ഹിമാചൽ പ്രദേശിലെ ചംബ താഴ്വരയിൽ കാണപ്പെടുന്ന ഹിമാലയൻ ഗ്രേ ലംഗൂറുകൾ വംശനാശഭീഷണിയിൽ. ഗവേഷകർ ആണ് ഈ കണ്ടെത്തൽ നടത്തിയത്. ഇന്ത്യ, ബംഗ്ലദേശ് , നേപ്പാൾ , പാകിസ്ഥാൻ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഗ്രേ ലംഗൂർ വിഭാഗത്തിലെ ഉപവിഭാഗമാണ് ഹിമാലയൻ ഗ്രേ ലംഗൂർ
നിലവിൽ വംശനാശഭീഷണി നേരിടുന്ന ജീവികളായി പരിഗണിക്കപ്പെടുന്നവയാണ് ഇവ. ചംബ താഴ്വരയിൽ മാത്രം കാണപ്പെടുന്ന ഇവയുടെ എണ്ണം 250 മാത്രമാണെന്നാണു പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതു കണക്കിലെടുത്ത് വനംവകുപ്പ് വ്യാപകമായ ബോധവൽക്കരണ ക്യാംപെയ്നുകൾ തുടങ്ങിയിട്ടുണ്ട്. ലംഗൂറുകളെ സംരക്ഷിക്കണമെന്നും അവയ്ക്ക് ഹാനികരമായ പ്രവൃത്തികൾ ചെയ്യരുതെന്നും നാട്ടുകാരോട് വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
കുരങ്ങുവർഗത്തിൽ ഉൾപ്പെട്ട, ആകാരത്തിൽ സാധാരണ കുരങ്ങുകളെക്കാൾ വലുപ്പമുള്ള ഏഷ്യൻ കുരങ്ങുകളാണ് ലംഗൂറുകൾ. ഇലതീനിക്കുരങ്ങൻമാർ എന്ന വിഭാഗത്തിൽ പെട്ടവയാണ് ഇവ. മെലിഞ്ഞ ശരീരവും നീളമുള്ള വാലുകളും ഇവയ്ക്കുണ്ട്.ചാരനിറത്തിലാണ് പ്രധാനമായും ഇവ കാണപ്പെടുന്നത്. ചുവപ്പ്, ബ്രൗൺ, കറുപ്പ് വിഭാഗങ്ങളിലുള്ളവയുമുണ്ട്.20 മുതൽ 30 വരെയുള്ള സംഘങ്ങളായാണ് ഗ്രേ ലംഗൂറുകൾ കഴിയുന്നത്. ചില സംഘങ്ങളിൽ നൂറിലധികം അംഗങ്ങളുണ്ടാകും.
ലംഗൂറുകളെ സാധാരണ കുരങ്ങൻമാർക്ക് പേടിയാണെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാൽ ഇക്കാര്യത്തിൽ ശാസ്ത്രജ്ഞർക്കിടയിൽ ഭിന്നതയുണ്ട്. ഏതായാലും ഗ്രാമപ്രദേശങ്ങളിലും മറ്റും കൃഷിയിടങ്ങളും വീടുകളും കുരങ്ങുകളിൽ നിന്ന് സംരക്ഷിക്കാനായി ലംഗൂറുകളെ വളർത്തുന്നവരുണ്ട്. പലരുടെയും അഭിപ്രായത്തിൽ ലംഗൂറുകൾ ഉണ്ടെങ്കിൽ നാട്ടുകുരങ്ങുകൾ അങ്ങോട്ട് അടുക്കുകയില്ലത്രേ.
കോളോബിനെ എന്ന ഉപകുടുംബത്തിൽപ്പെട്ടതാണ് ലംഗൂറുകൾ. ആഫ്രിക്കയിലെ കുരങ്ങിനമായ ബ്ലാക് ആൻഡ് വൈറ്റ് കൊളോബസ്, ഇന്തൊനീഷ്യയിലെ പ്രോബോസിസ് കുരങ്ങൻമാർ എന്നിവയുമായി ഇവയ്ക്കു ബന്ധമുണ്ട്. ശരാശരി 18 കിലോ വരെ ഭാരം ഇവയ്ക്കു വയ്ക്കാം. കടുവകൾ, ധോൾ എന്നയിനം കാട്ടുനായ, പുലികൾ, ചെന്നായ്ക്കൾ, കുറുക്കൻമാർ, കരടികൾ, മലമ്പാമ്പുകൾ തുടങ്ങിയ മൃഗങ്ങൾ ലംഗൂറുകളെ വേട്ടയാടാറുണ്ട്.