ഇന്ത്യ വിവിധങ്ങളായ അത്ഭുതങ്ങളുടെ നാടാണ്. ഏതൊരു മനുഷ്യനെയും കൊതിപ്പിക്കുന്ന തരത്തിൽ ഇന്ത്യ വർണ്ണഭവും, കാഴ്ചകൾ കൊണ്ട് കൗതുകകരവുമാണ്. ഓരോ മനുഷ്യനെയും യാത്ര ചെയ്യാൻ പ്രേരിപ്പിച്ച കാരണങ്ങളിൽ എവിടെയെങ്കിലും ഇന്ത്യയ്‌ക്കൊരു സ്ഥാനമുണ്ടാകും. ഇന്ത്യയുടെ പല കോണുകളിലിരുന്ന് മനുഷ്യർ ആഘോഷങ്ങൾക്ക് തങ്ങളെ സജ്ജരാക്കുന്നു. അത് പോലെ ഫെബ്രുവരി മാസം ഇന്ത്യയ്ക്ക് ഉത്സവങ്ങളുടെ മാസമാണ്. ഏതൊക്കെയാണ് ഫെബ്രുവരി മാസം നടക്കുന്ന ഉത്സവങ്ങൾ?
കണ്ണഞ്ചിപ്പിക്കുന്ന മഹാത്ഭുതത്തിൽ ഒന്ന് താജ്മഹൽ. യമുനയുടെ തീരാത്ത തലയെടുപ്പോടു കൂടി നിൽക്കുന്ന താജ്മഹൽ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? ഫെബ്രുവരി മാസം താജ്മഹൽ അതിന്റെ പൂർണ്ണ സൗന്ദര്യത്തോടു കൂടി കാണാൻ സാധിക്കുന്ന മാസമാണ്
താജ്മഹലിന്‍റെ കാഴ്ചകൾ മാത്രം കണ്ടുവരാതെ ആഗ്രയുടെയും ചരിത്രവും സംസ്കാരവും പൈതൃകവും കലകളും ജീവിതരീതിയും ആചാരങ്ങളും ഒരു യാത്രയിൽ അനുഭവിച്ചറിയുവാൻ സാധിച്ചാൽ എന്തുരസമായിരിക്കുമല്ലേ. അതാണ് താജ് മഹോത്സവ് സഞ്ചാരികൾക്കായി ഒരുക്കുന്നത്. വർഷംതോറും പതിനായിരക്കണക്കിന് സഞ്ചാരികളാണ് താജ് മഹോത്സവ് കണ്ട് ആഗ്രയെ അറിഞ്ഞ് മടങ്ങുന്നത്.
ആഗ്രയുടെയും ഉത്തർ പ്രദേശിന്‍റെയും മാത്രമല്ല, സമീപ സംസ്ഥാനങ്ങളുടെയും പാരമ്പര്യവും പൈതൃകവും കണ്ടുമനസ്സിലാക്കുവാൻ ഈ ആഘോഷം സഹായിക്കും. മറ്റേത് ആഘോഷങ്ങളെയുംകാൾ വലുതാണ് ആഗ്രക്കാർക്ക് ഈ താജ്മഹോത്സവ്. സംഗീതവും നൃത്തവും ഭക്ഷണവും ആഘോഷവുമെല്ലാം ഒന്നിനൊന്ന് മികച്ചതായി ഇവിടെ കാണാം.
താജ് മഹോത്സവ് 2024
ഈ വർഷം 32-ാമത് താജ് മഹോത്സവ് ആണ് ആഗ്രയിൽ നടക്കുന്നത്. ഫെബ്രുവരി 17 മുതൽ 27 വരെ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ് ഇത്തവണ ആഗ്രയിലെ താജ് മഹോത്സവ് 2024. സംസ്‌കൃതിയും സമൃദ്ധിയും തമ്മിലുള്ള അഗാധമായ ബന്ധത്തെ പ്രതിധ്വനിപ്പിക്കുന്ന ‘സംസ്‌കൃതിയും സമൃദ്ധിയും’ എന്നതാണ് ഈ വർഷത്തെ തീം. ശിൽപ്ഗ്രാം ആണ് താജ് മഹോത്സവ് വേദി.
ഒരു മിനി ഇന്ത്യയെ തന്നെയാണ് താജ് മഹോത്സവ് ഇവിടെ ഒരുക്കുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, കൊത്തുപണികൾ, ശില്പവേലകൾ, എന്നിങ്ങനെ ഒരുപാട് കാഴ്ചകൾ കാണാം. ഷോപ്പിങ് നടത്താനും കലകളും ശില്പവേലകളും ഇഷ്ടമുള്ളവർക്ക് അത് പരിചയപ്പെടാനും പറ്റിയ ഒരവസരം കൂടിയാണിത്.
ആഗ്രയിൽ നിന്നുള്ള മനോഹരമായ മാർബിൾ, സർദോസി വർക്കുകൾ, തമിഴ്‌നാട്ടിലെ മരം, കല്ല് കൊത്തുപണികൾ, ദക്ഷിണേന്ത്യയിൽ നിന്നും കശ്മീരിൽ നിന്നുമുള്ള പേപ്പിയർ-മാഷെ കലാരൂപങ്ങൾ, ഭദോഹിയിൽ നിന്നുള്ള മനോഹരമായ പരവതാനികൾ, വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നുള്ള മുള, ചൂരൽ സൃഷ്ടികൾ,സഹാറൻപൂരിൽ നിന്നുള്ള സങ്കീർണ്ണമായ മരം കൊത്തുപണികൾ, ഭദോഹിയിൽ നിന്നുള്ള കൈകൊണ്ട് നെയ്ത പരവതാനികൾ, പിച്ചള പാത്രങ്ങൾ മൊറാദാബാദിൽ നിന്നുള്ള മൺപാത്രങ്ങൾ, ഖുർജയിൽ നിന്നുള്ള മൺപാത്രങ്ങൾ, ലഖ്‌നൗവിൽ നിന്നുള്ള ചിക്കൻകാരി വർക്ക്, വാരണാസിയിൽ നിന്നുള്ള സിൽക്ക് സാരികൾ, തുടങ്ങിയവ ഇവിടെ ഒരുക്കിയിരിക്കും.
ലൈറ്റ് ഷോ, പട്ടംപറത്തൽ ഉത്സവം, ഹോട്ട് എയർ ബലൂൺ റൈഡുകൾ എന്നിവയും ഇത്തവണ പ്രതീക്ഷിക്കാം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാചകരീതികൾ, നാടോടി നൃത്തങ്ങള്‍ , സംഗീതം തുടങ്ങിയവയും ഇവിടെ ഒരുക്കും. കുട്ടികൾക്കായി റൈഡുകളും റോളർ കോസ്റ്ററുകളും സജ്ജീകരിക്കും.
താജ് മഹോത്സവ് 2024 തിയതിയും സ്ഥലവും
തീയതി: ഫെബ്രുവരി 17 – 27, 2024
സ്ഥലം: ശിൽപ്ഗ്രാം, താജ്മഹൽ ഈസ്റ്റേൺ ഗേറ്റിന് സമീപം, ആഗ്ര, ഇന്ത്യ
പ്രവേശന ഫീസ്: മുതിർന്നവർക്ക് 50 രൂപ (വിദേശ ടൂറിസ്റ്റുകൾക്കും 5 വയസ്സിന് താഴെയുള്ള കുട്ടികൾക്കും സൗജന്യം)
അമൃത് ഉദ്യാൻ ഉത്സവ്, ഫെബ്രുവരി 2-മാർച്ച് 31
രാഷ്ട്രപതി ഭവനിലെ പ്രധാന ഉദ്യാനങ്ങളിലൊന്നായ അമൃത് ഉദ്യാൻ ഈ വർഷം ഫെബ്രുവരി 2 മുതൽ മാർച്ച് 31 വരെ പൊതുജനങ്ങൾക്കായി തുറക്കും. വർഷത്തിലൊരിക്കൽ മാത്രമാണ് പൊതുജനങ്ങൾക്ക് ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നത്.
15 ഏക്കർ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന അമൃത് ഉദ്യാനിൽ ട്യൂലിപ്, റോസാ, ഓറിയന്‍റൽ ലില്ലി, ഏഷ്യാറ്റിക് ഡൽഹി, ഡാഫോഡിൽസ് എന്നിവ കൂടാതെ ബോൺസായ് ഗാർഡൻ, മ്യൂസിക്കൽ ഫൗണ്ടൻ, സെൻട്രൽ ലോൺ, ലോംഗ് ഗാർഡൻ, സർക്കുലർ ഗാർഡൻ എന്നിവയും കാണാം.
തിങ്കളാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സന്ദർശിക്കാം. രാവിലെ 10.00 മണി മുതൽ വൈകിട്ട് 5.00 മണി വരെയാണ് സന്ദര്‍ശന സമയം. വൈകിട്ട് 4.00 മണി വരെ പ്രവേശനം അനുവദിക്കുകയുള്ളൂ.
ഓരോ മണിക്കൂർ വീതമുള്ള ആറു സ്ലോട്ടിലാണ് പ്രവേശനം. ഫെബ്രുവരി 22, ഫെബ്രുവരി 23, മാർച്ച് 1, 5 എന്നീ ദിവസങ്ങളിൽ പ്രത്യേക വിഭാഗക്കാർക്ക് മാത്രമേ പ്രവേശനമുള്ളൂ.
ഹംപി ഉത്സവ് ഫെബുവരി 3-5
ഹംപി എന്ന ചരിത്രനഗരത്തെ മനസ്സിലാക്കുവാൻ പറ്റിയ സമയമാണ് ഹംപി ഉത്സവ്. പുരാതന നഗരത്തിന്‍റെ ചരിത്രവും മഹത്വവും പൗരാണികതയും അറിഞ്ഞ് വരുവാൻ സഹായിക്കുന്ന ഹംപി ഉത്സവ് ആഘോഷത്തേക്കാൾ ഒരു സാംസ്കാരിക മേളം ആണ്.
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഉത്സവങ്ങളിലൊന്നാണ് ഹംപി ഉത്സവം. വിജയനഗര ഭരണ കാലത്തുണ്ടായിരുന്ന വിജയ് ഉത്സവ് ആണ് ഹംപി ഉത്സവിന്‍റെ മുന്‍ഗാമി.
read also what is to be see in trivandrum തിരുവനന്തപുരത്ത് കണ്ടിരിക്കേണ്ടവയെല്ലാം