World

ഇന്ന് ലോക പരിസ്ഥിതി ദിനം | Today is World Environment Day

ഇന്ന് ലോക പരിസ്ഥിതിദിനം. പരിസ്ഥിതി സംരക്ഷണത്തിന്റെ അനിവാര്യത ലോകമെമ്പാടും ജനങ്ങളെ ഓർമിപ്പിക്കുന്ന ഒരു ദിനം. “പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കുക” എന്ന സുപ്രധാന സന്ദേശവുമായാണ് ഈ വർഷത്തെ പരിസ്ഥിതി ദിനം ആചരിക്കുന്നത്. ദക്ഷിണ കൊറിയ ആതിഥേയത്വം വഹിക്കുന്ന ഈ വർഷത്തെ ദിനാചരണം, വർധിച്ചു വരുന്ന പ്ലാസ്റ്റിക് ഭീഷണിക്കെതിരെ അടിയന്തര നടപടികൾ സ്വീകരിക്കാൻ ലോകരാജ്യങ്ങളെയും വ്യക്തികളെയും പ്രേരിപ്പിക്കുന്നു.

മഞ്ഞുമൂടിയ മലനിരകളിൽ കടുത്തവേനൽ. ആമസോൺ കാടുകളിൽപോലും അടിക്കടിയുണ്ടാകുന്ന കാട്ടുതീ. മിതമായ കാലാവസ്ഥ ലഭിച്ചിരുന്ന പ്രദേശങ്ങളിൽ പ്രളയം,കൊടുംവരൾച്ച. ഭൂമിയിൽ മുമ്പെങ്ങുമില്ലാത്തവിധം പാരിസ്ഥിതികാഘാതങ്ങൾ രൂക്ഷമാകുന്നു. അന്തരീക്ഷമലിനീകരണവും കാലാവസ്ഥാവ്യതിയാനവും തടയുന്നതിന് അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഗുരുതരപ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് പഠനങ്ങൾ.

യുഎന്‍ഇപി യുടെ കണക്കനുസരിച്ച് ലോകത്താകമാനമുള്ള പ്ലാസ്റ്റിക് ഉത്പാദനം 430 ദശലക്ഷം ടണ്ണിലേറെയാണ്. നാം ഉപയോഗിച്ച് വലിച്ചെറിയുന്നവ ഭൂമിക്കടിയിലും നദികളിലും കടലിലും അടിയുന്നു. പ്ലാസ്റ്റിക്കിനെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാനും സുസ്ഥിരമായ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. പ്ലാസ്റ്റിക് മാത്രമല്ല വില്ലന്‍. വ്യവസായ ശാലകള്‍ പുറന്തള്ളുന്ന രാസമാലിന്യങ്ങള്‍ നമ്മുടെ നദികളെയും കിണറുകളെയും മറ്റ് ശുദ്ധജല സ്രോതസ്സുകളെയും കടലിനെയും വരെ വിഷമയമാക്കുന്നു. വ്യവസായ ശാലകള്‍ പുറന്തള്ളുന്ന വിഷപ്പുകയും അനധികൃത തീയിടലും ശുദ്ധവായു ലഭ്യതയെ അട്ടിമറിച്ചിരിക്കുന്നു.

2040 -ഓടെ ഭൂമിയിലെ നമ്മുടെ ജലാശയങ്ങളിലേക്ക് ഒഴുകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏകദേശം മൂന്നിരട്ടിയാവും എന്നാണ് പഠനങ്ങൾ. പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കുക, പുനരുപയോഗത്തിലൂടെ മാലിന്യം കുറക്കുക വനവൽക്കരണം തുടങ്ങി നിരവധി മാർഗങ്ങൾ നമുക്കുമുന്നിലുണ്ട്. പ്രകൃതിയെ, ഭൂമിയെ, ആവാസവ്യ,വസ്ഥയെ സംരക്ഷിക്കേണ്ടത് ഓരോ പൗരൻറേയും ഉത്തരവാദിത്തമാണെന്ന സന്ദേശമാണ് ഈ പരിസ്ഥിതിദിനവും മുന്നോട്ടുവക്കുന്നത്.

ഈ പരിസ്ഥിതി ദിനത്തിൽ, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ശരിയായ രീതിയിൽ മാലിന്യം സംസ്കരിക്കുന്നതിനും ഓരോ പൗരനും പ്രതിജ്ഞാബദ്ധരാകേണ്ടതുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ, കുപ്പികൾ എന്നിവ ഒഴിവാക്കുക, തുണിസഞ്ചികൾ പോലുള്ള പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ ശീലമാക്കുക, മാലിന്യം തരംതിരിച്ച് സംസ്‌കരിക്കാൻ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിക്കുക എന്നിവയിലൂടെ ഓരോ വ്യക്തിക്കും ഈ പോരാട്ടത്തിൽ പങ്കാളിയാകാം. കൂട്ടായ പരിശ്രമത്തിലൂടെ പ്ലാസ്റ്റിക് വിമുക്തമായ, ഹരിതാഭമായ ഒരു നാളേക്കായി നമുക്ക് കൈകോർക്കാം.