ഒരു വെറൈറ്റി ഐസ് ക്രീം തയ്യാറാക്കിയാലോ? രുചികരമായ ചിയ സീഡ് മാംഗോ ഐസ്ക്രീം റെസിപ്പി നോക്കാം.. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- മാമ്പഴം- 2
- തേങ്ങാപ്പാൽ- 1 കപ്പ്
- ചിയ വിത്ത്- 3 ടേബിൾസ്പൂൺ
- തേൻ- 3 ടേബിൾസ്പൂൺ
- വാനില എക്സ്ട്രാക്റ്റ്- 1/2 ടീസ്പൂൺ
- ഏലയ്ക്കപ്പൊടി- ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
മാമ്പഴം നന്നായി കഴുകി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. ഇതേ സമയം നാല് ടേബിൾസ്പൂൺ വെള്ളത്തിൽ ചിയ വിത്ത് കുതിർക്കാൻ വയ്ക്കാം. കുറഞ്ഞത് 40 മിനിറ്റെങ്കിലും അത് മാറ്റി വയ്ക്കാം. മാമ്പഴ കഷ്ണങ്ങളിലേയ്ക്ക് പാലും മധുരത്തിനായി തേനോ പഞ്ചസാരയോ ചേർക്കാം. ഇതിലേയ്ക്ക് അര ടീസ്പൂൺ വാനില എക്സ്ട്രാക്റ്റും ഏലയ്ക്കപ്പൊടിയും ചേർത്ത് നന്നായി അരച്ചെടുക്കാം. ഈ മിശ്രിതം ഒരു ചെറിയ ബൗളിലേയ്ക്കു മാറ്റാം.
അതിലേയ്ക്ക് വെള്ളത്തിൽ കുതിർത്ത ചിയ വിത്ത് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് 10 മിനിറ്റ് മാറ്റി വയ്ക്കാം. ശേഷം വായു കടക്കാത്ത പാത്രത്തിലോ അല്ലെങ്കിൽ പോപ്സിക്കിൾ മോഡിലേയ്ക്കോ മാറ്റി ഫ്രീസറിൽ 6 മണിക്കൂർ വയ്ക്കാം. ഒരു രാത്രി ഇത് ഫ്രീസറിൽ സൂക്ഷിക്കാം. ശേഷം ആസ്വദിച്ചു കഴിച്ചോളൂ.