×

പലസ്തീൻകാർക്ക് വൈദ്യസഹായം: ആശുപത്രിക്കപ്പൽ പുറപ്പെട്ടു

google news
4219191-271217693

അബുദാബി ∙ ഇസ്രയേൽ-ഗാസ യുദ്ധത്തിൽ പരുക്കേറ്റ പലസ്തീൻകാർക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിന് ഒഴുകുന്ന ആശുപത്രി (ആശുപത്രി സംവിധാനമുള്ള കപ്പൽ) യുഎഇയിൽനിന്ന് പുറപ്പെട്ടു. ആശുപത്രിയാക്കി പുനർനിർമിച്ച കപ്പലിൽ 100 രോഗികളെ കിടത്തി ചികിത്സിക്കാം. 100 മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ കപ്പലിൽ ഉണ്ട്. ഈജിപ്തിലെ അൽ അരിഷ് തീരത്ത് നങ്കൂരമിട്ടായിരിക്കും പ്രവർത്തനം. 

അത്യാധുനിക സൗകര്യങ്ങളുള്ള ഓപ്പറേഷൻ റൂമുകൾ, തീവ്രപരിചരണ വിഭാഗം, ലബോറട്ടറി, ഫാർമസി, മെഡിക്കൽ വെയർഹൗസുകൾ എന്നിവയും കപ്പലിൽ ഒരുക്കിയിട്ടുണ്ട്. അനസ്തീസിയ, ജനറൽ സർജറി, ഓർത്തോപീഡിക്‌സ്, നഴ്സിങ്, എമർജൻസി കെയർ എന്നിവ ഉൾപ്പെടെ ഒട്ടേറെ സൗകര്യങ്ങളുള്ളതാണ് ആശുപത്രി.

രോഗികളെ കപ്പലിലേക്കും തിരിച്ചും എത്തിക്കുന്നതിന് ഒരു വിമാനവും ബോട്ടുകളും ആംബുലൻസും കപ്പലിലുണ്ട്. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം അബുദാബി ആരോഗ്യ വകുപ്പിന്റെയും അബുദാബി തുറമുഖ ഗ്രൂപ്പിന്റെയും പങ്കാളിത്തത്തോടെയാണ്  ഒഴുകുന്ന ആശുപത്രി ഒരുക്കിയത്.

കാരുണ്യക്കൈനീട്ടി യുഎഇ
യുദ്ധമുഖത്ത് മരണത്തോടു മല്ലടിക്കുന്ന ഗാസയിലെ ജനങ്ങളെ ജീവിതത്തിലേക്കു കൂട്ടിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി ഗ്യാലന്റ് നൈറ്റ്–3 എന്ന പേരിൽ ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങളാണ് യുഎഇ നടത്തിവരുന്നത്. പരുക്കേറ്റവരും അർബുദ ബാധിതരുമായ മൊത്തം 2000 കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയും യുഎഇയിൽ എത്തിച്ച് ചികിത്സിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇതിനകം 10 സംഘങ്ങളിലായി അറുനൂറോളം പേരെ അബുദാബിയിൽ എത്തിച്ച് ചികിത്സിച്ചുവരുന്നു. 

ഇതിനുപുറമെ ഗാസയിൽ യുഎഇ ആരംഭിച്ച 150 കിടക്കകളുള്ള ഫീൽഡ് ആശുപത്രിയിലൂടെ 3600ലേറെ പേർക്കു ചികിത്സ ലഭ്യമാക്കി. ഭക്ഷണം ഉൾപ്പെടെ ദുരിതാശ്വാസ വസ്തുക്കളും കുടിവെള്ളവും എത്തിച്ചുവരുന്നു. 4,500 ടൺ ഭക്ഷണം, മരുന്ന്, പാർപ്പിട സാമഗ്രികൾ, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള സഹായവുമായി യുഎഇ കപ്പൽ കഴിഞ്ഞ ദിവസം എത്തി. യുദ്ധത്തിൽ കനത്ത നാശനഷ്ടമുണ്ടായ ഗാസ പുനർനിർമിക്കുന്നതിന് യുഎഇ 50 ലക്ഷം ഡോളർ സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags