസ്പൂൺ
- വഴനയില- 1
- സവാള- 2
- വെളുത്തുള്ളി- 6 അല്ലി
- ഇഞ്ചി- ആവശ്യത്തിന്
- അണ്ടിപരിപ്പ്- 15
- തക്കാളി- 1
- വെള്ളം- ആവശ്യത്തിന്
- വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ
- കോളിഫ്ലവർ- 1
- ഗ്രീൻപീസ്- 1/2 കപ്പ്
- ജീരകം- 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
- കാശ്മീരിമുളകുപൊടി- 2 ടീസ്പൂൺ
- ജീരകപ്പൊടി- 1 ടീസ്പൂൺ
- മല്ലിപ്പൊടി- 1 ടീസ്പൂൺ
- ഗരംമസാല- 1/2 ടീസ്പൂൺ
- ഉപ്പ്- 1 ടീസ്പൂൺ
- വെള്ളം- 1 1/2 കപ്പ്
- കസൂരിമേത്തി- ആവശ്യത്തിന്
- മല്ലിയില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു കേളിഫ്ലവർ കഷ്ണങ്ങളാക്കി അടർത്തിയെടുത്തിലേക്ക് അൽപ്പം മഞ്ഞൾപ്പൊടി, ഉപ്പ്, മുളകുപൊടി, എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഒരു പാൻ അടുപ്പിൽ വച്ച് മസാല പുരട്ടിയ കോളിഫ്ലവർ വേവിക്കാം. അടി കട്ടിയുള്ള മറ്റൊരു പാൻ അടുപ്പിൽ വച്ച് ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. അതിലേക്ക് ഒരു കറുവാപ്പട്ട, രണ്ട് ഏലയ്ക്ക, അഞ്ച് ഗ്രാമ്പൂ, ഒരു ടീസ്പൂൺ പെരുംജീരകം, ഒരു വഴനയില എന്നിവ ചേർത്ത് വറുക്കാം. ഇടത്തരം വലിപ്പമുള്ള രണ്ട് സവാള ചെറുതായി അരിഞ്ഞതു ചേർത്ത് വഴറ്റാം. ഒപ്പം ആറ് വെളുത്തുള്ളി അല്ലിയും, ചെറിയ കഷ്ണം ഇഞ്ചിയും ചേർക്കാം.
വറുത്തെടുത്ത അണ്ടിപരിപ്പ് 15 എണ്ണം ഇതിലേക്ക് ചേർക്കൂ. ഒരു തക്കാളി ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞതു കൂടി ചേർത്ത് ഇളക്കി വഴറ്റിയെടുക്കാം. പച്ചക്കറികൾ വെന്തതിനു ശേഷം അരച്ച് മാറ്റി വയ്ക്കാം. അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. അതിലേക്ക് അരപ്പ് ചേർത്തിളക്കാം. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടീസ്പൂൺ കാശ്മീരിമുളകുപൊടി, ഒരു ടീസ്പൂൺ ജീരകപ്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഒന്നര കപ്പ് വെള്ളം ഒഴിച്ച് കോളിഫ്ലവർ ചേർത്ത് അടച്ചു വച്ച് തിളപ്പിക്കാം.
തിളച്ച് കുറുകി വരുമ്പോൾ കസൂരിമേത്തി പൊടിച്ചതും, മല്ലിയിലും ചേർത്ത് അടുപ്പണയ്ക്കാം.