ബുഡ്‌വ: മോണ്ടിനെഗ്രോയിലെ ബുഡ്‌വയിൽ പാരാസൈലിങ്ങിനിടെയുണ്ടായ അപകടത്തിൽ സെർബിയയിൽ നിന്നുള്ള യുവ മോഡൽ ടിജാന റാഡോൺജി (19) മരിച്ചു. 160 അടി ഉയരത്തിൽ നിന്നാണ് ടിജാന റാഡോൺജി അഡ്രിയാറ്റിക് കടലിലേക്ക് വീണത്.
അപകട ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ, പാരാസൈലിങ്ങിനിടെ ടിജാന ലൈഫ് ജാക്കറ്റ് ശരിയായി ഉപയോഗിക്കാനും ഹാർനെസ് അഴിച്ചുമാറ്റാനും ശ്രമിക്കുന്നുണ്ട്. എന്നാൽ ഈ ശ്രമങ്ങൾ വിഫലമായി.
ടിജാനയും അമ്മായിയും അവധിക്കാലം ആഘോഷിക്കാനാണ് മോണ്ടിനെഗ്രോയിൽ എത്തിയത്. ബീച്ചിൽ പാരാസൈലിങ് പ്രോത്സാഹിപ്പിക്കുകയായിരുന്ന ഒരാൾ ടിജാനയ്ക്ക് സൗജന്യമായി റൈഡ് വാഗ്ദാനം ചെയ്തുവെന്നാണ് റിപ്പോർട്ട്. എന്നാൽ, പ്രാദേശിക ടൂറിസം കമ്പനിക്ക് വേണ്ടി ടിജാന ഒരു വിഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നും സൂചന.
എമർജൻസി സർവീസ് സ്ഥലത്തെത്തി ടിജാനയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. പാരാസൈലിങ് കമ്പനിയുടെ ഉടമയായ മിർകോ ക്ർദ്സിക്ക് ടിജാനയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. ‘‘ടിജാനയ്ക്ക് ആവശ്യമായ സുരക്ഷാ പരിശീലനം നൽകിയിരുന്നു. പറക്കുന്നതിന് തൊട്ടുമുന്‍പ് വരെ യാതൊരു ഭയവും പ്രകടിപ്പിച്ചിരുന്നില്ല. ഞങ്ങളെല്ലാവരും അഗാധ ദുഃഖത്തിലാണ്. എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമായി അറിയില്ല. എല്ലാ ഉപകരണങ്ങളുടെയും സാങ്കേതിക പരിശോധനകൾ നടന്നുവരികയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ ഫലം കാത്തിരിക്കുകയാണ് ’’- മിർകോ പറഞ്ഞു.