പരിസ്ഥിതിയെക്കുറിച്ചുള്ള അടിസ്ഥാനപാഠങ്ങള്‍ പഠിക്കുന്നതിലൂടെ മാത്രമേ നമുക്ക് മെച്ചപ്പെട്ട സമൂഹമായി മാറാന്‍ കഴിയുകയുള്ളുവെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. പ്രകൃതി പാഠം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നിര്‍വഹിക്കുയായിരുന്നു മന്ത്രി. പരിസ്ഥിതി പ്രശ്നം എന്നത് ജീവിത പ്രശ്നം തന്നെയാണ്. അത്കൊണ്ട് തന്നെ പരിസ്ഥിതി ദിനാചരണം എന്നത് ഒരു ദിവസത്തിലേക്ക് ഒതുങ്ങാതെ ശ്രദ്ധിക്കണം. മണ്ണ് രൂപപ്പെടാനുള്ള കാലയളവും പ്രകൃതിയിലെ പ്രക്രിയകളും അറിയുമ്പോള്‍
അതിന്റെ ഗൗരവം മനസ്സിലാകും. ഗവണ്മെന്റിന്റെ തീരുമാനത്തില്‍ ഒരു പുഴ സൃഷ്ടിക്കാന്‍ കഴിയില്ല എന്നതും ഒരു തിരിച്ചറിവാണ്. തലച്ചോറിലും രക്തത്തിലും വരെ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തുന്ന വാര്‍ത്തകള്‍ ഇന്ന് നമുക്ക് മുന്നിലുണ്ട്. സമുദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങള്‍ മാലിന്യം നിക്ഷേപിക്കുന്ന കുപ്പത്തൊട്ടിയായി മാറ്റുന്ന പ്രവണത ഇല്ലാതാക്കണം. അറബിക്കടലില്‍ കഴിഞ്ഞ ദിവസം തകര്‍ന്ന കപ്പലില്‍ നിന്നും പ്ലാസ്റ്റിക് ഗ്രാന്യൂളുകള്‍ തീരത്തടിയുന്നത് നമ്മള് കണ്ടു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുതിയ സങ്കേതങ്ങള്‍ക്ക്
പ്രകൃതിയുടെ സ്വാഭാവിക പ്രക്രിയയെ നിയന്ത്രിക്കാന്‍ കഴിയില്ല എന്നത് നാം തിരിച്ചറിയുന്നു. കാലാവസ്ഥാവ്യതിയാനത്തിന്റെ ഈ കാലത്ത് സ്വാഭാവിക പ്രകൃതിയുടെ നിലനില്‍പ്പിനായി സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രകൃതിപാഠം പദ്ധതി മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. വി.കെ പ്രശാന്ത് എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ എം ജി ഡയറക്ടര്‍ ഡോ. കെ ജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഭൂവിനിയോഗ കമ്മീഷണര്‍ യാസ്മിന് എല്‍ റഷീദ് സ്വാഗതവും കര്‍ഷകനായ
ഹരികേഷന്‍ നായര്‍ ആശംസയും അറിയിച്ചു. കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ അന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി വകുപ്പുകള്‍ക്കും പൊതുജനങ്ങള്‍ക്കും ഫലപ്രദമായി വിനിയോഗിക്കുവാന്‍ കഴിയുന്ന പദ്ധതികള്‍ ബോര്‍ഡ് നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ കര്‍ഷകര്‍ക്കായി പ്രകൃതി പാഠം പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കര്‍ഷകരും ശാസ്ത്രജ്ഞരും സന്നദ്ധപ്രവര്‍ത്തകരും ഒരുമിക്കുന്ന ആശയവിനിമയ സദസ്സ് സംഘടിപ്പിക്കും.
CONTENT HIGH LIGHTS; Nature lesson project begins: Minister wants to become an environmentally conscious society