മുല്ലപ്പള്ളി മാധ്യമങ്ങളോട് ദേഷ്യപ്പെട്ടത് ചിന്തന്‍ ശിബിരത്തെക്കുറിച്ചുള്ള ചോദ്യത്തിനോ?

google news
10

കോണ്‍ഗ്രസിന് പുതിയ ദിശാബോധവും സംഘടനാ മികവും നല്‍കുക എന്ന ലക്ഷ്യത്തില്‍ കെപിസിസി സംഘടിപ്പിച്ച ചിന്തന്‍ ശിബിര്‍ സമ്മേളനം ഇന്നലെയാണ് സമാപിച്ചത്. ദ്വിദിന സമ്മേളനം നടന്നത് കോഴിക്കോട് ബീച്ചിലെ ആസ്പിന്‍ കോര്‍ട്ട് യാര്‍ഡിലാണ്. അതിനിടെ മുതിര്‍ന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും പരിപാടിയില്‍ നിന്ന് വിട്ടു നിന്നത് വാര്‍ത്തയായായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലും പ്രചാരണം സജീവമാണ്. 'കോഴിക്കോട്ടെ ചിന്തന്‍ ചിവിരത്തിനു പോയീലേന്ന് ചോദിച്ചു അയിനാണ് ഈ ചൂടാവുന്നത് ' എന്നുള്ള കുറിപ്പിനൊപ്പമാണ് പോസ്റ്റർ പ്രചരിക്കുന്നത്. എന്നാല്‍, പ്രചരിക്കുന്ന വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ വീഡിയോ കോഴിക്കോട് നടന്ന ചിന്തന്‍ ശിബിരവുമായി ബന്ധപ്പെട്ടതല്ല. പ്രചരിക്കുന്ന വീഡിയോയില്‍ മുല്ലപ്പള്ളി അല്‍പം പരുഷമായി സംസാരിക്കുന്നതാണ് കേള്‍ക്കാനാകുന്നത്. ' Please dont proceed with that, please stop it. നിങ്ങള്‍ അതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കണ്ട. നിങ്ങള്‍ക്ക് എന്തെല്ലാം കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. ഒരു ഉത്തരവാദിത്തപ്പെട്ട ജോര്‍ണലിസ്റ്റ് അല്ലേ, ചുമ്മാ ആവശ്യമില്ലാത്ത കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ട്, ആര്‍ക്ക് വേണ്ടിയിട്ടാണ് നിങ്ങള്‍ വന്നിരിക്കുന്നത് ' എന്നാണ് മുല്ലപ്പള്ളി പറയുന്നത്. 

1

ഇക്കാര്യത്തെ പറ്റി അന്വേഷിക്കുന്നതിന് മുല്ലപ്പള്ളി, കോഴിക്കോട് ചിന്തന്‍ ശിബിരത്തെക്കുറിച്ച് പ്രതികരിക്കുന്ന വീഡിയോ ആദ്യം പരിശോദിച്ചു. ഇതുമായി ബന്ധപ്പെട്ട് മീഡിയ വണ്‍ ചാനലില്‍ വന്ന മുല്ലപ്പള്ളിയുടെ പ്രതികരണം ലഭ്യമായി. ആറു മിനിട്ട് 21 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ അദ്ദേഹം ക്ഷുഭിതനായി സംസാരിക്കുന്നില്ല എന്ന കാര്യം വ്യക്തമായി. 'ഞാന്‍ കളിച്ചു നടന്ന, എന്റെ വീടുപോലുള്ള കോഴിക്കോട് നടന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനാവാത്തതില്‍ അതീവ ദുഃഖമുണ്ട്. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് ഞാന്‍. മാദ്ധ്യമങ്ങളോട് അല്ല, പാര്‍ട്ടി അദ്ധ്യക്ഷയോടാണ് കാര്യങ്ങള്‍ വ്യക്തമാക്കുക. നിരവധി ഗൗരവമുള്ള വിഷയങ്ങളാണ് കോഴിക്കോട്ടെ ചിന്തന്‍ ശിബിരത്തില്‍ ചര്‍ച്ച ചെയ്തത്. 

2024ലേക്കുള്ള കോണ്‍ഗ്രസിന്റെ റോഡ്മാപ്പ് തയ്യാറാക്കുന്ന പരിപാടിയായിരുന്നു അത്. കോഴിക്കോട് ഡിസിസി അദ്ധ്യക്ഷന്‍ എന്നെ പരിപാടിയ്ക്ക് ക്ഷണിച്ചിട്ടുണ്ടായിരുന്നു. ഒരു നേതാക്കളോടും പ്രവര്‍ത്തകരോടും എനിക്ക് വൈരാഗ്യമില്ല. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം വാസ്തവ വിരുദ്ധമാണ്. ബാക്കി കാര്യങ്ങളൊന്നും ഇപ്പോള്‍ പറയുന്നില്ല.' എന്നു തുടങ്ങുന്ന പ്രതികരണം വളരെ ശാന്തനായാണ് മുല്ലപ്പള്ളി നല്‍കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ നിരവധി കാര്യങ്ങള്‍ ചോദിച്ചെങ്കിലും ഒന്നിനോടും അദ്ദേഹം ദേഷ്യത്തോടെ സംസാരിക്കുന്നില്ല എന്നു വ്യക്തമാണ്. അതായത്, ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ കോഴിക്കോട് ചിന്തന്‍ ശിബിരവുമായി ബന്ധപ്പെട്ടുള്ള മുല്ലപ്പള്ളിയുടെ പ്രതികരണമല്ലെന്ന് വ്യക്തമായി. 

Tags