Sports

18 വർഷത്തെ കാത്തിരിപ്പ് ആ​ഘോഷിക്കാൻ അനുമതി നിഷേധിച്ച് പോലീസ്! ആര്‍സിബി വിജയാഘോഷ റാലി റദ്ദാക്കി | RCB

വിജയാഘോഷം ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മാത്രമാക്കി

ഐപിഎല്‍ വിജയാഘോഷത്തിന്റെ ഭാഗമായി റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളുരുവില്‍ നടത്താനിരുന്ന വിജയ റാലി റദ്ദാക്കി. അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പൊലീസ് അവസാനനിമിഷം അനുമതി നിഷേധിക്കുകയായിരുന്നു.

വിജയാഘോഷം ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മാത്രമാക്കി. പതിനെട്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബംഗളുരു കന്നിക്കീരിടം സ്വന്തമാക്കിയത്. ഇതിന്റെ ഭാഗമായി ആരാധരും ടീമും വിജയാഘോഷം ഗംഭീരമാക്കാന്‍ പരിപാടിയിട്ടിരുന്നു. നേരത്തെ ശിവമോഗയിലും ബെളഗാവിയിലും നടന്ന ആഘോഷത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നു

വിധാന്‍ സൗധയില്‍ നിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെ തുറന്ന വാഹനത്തില്‍ റോഡ് ഷോ നടത്താനായിരുന്നു പദ്ധതി. എന്നാല്‍ സുരക്ഷാ പരിമിതികള്‍ കണക്കിലെടുത്ത് പൊലീസ് റോഡ് ഷോയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു.

തിരക്ക് പരിഗണിച്ച് ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ വിധാന്‍ സൗധയ്ക്കും ചിന്നസ്വാമി സ്റ്റേഡിയത്തിനും സമീപമുള്ള റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആറ് മണി മുതല്‍ ഒന്‍പതുമണിവരെ നീളുന്ന പരിപാടികളാണ് ടീം സംഘടിപ്പിച്ചിരിക്കുന്നത്.

content highlight: RCB Rally