നിയമസഭയില്‍ ചാനല്‍ ചര്‍ച്ചാ തൊഴിലാളിയെപ്പോലെ സംസാരിക്കരുതെന്ന് പ്രതിപക്ഷത്തെ രാഹുല്‍ മാങ്കൂട്ടത്തെയും, മറ്റുള്ളവരെയും ഓര്‍മ്മിപ്പിക്കുന്നവരാണ് ട്രഷറിബെഞ്ചിലെ മന്ത്രിമാര്‍ അടക്കമുള്ളവര്‍. എന്നാല്‍, നിയമസഭയ്ക്കുള്ളിലെ വിഷയങ്ങള്‍ ചാലന്‍ ചര്‍ച്ചയിലും സോഷ്യല്‍ മീഡിയകളിലും സംസാരിക്കുകയും പോസ്റ്റു ചെയ്യുകയും ചെയ്യുന്നതില്‍ ഭരണപക്ഷ എം.എല്‍.എമാര്‍ ഒട്ടും പിന്നിലല്ല എന്നതാണ് വസ്തുത. ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. മാറിയ കാലഘട്ടത്തിനനുസരിച്ചുള്ള പ്രചാരണ മാറ്റവും ഇടതുപക്ഷത്തിനെ പിടിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിലും ഇതുണ്ടാകണം എന്നു കണ്ടാണ് സ്വകാര്യ സര്‍വ്വകലാശാല നിയമം നിയമസഭ പാസാക്കിയതും. കഴിഞ്ഞ ദിവസമാണ് നിയമം പാസായത്. എന്നാല്‍, അതിനു മുമ്പ് ഉന്നത വിദ്യാഭ്യാസമന്ത്രി ബില്‍ അവതരിപ്പിച്ച്, പൊതുചര്‍ച്ചയക്കു വെച്ചപ്പോള്‍ ഭരണപക്ഷത്തു നിന്നുള്ള പ്രൊഫസറും മുന്‍ മന്ത്രിയുമായ കെ.ടി ജലീല്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ വരുന്നതിനെ കുറിച്ചും, അനിന്റെ മേന്മയെ കുറിച്ചുമൊക്കെ വാചാലനായി. ചര്‍ച്ചയക്ക് അനുവദിച്ചിരുന്ന പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ മുതല്‍ ചെയറിലുണ്ടായിരുന്ന സ്പീക്കര്‍ എ.എന്‍. ഷംസീര്‍, പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍, ജലീല്‍ സ്പീക്കറെപ്പോലും നോക്കാതെ പ്രതിപക്ഷത്തെ നോക്കിയായിരുന്നു സംസാരിച്ചത്. ഇടയ്ക്കിടയ്ക്ക് ഷംസീര്‍ പ്രസംഗം കണ്‍ക്ലൂഡ് ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ജലീല്‍ അത് കേള്‍ക്കാത്ത ഭാവത്തില്‍ പ്രസംഗം തുടര്‍ന്നു. ഇത് ഷംസീറിനെ പുച്ഛിക്കുന്നതു പോലെ തോന്നുന്ന ഘട്ടം വരെയെത്തി. പ്രസംഗം 17 മിനിട്ട് പിന്നിട്ടതോടെ സ്പീക്കര്‍ ജലീലിന് അനുവദിച്ചിരുന്ന മൈക്ക് ഓഫ് ചെയ്യുകയും അടുത്ത അംഗത്തെ ചര്ച്ചയക്കു ക്ഷണിക്കുകയും ചെയ്തു. തുടര്‍ന്ന് മൈക്ക് ഓഫ് ചെയ്തതിന് ജലീലും, സ്പീക്കര്‍ പറഞ്ഞിട്ടും കേള്‍ക്കാത്തതിന് ഷംസീറും പരസ്പരം വാക്കേറ്റമായി.
