ഉച്ചയ്ക്ക് ഊണിനൊപ്പം കഴിക്കാൻ ഒരുഗ്രൻ മീൻകറി വെച്ചാലോ? ഒരു സ്പെഷ്യൽ മീൻകറി. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- മീൻ – 1 കിലോ
- ഇഞ്ചി – ഒരു കഷ്ണം
- വെളുത്തുള്ളി – 150 ഗ്രാം
- കുടം പുളി
- മുളക് പൊടി – 4 സ്പൂൺ
- കാശ്മീരി മുളക് പൊടി – 4 സ്പൂൺ
- മഞ്ഞൾ പൊടി – 1 സ്പൂൺ
- വെളിച്ചെണ്ണ – 50 ഗ്രാം
- കടുക് – 1 സ്പൂൺ
- ഉണക്ക മുളക് – 4 എണ്ണം
- വേപ്പില – 6 തണ്ട്
- ഉലുവ പൊടി – 1/4 ടീ സ്പൂൺ
- കായ പൊടി – 1/4 ടീ സ്പൂൺ
തയ്യാറാക്കുന്ന വിധം
മീൻ കഴുകി ചെറിയ കഷ്ണങ്ങളാക്കി നന്നായി വൃത്തിയാക്കി വെക്കുക. ദശയുള്ള ഏത് മീൻ വേണമെങ്കിലും ഈ ഒരു കറിക്ക് നമുക്ക് ഉപയോഗിക്കാം. അടുത്തതായി ഒരു പാത്രത്തിൽ കുടംപുളി ഇട്ട് കൂടെ തന്നെ വെള്ളം ഒഴിച്ച് നന്നായി തിളപ്പിച്ച് മാറ്റിവെക്കുക. നമ്മൾ മീൻ കറി ഉണ്ടാക്കാൻ പോകുന്ന ചട്ടി ഒന്ന് ചൂടാക്കി അതും മാറ്റിവെക്കുക. ഒരു ബൗളിലേക്ക് മുളകുപൊടിയും കാശ്മീരി മുളകുപൊടിയും മഞ്ഞൾപ്പൊടിയും കൂടിയിട്ട് പുളി വെള്ളത്തിൽ നിന്ന് ചൂടോടെ രണ്ട് കപ്പ് പുളി വെള്ളം കൂടി ഒഴിച്ച് നന്നായി മിക്സ് ചെയ്ത് മാറ്റിവയ്ക്കുക.
ഒരു പാൻ വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കുക. ശേഷം ഇതിലേക്ക് വേപ്പിലയും ഉണക്കമുളകും കൂടി ഇടുക. വെളുത്തുള്ളി ചതച്ചതും ഇഞ്ചി ചതച്ചതും കൂടിയിട്ട് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് നമ്മൾ നേരത്തെ മാറ്റിവെച്ച മുളകുപൊടി നനച്ചത് ഒഴിച്ചു കൊടുക്കുക. ശേഷം ഇതെല്ലാം കൂടി നന്നായി വഴറ്റിയെടുക്കുക. വെള്ളമെല്ലാം വറ്റി പൊടികൾ പാനിൽ നിന്ന് വിട്ട് കിട്ടുന്ന ഒരു രൂപത്തിൽ എത്തിക്കുക. ഇതിലേക്ക് അല്പം ഉലുവപ്പൊടിയും കായപ്പൊടിയും കൂടി ചേർക്കുക. കുറച്ചുനേരം തിളപ്പിച്ച് കറി കുറുക്കി എടുക്കുക.
നേരത്തെ നമ്മൾ ചൂടാക്കി മാറ്റിവെച്ച ചട്ടിയെടുത്ത് അടുപ്പിൽ ചെറിയ തീയിൽ വെച്ച് ഉണ്ടാക്കി വെച്ചിരിക്കുന്ന മീൻ കറിയുടെ ചാറിൽ നിന്നും കുറച്ച് ഒഴിച്ചു കൊടുക്കുക. അതിനുമുകളിലേക്ക് ആയി രണ്ട് തണ്ട് വേപ്പില വെച്ചു കൊടുക്കുക. ഇതിലേക്ക് കുറച്ച് മീൻകഷ്ണങ്ങൾ നിരത്തി വെക്കുക. വീണ്ടും നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന മീൻ കറി ഒഴിച്ചു കൊടുക്കുക. ശേഷം അതിനു മുകളിലേക്ക് കറിവേപ്പില വീണ്ടും വെച്ചു കൊടുക്കുക. ഇതുപോലെ തന്നെ ബാക്കിയുള്ള മീൻകറിയും മീൻ കഷണങ്ങളും കൂടി മുകളിലായി നിരത്തി വച്ചുകൊടുക്കുക കൊടുക്കുക. ഇനി ഈ മീൻ കറി ഒരു 10 മിനിറ്റ് ചെറിയ തീയിൽ അടച്ചുവച്ച് വേവിച്ചെടുത്താൽ മീൻ കറി റെഡി.