ലോകത്തിലെ ഏറ്റവും വലിയ ദ്വീപുരാഷ്ട്രമായ ഇന്തോനേഷ്യയിലെ 17000 ത്തോളം ചെറുദ്വീപുകളിലൊന്നിൽ ‘ദൈവങ്ങളുടെ ദ്വീപ്’ എന്നറിയപ്പെടുന്ന ഒരു കൊച്ചു ദ്വീപുണ്ട്- ബാലി. രാജ്യത്തെ ടൂറിസം ഹബ്ബായ ബാലി മികച്ച യാത്രാനുഭവങ്ങളാണ് ഒരുരുത്തർക്കും നൽകുന്നത്.
നമ്മുടെ കേരളവുമായി പല കാര്യങ്ങളിലും സാമ്യമുണ്ട് ബാലിക്ക്. ഒന്ന്, ചെറിയ സ്ഥലത്തെ വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ്. കടലും കാടും മലയുമെല്ലാം സമീപത്തായി സ്ഥിതി ചെയ്യുന്നു. മറ്റൊന്ന് ടൂറിസമാണ്. സാമ്പത്തിക വരുമാനത്തിന്റെ 80% ടൂറിസത്തിൽ നിന്നാണ് ലഭിക്കുന്നത്.
ക്വാലലംപൂർ വിമാനത്താവളം വഴിയാണ് ബാലിയിലേക്ക് മിക്ക വിമാനങ്ങളും സർവീസ് നടത്തുന്നത്. ഡെൻപസറാണ് പ്രധാന വിമാനത്താവളം. കടലിനോട് ചേർന്നാണ് ഡെൻപസർ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. കടൽത്തിരകളെ തൊട്ടുതൊട്ടില്ല എന്നപോലെ വിമാനം ഇവിടേക്ക് ലാൻഡ്‌ചെയ്യുന്ന കാഴ്ച മനോഹരമാണ്.
ബാലിയിൽ എന്തൊക്കെ കാണാം?
പ്രവേശന കവാടങ്ങൾ
ഒരു ഇന്ത്യൻ രൂപയ്ക്ക് ഏകദേശം 200 ഇൻഡോനേഷ്യൻ രൂപയോടടുത്ത് മൂല്യം ലഭിക്കും. രണ്ടായിരത്തിൽ തുടങ്ങി ഒരു ലക്ഷം രൂപയുടെ നോട്ട് വരെയുണ്ട്. വിമാനത്താവളത്തിന് പുറത്ത് കറസി എക്സ്ചേഞ്ച് സേവനം നൽകുന്ന നിരവധി കടകളുണ്ട്. എങ്കിലും വിനോദസഞ്ചാരകേന്ദ്രങ്ങൾക്കടുത്ത് കുറച്ചുകൂടി മെച്ചപ്പെട്ട വിനിമയനിരക്കുകൾ ലഭിക്കും.
ഇൻഡോ- ചൈനീസ് സംസ്കാരത്തിന്റെ ശക്തമായ സ്വാധീനം ഇവിടുത്തെ ആചാരാനുഷ്ടാനങ്ങളിലും, നിർമിതികളിലും ഒക്കെ കാണാം. മിക്ക വീടുകളിലും കുടുംബക്ഷേത്രങ്ങളുണ്ട്. പുര എന്നാണ് ഈ ക്ഷേത്രങ്ങൾ ഇവിടെ അറിയപ്പെടുന്നത്. പ്രധാന ജംക്‌ഷനുകളിലെല്ലാം രാമായണത്തിലെയും മഹാഭാരതത്തിലെയും സംഭവങ്ങൾ പ്രതിപാദിക്കുന്ന പ്രതിമകൾ കാണാം.
ഘടോത്കചനും കർണ്ണനും തമ്മിലുള്ള യുദ്ധം പ്രതിപാദിക്കുന്ന ശിൽപം. പ്രധാന ജംക്ഷനുകളിലെല്ലാം പുരാണത്തെ ആസ്പദമാക്കിയുള്ള ഇത്തരം പ്രതിമകൾ കാണാം.
ശിൽപ്പകല, വാസ്തു, നിർമാണവിദ്യ, കലാരൂപങ്ങൾ എന്നിവയിലെല്ലാം തനിമ നിലനിർത്തുന്നു ബാലി. ടൂറിസത്തിന്റെ പെട്ടെന്നുണ്ടായ വളർച്ചയോടെ റിയൽ എസ്റ്റേറ്റ് മേഖലയും ഇവിടെ സജീവമായി തുടങ്ങി. യാത്ര ചെയ്യുമ്പോൾ വഴിയരികിൽ ഉപഭോക്താക്കളെയും നിക്ഷേപകരെയും മാടിവിളിക്കുന്ന റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ ബോർഡുകൾ കാണാം.
പൊതുവെ വർഷത്തിലുടനീളം സുഖകരമായ കാലാവസ്ഥയാണ് ബാലിയിൽ. മാർച്ച് മുതൽ ഓഗസ്റ്റ് വരെയാണ് ടൂറിസ്റ്റ് സീസൺ. ബലിനീസും ഇന്തോനേഷ്യനുമാണ് പ്രധാന ഭാഷകൾ. തദ്ദേശീയർക്ക് പൊതുവെ ഇംഗ്ലീഷ് ഭാഷയിൽ അവഗാഹം കുറവാണ്. സഞ്ചാരസൗഹൃദ അന്തരീക്ഷമുള്ള നാടാണ് ഇൻഡോനേഷ്യ. തങ്ങളുടെ വേരുകൾ ഇന്ത്യയിൽ നിന്നായതുകൊണ്ടാകാം ഇന്ത്യക്കാരോട് പ്രത്യേക സ്നേഹമാണ് ബാലിക്കാർക്ക്.
കുട്ട എന്ന കടൽത്തീരവിനോദസഞ്ചാരകേന്ദ്രമാണ് ബാലിയിലെ ഒരു പ്രധാന ആകർഷണം. വിശാലമായ കടലോരമുള്ള മനോഹരമായ ബീച്ച്. ശക്തമായ കാറ്റും തിരമാലകളും നിരന്തരം ലഭിക്കുന്ന ബീച്ചിൽ സർഫിങ്, പാരാസെയിലിങ് അടക്കമുള്ള സാഹസികവിനോദങ്ങൾക്ക് സഞ്ചാരികൾ ധാരാളമായെത്തുന്നു.
കുട്ട ബീച്ച്
ഇരുട്ട് വീഴുന്നതോടെ ഇവിടമാകെ വർണവിളക്കുകളാൽ പ്രകാശഭരിതമാകും. ഡാൻസ് ബാറുകളും, പബ്ബുകളും, സംഗീത നിശകളും, രതിയും ഉന്മാദവുമൊക്കെയായി ഇവിടെ രാത്രിക്കെപ്പോഴും ചെറുപ്പമായിരിക്കും.
കുട്ടയിലെ ഒരു ഡാൻസ് ബാർ
കുട്ട പ്രദേശത്തിന് സമീപമാണ് പാണ്ഡവ ബീച്ച്. പുരാണത്തിലെ പഞ്ചപാണ്ഡവന്മാരുടെ സ്മരണാർഥമാണ് കടൽത്തീരത്തിനു ആ പേര് ലഭിച്ചത്. കേരളത്തിലെ വർക്കല കടൽത്തീരത്തിനു സമാനമായി ഒരു മലഞ്ചെരിവിന് സമീപമാണ് കടൽത്തീരം സ്ഥിതിചെയ്യുന്നത്. ഈ മലകളിൽ പാണ്ഡവന്മാരുടെയും കുന്തിയുടെയും പ്രതിഷ്ഠകൾ കൊത്തിവച്ചിട്ടുണ്ട്. വിശ്വാസികൾ ഇവിടെ പതിവായി പൂജകൾ അർപ്പിക്കുന്നു.
ബാലി ബേർഡ് പാർക്ക്
ബാലി ബേർഡ് പാർക്ക് പകരം വയ്ക്കാനാകാത്ത കാഴ്ചാനുഭവമാണ് സമ്മാനിക്കുക. സാധാരണ മൃഗശാലകളിൽ കാണുന്നതിൽനിന്നും വിഭിന്നമായി പക്ഷികൾ സർവസ്വതന്ത്രരായി ഇവിടെ വിഹരിക്കുന്നു, വളരെ ഇണക്കത്തോടെ മനുഷ്യരുമായി ഇടപഴകുന്നു. 250 ലേറെ ഇനങ്ങളിലായി ആയിരത്തിലേറെ പക്ഷികൾ ഇവിടെയുണ്ട്.
പാർക്കിൽ ഏറ്റവും തിരക്ക് ഫോട്ടോ പോയിന്റുകളിലാണ്. സന്ദർശകർക്ക് പക്ഷികളെ കയ്യിലും തോളിലുമൊക്കെ ഇരുത്തി ഫോട്ടോ എടുക്കാം. വളരെ ഇണക്കത്തോടെ പക്ഷികൾ പോസ് ചെയ്യാൻ ഇരുന്നുതരും. നിശ്ചിത സമയങ്ങളിൽ ബേർഡ് ഷോകളും ഇവിടെ സംഘടിപ്പിക്കുന്നു. പക്ഷികളുടെ അഭ്യാസ പ്രകടനങ്ങളും സന്ദർശകരെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്. ബാടുബുലാൻ എന്ന സ്ഥലത്ത് നാലര ഏക്കറിലായാണ് ബാലി ബേർഡ് പാർക്ക് സ്ഥിതി ചെയ്യുന്നത്. ഇതിനോട് ചേർന്നുതന്നെ ഉരഗങ്ങളുടെ പാർക്കും ഒരുക്കിയിട്ടുണ്ട്.
കടൽ ക്ഷേത്രങ്ങൾ
നൂറ്റാണ്ടുകൾ പഴക്കമുള്ള നിരവധി കടൽക്ഷേത്രങ്ങളുണ്ട് ബാലിയിൽ. ആകാശദൃശ്യത്തിൽ ഒരു ചരടിൽ കോർത്ത മാലപോലെയാണ് ഈ ക്ഷേത്രങ്ങൾ നിർമിച്ചിരിക്കുന്നത് എന്നാണ് ഗൈഡ് പറഞ്ഞത്. ഈ ക്ഷേത്രങ്ങളുടെ അടിത്തട്ടിൽ വസിക്കുന്ന വിഷപ്പാമ്പുകൾ ശത്രുക്കളിൽ നിന്നും ദുരാത്മാക്കളിൽനിന്നും ദ്വീപിനെ കാക്കുന്നു എന്നാണ് വിശ്വാസം. കടലിനെ അഭിമുഖീകരിക്കുന്ന 70 മീറ്റർ ഉയരമുള്ള കിഴുക്കാംതൂക്കായ മലഞ്ചെരിവിലാണ് 11-ാം നൂറ്റാണ്ടിൽ നിർമിച്ച ഉലുവാറ്റു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഉലുവാറ്റു ക്ഷേത്രം
ഇവിടെ നിന്നുള്ള കടലിന്റെ വിശാലമായ കാഴ്ച അതിമനോഹരമാണ്. ഉലുവാറ്റു ക്ഷേത്രത്തിനു സമീപമാണ് പതങ് പതാങ് ബീച്ച്. ചുണ്ണാമ്പുകല്ലിൽ വെട്ടിയെടുത്ത ഒരു ഗുഹയിലൂടെയാണ് ബീച്ചിലേക്ക് എത്തുക. പ്രശാന്ത സുന്ദരമായ കടൽത്തീരമാണ് ഇവിടെ.
തനാലോട്ട്
കടലിന്റെ വേലിയേറ്റത്തിലും ഇറക്കത്തിലും നൂറ്റാണ്ടുകൾ കൊണ്ട് രൂപപ്പെട്ട ഒരു പാറയിലാണ് തനാലോട്ട് എന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാലിയിലെ ഏഴ് കടൽക്ഷേത്രങ്ങളിൽ പ്രധാനമാണ് തനാലോട്ട്.
പുരാണവുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ് ഇതിന്റെ ചരിത്രം. തിരമാലകൾ കൊണ്ട് കാലാന്തരത്തിൽ പാറയിൽ രൂപപ്പെട്ട ദ്വാരവുമായി നിൽക്കുന്ന മലയും ക്ഷേത്രവുമായി ചെറിയ അകലത്തിൽ സ്ഥിതി ചെയ്യുന്നു.ഇവിടെ നിന്നുള്ള അതിമനോഹരമായ സൂര്യാസ്തമന കാഴ്ച കാണാൻ നിരവധിയാളുകൾ എത്താറുണ്ട്.
ഉബുഡ്
ബാലിയുടെ ഗ്രാമപ്രദേശമാണ് ഉബുഡ്. പച്ചപ്പട്ടുടുത്ത് വിശാലമായി പരന്നുകിടക്കുന്ന പാടങ്ങൾക്ക് നടുവിലൂടെയുള്ള പാതയിലൂടെ സഞ്ചരിക്കുമ്പോൾ നാമിപ്പോഴും നാട്ടിൽത്തന്നെയാണോ എന്നു തോന്നിപ്പോകും. ഉബുഡിനു സമീപമാണ് തെഗനുംഗാൻ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വിദൂരകാഴ്ചയിൽ നമ്മുടെ അതിരപ്പിള്ളിയോട് സാദൃശ്യം തോന്നും ഈ വെള്ളച്ചാട്ടത്തിന്. അധികം ഒഴുക്കോ ആഴമോ ഇല്ലാത്തതിനാൽ നിരവധി സഞ്ചാരികൾ ഇവിടെ നീന്താനും മറ്റും എത്താറുണ്ട്.
മസാജ് പാർലറുകൾ
ബലിനീസ് മസാജ് എന്നറിയപ്പെടുന്ന സുഖചികിത്സയുടെ ജന്മഗൃഹവും ബാലി തന്നെ. ഒരു കുടിൽവ്യവസായം പോലെയാണ് ഇവിടെ മസാജ് പാർലറുകൾ. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമീപമെല്ലാം നിരനിരയായി മസാജ് കേന്ദ്രങ്ങൾ കാണാം. നമ്മുടെ ആയുർവേദത്തിലെ ഉഴിച്ചിലും തിരുമ്മലുമായി ഏറെ സാമ്യമുണ്ട് ഈ മസാജിന്. ആയുർവേദ എണ്ണകൾ കൊണ്ട് ശാസ്ത്രീയമായ വിധത്തിൽ ചെയ്യുന്ന ഈ മസാജ് മനസ്സിനും ശരീരത്തിനും ഉന്മേഷവും ഉത്സാഹവും പ്രദാനം ചെയ്യുന്നു.
Read More…ലോകത്തിലെ ഏറ്റവും മനോഹരമായ മഞ്ഞുവീഴ്ച കാണാൻ ഇന്ത്യ ഒന്ന് ചുറ്റികറങ്ങിയാലോ?