Entertainment

ബാഹുബലി രണ്ട് ഭാഗവും വീണ്ടും തിയറ്ററുകളിലേക്ക്…

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി: ദ ബിഗിനിങ്. 2017 ഏപ്രില്‍ 28 ന് ആയിരുന്നു രണ്ടാം ഭാഗമായ ബാഹുബലി ദി കണ്‍ക്ലൂഷന്‍റെ റിലീസ്. പ്രഭാസ്, റാണ ദഗ്ഗുബാട്ടി, തമന്ന ഭാട്ടിയ ,അനുഷ്ക ഷെട്ടി തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സത്യരാജ്, നാസർ, രമ്യ കൃഷ്ണൻ ,തുടങ്ങിയവരും അതിമനോഹരമായി അഭിനയിച്ചു. ഇപ്പോഴിതാ ബാഹുബലി രണ്ട് ഭാഗവും വീണ്ടും തിയറ്ററുകളിലേക്ക്.

തെലുങ്ക് സിനിമയെ ബാഹുബലിക്ക് മുന്‍പും ശേഷവും എന്ന് വിലയിരുത്തുന്നതില്‍ തെറ്റില്ല. ടോളിവുഡിനെ ഇന്ത്യ മുഴുവനുമുള്ള ബഹുഭാഷാ പ്രേക്ഷകരിലേക്ക് എത്തിച്ച ഫ്രാഞ്ചൈസിയാണ് അത്. തെലുങ്ക് സിനിമയ്ക്കും മൊത്തത്തില്‍ തെന്നിന്ത്യന്‍ സിനിമയ്ക്കും എന്തൊക്കെ സാധിക്കുമെന്ന് തെളിയിച്ചുകൊടുത്ത ചിത്രം. ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ അതൊരു സാധാരണ റീ റിലീസ് ആയിരിക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ബാഹുബലി പലയാവര്‍ത്തി കണ്ടവരെപ്പോലും വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കാന്‍ ഉതകുന്ന ഒരു സ്ട്രാറ്റജിയാണ് അണിയറക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ സിനിമയില്‍ പുതുമയുമാണ് അത്.

രണ്ട് ഭാഗങ്ങള്‍ പ്രത്യേകം പ്രത്യേകമല്ല, മറിച്ച് റീ എഡിറ്റ് ചെയ്ത് ഒറ്റ ചിത്രമായാവും ബാഹുബലി തിയറ്ററുകളില്‍ എത്തുകയെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് ചിത്രങ്ങളിലെയും പ്രധാന രംഗങ്ങളൊക്കെ ഉള്‍പ്പെടുത്തി ഉള്ളതായിരിക്കും റീ റിലീസിന് എത്തുന്ന ഒറ്റ ചിത്രം. ഇന്ത്യന്‍ സിനിമയിലെ മറ്റ് ജനപ്രിയ ഫ്രാഞ്ചൈസികള്‍ക്കും ഒരു പുതിയ റീ റിലീസ് മാതൃക സൃഷ്ടിക്കുകയാണ് ഇതിലൂടെ ബാഹുബലി നിര്‍മ്മാതാക്കള്‍. ഭാവിയില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഇത്തരത്തില്‍ റീ റിലീസ് ചെയ്യപ്പെട്ടേക്കാം.

2015 ജൂലൈ 10 നാണ് ബാഹുബലി ദി ബിഗിനിംഗ് തിയറ്ററുകളില്‍ എത്തിയത്. അതുവരെ തെലുങ്ക് ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തി കണ്ടിട്ടില്ലാത്ത മറുഭാഷാ പ്രേക്ഷകരെയും ചിത്രം തിയറ്ററുകളില്‍ എത്തിച്ചു. എസ് എസ് രാജമൗലിയും പ്രഭാസും റാണ ദഗുബാട്ടിയും അടക്കമുള്ളവര്‍ ഇന്ത്യ ഒട്ടുക്കുമുള്ള സിനിമാപ്രേമികളുടെ പ്രിയം നേടി. എന്തിന്, പാന്‍- ഇന്ത്യന്‍ എന്ന പ്രയോഗം പോലും സാധാരണമായത് ബാഹുബലിക്ക് പിന്നാലെയാണ്. ഈ ചിത്രത്തോടെ രാജമൗലി ഇന്ത്യയിലെ ടോപ്പ് ഡയറക്ടര്‍മാരില്‍ മുന്‍നിരക്കാരനായി മാറി. പ്രഭാസ് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരില്‍ ഒരാളും.

ബാഹുബലിയുടെ വന്‍ വിജയത്തിനാല്‍ അത്രത്തോളം പ്രീ റിലീസ് ഹൈപ്പുമായാണ് ബാഹുബലി 2 എത്തിയത്. രണ്ട് ഭാഗങ്ങളും ചേര്‍ന്ന് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 2460 കോടി രൂപയാണ്.