ന്യൂഡൽഹി: ഹിമാലയത്തിന്റെ ഭംഗി ആസ്വദിച്ച് കാശ്മീർ താഴ്വരയെ കണ്ടറിഞ്ഞ് ഒരു ട്രെയിൻ യാത്ര. ആകാശപ്പൊക്കങ്ങളിലെ സ്വപ്നം യാഥാർഥ്യമാക്കി കശ്മീർ താഴ്‌വര ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ഇന്നു റെയിൽവേ ലൈൻ വഴി ‘കണക്ട്’ ആകുന്നു. ലോകത്തെ ഏറ്റവും ഉയരമേറിയ ആർച്ച് റെയിൽ പാലം ജമ്മുകശ്മീരിൽ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ആദ്യത്തെ കേബിൾ നിർമ്മിത പാലമാണ് ചെനാബിൽ രാജ്യത്തിനായി സമർപ്പിക്കുന്നത്.
ജമ്മു കാശ്മീരിന്റെ ടൂറിസം മേഖലയ്ക്ക് പുതിയ വാതായനങ്ങൾ തുറക്കുകയാണ് ഇന്ത്യ. സമുദ്രനിരപ്പിൽ നിന്ന് 856 മീറ്റർ ഉയരത്തിൽ ഇന്ത്യ തീർത്ത വിസ്മയം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമ്മാനിക്കുകയാണ്. ഉധംപുർ-ശ്രീനഗർ-ബാരാമുള്ള താഴ്‌വരകളെ ബന്ധിപ്പിച്ചുകൊണ്ട് 1.10 കിലോമീറ്റർ ദൈർഘ്യത്തിലാണ് ചെനാബ് നദിക്ക് മുകളിലൂടെ ഇന്ത്യൻ റെയിൽവേ പാലം നിർമിച്ചിരിക്കുന്നത്.
110 കിലോമീറ്റർ വേഗത്തിൽ തീവണ്ടികൾ ഓടിക്കാവുന്ന പാലത്തിന് 120 വർഷത്തെ ആയുസ്സാണ് പറഞ്ഞിട്ടുള്ളത് . എട്ടുവർഷംകൊണ്ട് 400ലധികം ജീവനക്കാരുടെ കഠിനപ്രയത്‌നത്തിന്റെ സാക്ഷാത്കാരമാണ് ചെനാബ് ആർച്ച് റെയിൽപാലം. ഇന്ത്യ പാക്ക് സംഘർഷ സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് കമ്മീഷനിങ് ചടങ്ങുകൾ നടക്കുക. രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ്സുകളും പ്രധാനമന്ത്രി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും.
















