നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയ പരിധി വൈകീട്ട് 3 ന് അവസാനിക്കും. നിലമ്പൂരിൽ ഇന്ന് അന്തിമ സ്ഥാനാർത്ഥി ചിത്രം തെളിയും. തൃണമൂൽ കോൺഗ്രസ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവർ അവസാന നിമിഷം പത്രിക പിൻവലിക്കുമോ എന്നാണ് ആകാംക്ഷ. പത്രിക സമർപ്പിച്ച് രണ്ട് ദിവസമായിട്ടും അൻവർ പ്രചരണരംഗത്തേക്ക് ഇറങ്ങാത്തതാണ് സംശയത്തിന് വഴിയൊരുക്കുന്നത്.
അതേസമയം, മണ്ഡലത്തിൽ സ്ഥാനാർഥികൾ രണ്ടാം ഘട്ട പ്രചാരണം സജീവമാക്കി.യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് എടക്കര, കരുളായി പഞ്ചായത്തുകളിൽ പര്യടനം നടത്തും. മൂത്തേടം പഞ്ചായത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന്‍റെ പര്യടനം. എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജും, എസ്‍ഡിപിഐ സ്ഥാനാർഥി സാദിഖ് നടുത്തൊടിയും പ്രചാരണത്തിൽ സജീവമാണ്. അതേസമയം നിലമ്പൂരിൽ ഇന്ന് ബിജെപി മണ്ഡലം കൺവെൻഷൻ നടക്കും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.