സ്വകാര്യത ലംഘനവുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പിനെതിരെ ആരോപണങ്ങളുയരുന്ന സാഹചര്യത്തിൽ പരിഹാരമായി പുതിയ അപ്ഡേറ്റ് വരുന്നതായി കമ്പനി വൃത്തങ്ങൾ. ഉപയോക്താക്കളെ വേർതിരിച്ച് അറിയുന്നതിന് ഫോൺ നമ്പർ ഉപയോഗിക്കുന്നതിന് പകരം ടെലഗ്രാമിന് സമാനമായി യൂസർ നെയിം ആക്കാൻ വാട്‌സ്ആപ്പ് തീരുമാനിച്ചതായാണ് പ്രമുഖ ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് പ്രാബല്യത്തിൽ വന്നാൽ ഫോൺ നമ്പർ ചോരുന്നത് ഒരു പരിധി വരെ തടയാനാകുമെന്നാണ് ടെക് വിദഗ്ധരുടെ വിലയിരുത്തൽ. ഈ അടുത്താണ് വാട്സാപ്പിനെതിരെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇത്രയധികം ആരോപണങ്ങൾ ഉയർന്നത്.
വാട്ട്സ്ആപ്പ് അപ്ഡേറ്റ് ട്രാക്കർ WABetaInfo പ്രകാരം, ഐഒഎസിന്റെ ഏറ്റവും പുതിയ ബീറ്റ വേർഷനിലാണ് വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുന്നത്. ഇതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ഫോൺ നമ്പറുകൾ വെളിപ്പെടുത്താതെ തന്നെ വാട്‌സ്ആപ്പിൽ അക്കൗണ്ട് നിർമിക്കാനും ചാറ്റുകൾ നടത്താനും സാധിക്കും. വാട്‌സ്ആപ്പ് നമ്പറുകൾക്ക് പകരം ഉപയോക്താക്കൾക്ക് അവർക്ക് ഇഷ്ടമുള്ള യൂസർനെയിം തിരഞ്ഞെടുക്കാൻ സാധിക്കും.റിപ്പോർട്ട് അനുസരിച്ച്, വാട്ട്സ്ആപ്പ് ഇനി മുതൽ പ്രാഥമിക തിരിച്ചറിയൽ മാർഗമായി ഫോൺ നമ്പറുകൾ ഉപയോഗിക്കില്ല. വാട്‌സ്ആപ്പിൽ യൂസർനെയിം സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
വാട്‌സ്ആപ്പ് യൂസർനെയിം സെറ്റ് ചെയ്യുന്നതിന് ചില നിർദ്ദേശങ്ങൾ കമ്പനി മുന്നോട്ട് വെക്കുന്നുണ്ട്. യൂസർനെയിമിൽ നിർബന്ധമായും ഒരു അക്ഷരമെങ്കിലും വേണം. അക്കങ്ങളും ചിഹ്നങ്ങളും മാത്രമായി യൂസർനെയിം ഉണ്ടാക്കാൻ പാടില്ല. ചെറിയ അക്ഷരങ്ങൾ (a-z), അക്കങ്ങൾ (09), പൂർണ്ണവിരാമങ്ങൾ, അടിവരകൾ എന്നിവ യൂസർനെയിമിൽ ഉപയോഗിക്കാം. ഇതിന് പുറമെ നിലവിൽ ഒരാൾ ഉപയോഗിക്കുന്ന യൂസർനെയിം ഉപയോഗിക്കാൻ സാധിക്കില്ല. ഡ്യൂപ്ലിക്കേറ്റ് യൂസർനെയിം ഉപയോഗിക്കാനും അനുവദിക്കില്ല.
3 മുതൽ 30 ക്യാരക്ടറുകൾ യൂസർനെയിമിൽ ഉപയോഗിക്കാൻ സാധിക്കും. എന്നാൽ .COM പോലുള്ള യൂസർനെയിം ഉപയോഗിക്കാൻ സാധിക്കില്ല. പൂർണ്ണവിരാമത്തോടെ ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യരുത്. ഇതിന് പുറമെ തുടർച്ചയായി പൂർണ്ണവിരാമങ്ങളും യൂസർനെയിമിൽ ഉപയോഗിക്കരുത്. ഒരു ഉപയോക്താവ് യുസർ നെയിം തിരഞ്ഞെടുത്തുകഴിഞ്ഞാൽ, ഒരു കോൺഫെറ്റി ആനിമേഷൻ ഉപയോഗിച്ച് വാട്ട്സ്ആപ്പ് ആ തിരഞ്ഞെടുപ്പ് സ്ഥിരീകരിക്കും. തുടർന്ന് ഉപയോക്താവിന്റെ ഫോൺ നമ്പറിന് പകരമായി സ്വകാര്യ, ഗ്രൂപ്പ് ചാറ്റുകളിൽ യുസർ നെയിം ദൃശ്യമാകും. ഒരു ഉപയോക്താവ് അവരുടെ യുസർ നെയിം അപ്ഡേറ്റ് ചെയ്താൽ വാട്ട്സ്ആപ്പ് തന്നെ ഇത് മറ്റുള്ളവരെ അറിയിക്കും.
content highlight: Whatsapp new update