Kerala

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സംഘപരിവാർ അജണ്ട: മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും കടന്നാക്രമിച്ച് വിഡി സതീശൻ

മലപ്പുറം മുഴുവൻ തീവ്രവാദികളുടെ നാടാണെന്ന നിലപാടിൽ സിപിഎം ഉറച്ച് നിൽക്കുന്നുണ്ടോയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ.രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത് തീവ്രവാദികളു​ടെ വോട്ട് നേടിയിട്ടാണോയെന്നും അദ്ദേഹം ചോദിച്ചു.നിലമ്പൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സതീശൻ.
സിപിഐഎം നേതാക്കൾ മലപ്പുറത്തെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളിലൂടെ അപമാനിച്ചുവെന്ന ആരോപണവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. സിപിഐഎം നേതാവ് എ വിജയരാഘവനും മലപ്പുറത്തെ അപമാനിച്ചു. മലപ്പുറത്തെ തീവ്രവാദികളുടെ നാടായി സിപിഐഎം ചിത്രീകരിച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബിജെപി ‘ഏതോ’ ഒരു സ്ഥാനാർഥിയെ മത്സരിപ്പിച്ചുവെന്നും സിപിഐഎമ്മുമായി ഒത്തുകളിയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

നേരത്തെ മുഖ്യമന്ത്രി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തെ വിമർശിച്ച് പി വി അൻവറും രംഗത്തെത്തിയിരുന്നു. മലപ്പുറം ജില്ലയിൽ കുഴൽപ്പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോ​ഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ നിലപാട് അൻവർ‌ എടുത്ത് പറഞ്ഞു. ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തിലെ ഈ പ്രസ്താവന എല്ലാവരെയും അറിയിച്ചത് താനാണെന്നും അൻവർ ഓർമ്മിപ്പിച്ചു. ബിജെപിയുമായി ഉണ്ടാക്കിയ കരാറിൻ്റെ ഭാ​ഗമായിരുന്നു ഹിന്ദുപത്രത്തിലെ മുഖ്യമന്ത്രിയുടെ അഭിമുഖമെന്നായിരുന്നു അൻവറിൻ്റെ ആരോപണം.