മസ്കത്ത്: ലോകകപ്പ് യോഗ്യതയുടെ രണ്ടാം മത്സരത്തിനായി കിർഗിസ്താനിലെത്തിയ ഒമാൻ പരിശീലനം തുടങ്ങി. രാവിലെയും വൈകീട്ടുമായി കോച്ച് ബ്രാങ്കോ ഇവോകോവിച്ചിന്റെ നേതൃത്വത്തിൽ ഊർജിതമായ പരിശീലനം ബിഷ്കെക്കിലാണ് നടന്നുവരുന്നത്. കഴിഞ്ഞ ദിവസമാണ് ടീം മസ്കത്തിൽനിന്നും കിർഗിസ്താനിലെത്തിയത്. കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനാണ് മത്സരത്തിന് നാലുദിവസം മുമ്പേ കിർഗിസ്താനിലെത്തിയത്. നിലവിൽ കിർഗിസ്താനിൽ നല്ല തണുത്ത കാലാവസ്ഥയാണ്. ചൊവ്വാഴ്ചയാണ് ആതിഥേയരുമായുള്ള മത്സരം. കിർഗിസ്താനിലെ സ്പാർട്ടക്ക് സ്റ്റേഡിയത്തിൽ വൈകീട്ട് ആറിനാണ് കളി.
ആദ്യമത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസവുമായിട്ടായിരിക്കും റെഡ് വാരിയേഴ്സ് കളത്തിലിറങ്ങുക. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ ചൈനീസ് തായിപേയിയെ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ഒമാൻ തകർത്തത്. ഇതോടെ ഗ്രൂപ് ഡിയിൽ വിലപ്പെട്ട മൂന്ന് പോയന്റും റെഡ്വാരിയേഴ്സ് സ്വന്തമാക്കി. ഇരുപകുതികളിലായി ഉമർ അൽമാലിക്കി, അഹമ്മദ് അൽകാബി, മത്താഹ് സലേഹ് എന്നിവരായിരുന്നു ഒമാന് വേണ്ടി ഗോൾ നേടിയത്. രണ്ടം മത്സരത്തിലും മികച്ച വിജയം സ്വന്തമാക്കി മുന്നോട്ടുള്ള പോക്കിന് ആത്മവിശ്വാസം വർധിപ്പിക്കാനായിരിക്കും ഒമാൻ ശ്രമിക്കുക. അതേസമയം, ആദ്യ മത്സരത്തിൽ മലേഷ്യയോട് തോറ്റാണ് കിർഗിസ്താൻ വരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു