ബെംഗളൂരു: ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തിന് ശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 11 ആയി. 50 പേർക്ക് പരുക്കേറ്റെന്നും 3 പേരുടെ നില ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ഒരു സ്ത്രീയുമുണ്ട്.
🚨 Two people including a child, reportedly died in a stampede at Chinnaswamy Stadium during RCB's victory celebrations https://t.co/IFUCeFWgfN
— Prayag (@theprayagtiwari) June 4, 2025
ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരുക്കിയ സ്വീകരണചടങ്ങിൽ ആളുകൾ ഒത്തു കൂടിയതാണ് അപകടത്തിന് കാരണമായത്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. രാവിലെ മുതൽ സ്റ്റേഡിയത്തിനു മുന്നിൽ വലിയ തിരക്കായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സ്റ്റേഡിയത്തിലേക്കെത്തിയിരുന്നു.
Bengaluru, let’s hold on to empathy even as we celebrate RCB’s victory. The news of injuries and tragic deaths among our young fans has left us dejected. Victory should unite us in joy, not leave us with heartbreak. 🙁❤️ pic.twitter.com/kEpOJF3JfJ
— Bengaluru Post (@bengalurupost1) June 4, 2025
ആർസിബിയുടെ ഹോം ഗ്രൗണ്ടാണ് ചിന്നസ്വാമി സ്റ്റേഡിയം. ഐപിഎൽ കിരീടം നേടിയ ആർസിബി ടീമിന് സർക്കാരും കർണാടക ക്രിക്കറ്റ് അസോസിയേഷനുമാണ് സ്വീകരണ പരിപാടി ഒരുക്കിയിരുന്നത്. സ്റ്റേഡിയത്തിലേക്ക് വലിയ ജനകൂട്ടമെത്തിയതോടെ പലരും ബോധരഹിതരായി വീണു. കുട്ടികളെ തിരക്കുള്ള സ്ഥലത്തേക്ക് കൊണ്ടുവരരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. പ്രവേശന കവാടത്തിന് മുൻപിലാണ് വലിയ തിരക്കുണ്ടായത്.
സ്റ്റേഡിയത്തിനടുത്തുള്ള മെട്രോ സ്റ്റേഷനിലും വലിയ തിരക്കുണ്ടായി. തിരക്കിൽപെട്ട് ആളുകൾ മരിച്ചെന്ന വാർത്ത പുറത്തുവന്നതോടെ സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ആളുകൾ തിരക്കു കൂട്ടി. ആളുകൾ കൂട്ടത്തോടെ മെട്രോ സ്റ്റേഷനുകളിലേക്ക് എത്തി. 5000 പൊലീസുകാരെ വിന്യസിച്ചിരുന്നെങ്കിലും അത് പര്യാപ്തമായിരുന്നില്ലെന്നാണ് ആരോപണം. സുരക്ഷാ സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് മാധ്യമ പ്രവർത്തകർ അടക്കം കെസിഎ (കർണാടക ക്രിക്കറ്റ് അസോസിയേഷൻ) ഗ്രൂപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സ്റ്റേഡിയത്തിൽ തിരക്കു കൂടിയെന്ന വാർത്ത പുറത്തു വന്നതോടെ വിധാൻസൗധയിലെ സർക്കാർ പരിപാടി വെട്ടിച്ചുരുക്കി ക്രിക്കറ്റ് താരങ്ങൾ മടങ്ങി. തുറന്ന ബസിൽ താരങ്ങളെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ എത്തിക്കാനായിരുന്നു ആലോചന. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇതു മാറ്റിവച്ചു. വലിയ തിരക്കുണ്ടാകുമെന്നും തുറന്ന ബസിലെ ഷോ ഒഴിവാക്കണമെന്നും പൊലീസ് നിർദേശിച്ചിരുന്നു. എന്നാൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ പരിപാടിയുമായി മുന്നോട്ടുപോകുകയായിരുന്നു. തുറന്ന ബസിലെ ഷോ ഉണ്ടാകുമെന്ന് കെസിഎ രാവിലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാൽ, നടത്താനാകില്ലെന്ന് പൊലീസ് പിന്നീട് വാർത്താക്കുറിപ്പ് ഇറക്കി. ഇതോടെ ആശയക്കുഴപ്പമുണ്ടായി.
ഐപിൽ ട്വന്റി20 ക്രിക്കറ്റിൽ റോയൽ ചാലഞ്ചേഴ്സിന്റെ ആദ്യ കിരീടണമാണ്. ഫൈനലിൽ പഞ്ചാബ് കിങ്സിനെ 6 റൺസിനു തോൽപിച്ചാണ് വിരാട് കോഹ്ലിയും സംഘവും 18 വർഷത്തെ കാത്തിരിപ്പ് സഫലമാക്കിയത്.