വാക്കറ്റം എന്നതിനപ്പുറം അതിന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ് ഇപ്പോള്‍. നിയമസഭയിലെ സ്പീക്കറുടെ നടപടിയെ വിമര്‍ശിക്കുന്ന തരത്തില്‍ കെ.ടി. ജലീല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിപ്പ് ഇട്ടതോടെയാണ് സ്പീക്കറും ജലീലും തമ്മിലുള്ള തര്‍ക്കം പൊതു ഇടത്തിലേക്ക് എത്തുന്നത്. നിയമസഭ സ്പീക്കറുടെ അധികാര പരിധിക്കുള്ളിലാണെങ്കില്‍ സോഷ്യല്‍ മീഡിയ ആരുടെയും കുത്തകയല്ല എന്നതാണ് ഇതിലൂടെ ജലീല്‍ കാണിച്ചു കൊടുക്കുന്നത്. നിയമസഭയില്‍ പ്രസംഗിക്കുമ്പോള്‍ മൈക്ക് ഓഫ് ചെയ്യാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ട്. പക്ഷെ, സോഷ്യല്‍ മീഡിയയില്‍ ആ അധികാരം സ്പീക്കര്‍ക്കില്ല.
അതുകൊണ്ട് നിയമസഭയിലെ സ്പീക്കറുടെ നടപടിയെ തുറന്നു കാട്ടുന്ന തരത്തിലാണ് ജലീലിന്റെ ഈ പോസ്റ്റിനെ വിലയിരുത്തുന്നത്. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞു വന്നപ്പോള്‍ സമയം അല്പം നീണ്ടു പോയെന്നും അതൊരു ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂവെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ലീഗ് കോട്ടയായ മലപ്പുറത്ത് നിന്നാണല്ലോ തുടര്‍ച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അല്പം ‘ഉശിര്’ കൂടും.
അത് പക്ഷെ, ‘മക്കയില്‍’ ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ലെന്നും കെ.ടി. ജലീല്‍ എഫ്.ബി. പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. അതേസമയം, എഫ്.ബി പോസ്റ്റില്‍ സ്പീക്കറുടെ പേര് പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍, സഭയില്‍ നടത്തിയ പ്രസംഗത്തിന്റെയും സ്പീക്കര്‍ പ്രസംഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നതിന്റെയും വിഡിയോയും പോസ്റ്റില്‍ ജലീല്‍ പങ്കുവെച്ചിട്ടുണ്ട്.
- കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സ്വകാര്യ സര്‍വകലാശാലാ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് കഴിഞ്ഞ ദിവസം നിയമസഭയില്‍ ചെയ്ത പ്രസംഗമാണ് താഴെ. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞു വന്നപ്പോള്‍ സമയം അല്പം നീണ്ടു പോയി. അതൊരു ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂ. ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണല്ലോ തുടര്‍ച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അല്പം ‘ഉശിര്” കൂടും. അത് പക്ഷെ, ‘മക്കയില്‍’ ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല.
സ്വകാര്യ സര്‍വ്വകലാശാല ബില്ലിന്മേല് മറ്റാരെക്കാലും തനിക്ക് സംസാരിക്കാന്‍ അര്‍ഹതകയുണ്ടെന്ന രീതിയിലായിരുന്നു ജലീലിന്റെ പ്രസംഗം. പ്രൊഫസര്‍ എന്ന നിലയില്‍ പ്രതിപക്ഷത്തെ ബില്ലിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ തനിക്കു കഴിയുമെന്ന രീതിയിലായിരുന്നു സംസാരം. എന്നാല്‍, സമയം അതിക്രമിച്ചതോടെ സ്പീക്കര്‍ സഹകരിക്കാനും, പ്രസംഗം നിര്‍ത്താനും ശബ്ം ഉര്‍ത്തി തന്നെ ആവശ്യപ്പെട്ടു. അപ്പോഴും നിര്‍ത്താന്‍ തയ്യാറാകാതെ വന്നതോടെ ഇകെ വിജയനെ പ്രസംഗിക്കാന്‍ വിളിക്കുകയായിരുന്നു. തുടര്‍ന്നാണ് മൈക്ക് ഓഫ് ചെയ്തത്. ബില്ലില്‍ വിയോജനക്കുറിപ്പ് നല്കിയ പ്രതിപക്ഷത്തെ മൂന്ന് അംഗങ്ങളും പ്രസംഗം പത്ത് മിനിറ്റില്‍ അവസാനിപ്പിച്ച് സഹകരിച്ചതായി ചെയര്‍ ചൂണ്ടിക്കാട്ടി. പ്രസംഗം നിര്‍ത്താതെ വന്നതോടെ, സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്യുകയും തുടര്‍ന്ന് സംസാരിക്കേണ്ട ഇ.കെ. വിജയനെ ക്ഷണിക്കുകയും ചെയ്തു.
