ഇടുക്കി: ഓണക്കാലത്ത് മലകയറിയെത്തുന്ന സഞ്ചാരികളെ വരവേൽക്കാൻ മൂന്നാറിൽ നീലക്കുറിഞ്ഞി വസന്തമൊരുങ്ങുന്നു. ഇത്തവണ പച്ചപ്പുനിറഞ്ഞ മലനിരകൾക്കൊപ്പം നീലക്കുറിഞ്ഞിയുടെ മനോഹര ദൃശ്യങ്ങൾ കൂടിയാകും മൂന്നാറിന്റെ പ്രധാന ആകർഷണം. മൂന്നാർ ഇക്കാനഗർ മലഞ്ചെരുവുകളിലും നല്ലതണ്ണി റോഡ് മേഖലയിലുമാണ് നിലവിൽ കുറിഞ്ഞി പൂത്തുതുടങ്ങിയിരിക്കുന്നത്.പന്ത്രണ്ട് വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന നീലക്കുറിഞ്ഞി ഇത്തവണ ഇരവികുളം ദേശീയ ഉദ്യാനത്തിന് പുറത്തുള്ള ചൊക്രമുടി മലനിരകൾ അടക്കമുള്ള പ്രദേശങ്ങളിലാണ് പ്രധാനമായും വസന്തമൊരുക്കുന്നത്. ഓണാവധി ആഘോഷിക്കാൻ ഇടുക്കിയിലേക്ക് ചുരം കയറിയെത്തുന്ന സഞ്ചാരികൾക്ക് ഏറെ ആവേശം പകരുന്ന വാർത്തയാണിത്.
മൂന്നാറിന്റെ പച്ചപ്പിന് മാറ്റുകൂട്ടാൻ നീല വസന്തം കൂടി എത്തിയതോടെ വരും ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ മൂന്നാറിലെ മൺസൂൺ കാഴ്ചകളിൽ നിന്ന് സഞ്ചാരികളെ അല്പം അകറ്റിനിർത്തിയിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥ മാറി കുറിഞ്ഞി പൂത്തു തുടങ്ങിയതോടെ നീലക്കടലായി മാറുന്ന കാഴ്ചകൾ കാണാൻ ധാരാളം ആളുകൾ ഇവിടേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















