ലോകപരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി പോത്തൻകോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളാണിക്കൽ പാറയിൽ ഓർമ്മപച്ചത്തുരുത്തിന് തുടക്കമായി. ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ.സീമ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തിന്റെ നിലവിലെ ഭരണസമിതിയുടെ ഓർമ നിലനിർത്തി ഒരുക്കുന്ന ഓർമപച്ചത്തുരുത്തിൽ എല്ലാ പഞ്ചായത്തംഗങ്ങളും തൈകൾ നട്ടു. ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതി വ്യാപനത്തിന്റെ ഭാഗമായാണ് ഓർമപച്ചത്തുരുത്ത് സൃഷ്ടിക്കുന്നത്. സ്ഥലത്ത് നിലവിലുള്ള പച്ചത്തുരുത്തിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങളും നടത്തി.
ചടങ്ങിൽ പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്. അനില്‍കുമാര്‍ അദ്ധ്യക്ഷനായി. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഒരു കോടി തൈകൾ നട്ട് സംഘടിപ്പിക്കുന്ന ഒരു തൈ നടാം ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിൻ ലോഗോ പ്രശസ്ത സസ്യശാസ്ത്രജ്ഞൻ ഇ.കുഞ്ഞികൃഷ്ണൻ പ്രകാശനം ചെയ്തു. തൊഴിലുറപ്പ് അംഗങ്ങളായ ഗൗരികുട്ടി,മീനു എന്നിവർ ഏറ്റുവാങ്ങി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത ടീച്ചർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അനിൽകുമാർ, അഭിൻ ദാസ്, ഷാഹിദാ ബീവി, ശശികല, ഹരിതകേരളം മിഷൻ ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
CONTNT HIGH LIGHTS;The beginning of the Ormapachathurut in Vellanikkal Rock