ഇത് വകവെക്കാതെ ജലീല്‍ മൈക്കില്ലാതെ പ്രസംഗം തുടര്‍ന്നതോടെ, സ്പീക്കര്‍ രൂക്ഷ വിമര്‍ശനം നടത്തി. ചെയറിനോട് കാണിക്കേണ്ട മര്യാദ ജലീല്‍ കാണിച്ചില്ല. ജലീല്‍ കാണിച്ചത് ധിക്കാരമാണെന്നും സ്പീക്കര്‍ പറഞ്ഞു. ചെയര്‍ കാണിച്ചത് ശരിയല്ലെന്ന് ജലീലും പറഞ്ഞു. ഒരുപാട് തവണ പറഞ്ഞിട്ടും ചെയറിനെ ധിക്കരിക്കുകയായിരുന്നെന്നും ജലീലിന് സഭയില്‍ പ്രത്യേക പ്രിവിലേജില്ലെന്നും സ്പീക്കര്‍ തിരിച്ചടിച്ചു.
- എ.എന്‍. ഷംസീര്‍ നിയമസഭയില്‍ ജലീലിനോട് പറഞ്ഞത് ?
ചെ.യര്‍ ഒരുപാട് തവണ റിക്വസ്റ്റ് ചെയ്തു. നോ,നോ,നോ ഇവിടെ ബില്ലിനെ എതിര്‍ത്ത് സംസാരിക്കാന്‍ നോട്ടീസ് തന്നവര്‍ സഹകരിച്ചു. താങ്കള്‍ കാണിക്കുന്നത് ധിക്കാരമാണ്. അത് അംഗീകരിക്കാനാവില്ല. ബില്ലിലെ കാര്യം ഒരുപാട് തവണ പറഞ്ഞല്ലോ. ശരിയല്ല, അങ്ങയുടേതാണ് ശരിയല്ലാത്ത രീതി. അങ്ങാണ് ചെയറിനെ റെസ്പെക്ട് ചെയ്യാത്തത്. ഇതെന്തായിലും തരാന്‍ പറ്റില്ല. ഒരു പാടു തവണ അങ്ങയോടു പറഞ്ഞു. ഒരു പാടു തവണ അങ്ങയോടു റിക്വസ്റ്റ് ചെയ്തു. ചെയറിനോട് കാണിക്കേണ്ട ഒരു ജെന്റില്‍നെസ്സുണ്ട്. അത് അങ്ങ് കാണിച്ചില്ല. കെ.ടി. ജലീലിന് പ്രത്യേക പ്രിവിലേജ് ഒന്നുമില്ല സഭയ്ക്കകത്ത്. എല്ലാ അംഗങ്ങള്‍ക്കും നല്കുന്ന അതേ സമയം അങ്ങേയ്ക്കും നല്കി. എന്നാല്‍, അങ്ങ് അത് തിരിച്ചു ചെയ്തില്ലെന്നും സ്പീക്കര്‍ എം.എന്‍. ഷംസീര്‍ പറഞ്ഞു.
സ്പീക്കര്‍. ഇ.കെ വിജയനെ സംസാരിക്കാന്‍ വിളിക്കുമ്പോഴും ജലീല്‍ സ്പീക്കറുമായി പൊരിഞ്ഞ തര്‍ക്കത്തിലായിരുന്നു. തുടര്‍ന്ന്, നിയമസഭയുടചെ അവസാന ദിവസം ബില്‍ നിയമമാവുമ്പോള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വലിയ തോതില്‍ തര്‍ക്കവും വെല്ലുവിളികളുമുണ്ടായി. രാഹുല്‍ മാങ്കൂട്ടത്തിനെതിരേ മന്ത്രി പറഞ്ഞത്, വെര്‍ബല്‍ ഡയേറിയ എന്നാണ്. ഇതിനെതിരേ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോവുകയും ചെയ്തു. തുടര്‍ന്നാണ് സ്വകാര്യ സര്‍വ്വകലാശാല ബില്‍ നിയമമാക്കിയത്.
CONTENT HIGH LIGHTS; If defeated in the assembly, it will be on social media: Speaker A.N. Shamseer and KT. Jaleel MLA are in a public fight; Jaleel says he will show it on social media if the Speaker is defeated in the assembly?