ഒരോ വർഷവും ഓരോ തരത്തിലുള്ള യാത്രാ ട്രെൻഡുകളുടെ സമയമാണ്. കാലത്തിന്‍റെ മാറ്റത്തിനും സമയവും അനുസരിച്ച് യാത്രാ രംഗത്തെ മാറ്റങ്ങൾ കൂടി ഉൾക്കൊണ്ടാണ് യാത്രയിലെ മാറ്റങ്ങൾ ട്രെൻഡിങ്ങിൽ എത്തുന്നത്.
പോയ വർഷങ്ങളിൽ എക്കോ ടൂറിസം, സ്ലോ ട്രാവൽ, വിർച്വൽ യാത്രകൾ തുടങ്ങി മാറ്റങ്ങൾ പലതും വന്നുപോയി. ഈ 2024 ൽ കടന്നു വരുന്ന ട്രെൻഡുകൾ ഏതെല്ലാമാണെന്നു അറിയുമോ?
യാത്രകളെ ഗൗരവത്തോടെ കാണുന്ന ആളുകളുടെ എണ്ണം മാറിയെന്നതും ട്രിപ്പുകൾ വെറും ഒരു യാത്ര എന്നതിനപ്പുറം ഒരു സംതൃപ്തി തേടലും പ്രകൃതിയെ കൂടി സംരക്ഷിക്കാനുള്ള ഒരു ദൗത്യവുമായി പലർക്കും മാറ്റിയിട്ടുണ്ട്. ഓടിപ്പോയി ഓടി വരാതെ മെല്ലെ ആസ്വദിച്ച് യാത്രകൾ ചെയ്ത്, സ്ഥലങ്ങൾ കണ്ടുള്ള യാത്രകളുടെ ഗണത്തിലേക്ക് ഈ 2024 കൊണ്ടുവരുന്ന ട്രെൻഡുകൾ ഏതൊക്കെയെന്ന് നോക്കാം.
ആസ്ട്രോ ടൂറിസം
ആകാശവും ആകാശയാത്രകളും മനുഷ്യനുണ്ടായ കാലം മുതൽ കൗതുകമുണർത്തുന്നവയാണ്. ആകാശത്തെ നക്ഷത്രങ്ങളെയും ഗ്രഹത്തെയും നോക്കി നിന്നിരുന്ന കാലത്തു നിന്നും ചന്ദ്രനിൽ കാലുകുത്തി മനുഷ്യൻ കഴിവ് തെളിയിച്ചു. ആകാശത്തിലെ കൗതുകങ്ങൽ കാണാനുള്ള യാത്രകളാണ് ആസ്ട്രോ ടൂറിസം. തിരക്കോ ട്രാഫിക്കോ മാലിന്യങ്ങളോ ഒന്നുമില്ലാതെ ആകാശത്തെ കൃത്യമായി കണ്ട് ആ ലോകം പരിചയപ്പെടാനുള്ള യാത്രയാണ് ആസ്ട്രോ ടൂറിസത്തിന്‍റെ പ്രത്യേകത.
വൈൽഡ് ലൈഫ് സഫാരി
ഒരു പുതിയ ട്രെൻഡ് അല്ലെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി വൈല്‍ഡ് ലൈഫ് സഫാരികൾ പോകാൻ ആഗ്രഹിക്കുന്നവരുടെയും ബക്കറ്റ് ലിസ്റ്റിൽ വൈൽഡ് സഫാരി ഉൾപ്പെടുത്തുന്നവരുടെയും എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിലെ സഫാരികൾക്കാണ് ആരാധകർ കൂടുതലുള്ളത്. തുറന്ന വാഹനങ്ങളിൽ റിസർവുകൾക്കുള്ളിലൂടെ കടുവയും സിംഹവും ജിറാഫും ഉൾപ്പെടുന്ന കാഴ്ചകൾ കണ്ടുള്ള യാത്ര മറ്റൊരു അനുഭവം തന്നെയാണ്.
ഹോം സ്വാപ്പിങ്
2024 ലെ യാത്രാ രംഗത്തെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ് ഹോം സ്വാപ്പിങ്. റിമോർട്ട് ജോബ് സർവ്വസാധാരണമായി മാറിയ സമയമാണ് കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങൾ. ലോകത്തിന്‍റെ ഏതുഭാഗത്തിരുന്നും ജോലിയെടുക്കാം എന്നതാണ് ഇതിന്‍റെ ആകർഷണം. ഹോം സ്വാപ്പിങ് സൈറ്റുകളിൽ ജോയിൻ ചെയ്യുക.
നിങ്ങളുടെ താമസസ്ഥലം മറ്റൊരാൾക്ക് നല്കി അവരുടെ രാജ്യത്തോ അല്ലെങ്കിൽ വേറൊരിടത്തോ ഒരു താമസസ്ഥലം സൗജന്യമായി നേടുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. ദിവസങ്ങളോ ആഴ്ചകളോ മാത്രമല്ല, മാസങ്ങൾ പോലും ഇങ്ങനെ നിൽക്കുവാനുള്ള സാധ്യത പ്രയോജനപ്പെടുത്താം. വിദേശ യാത്രകളിലെ താമസത്തിനായി ചെലവാക്കുന്ന ഭീമമായ തുക ലാഭിക്കുവാനും ഹോം സ്വാപ്പിങ് സഹായിക്കും.
മ്യൂസിക് ടൂറിസം
2024 ലെ ട്രെൻഡുകളിൽ മറ്റൊന്നാണ് മ്യൂസിക് ടൂറിസം. കൊവിഡ് കാലം ബാൻഡുകളെയും ഷോകളെയും മ്യൂസീഷനെയും വീട്ടിലിരുത്തിയ സമയമാണ്. ഈ വർഷം പഴയ ക്ഷീണം മാറ്റുന്ന വിധത്തിൽ മ്യൂസിക് ഷോകളും കണ്‍സേർട്ടുകളും ഒക്കെ പൂർവ്വാധികം ശക്തിയോടെ ഈ വർഷം വരും എന്നാണ് പല സൈറ്റുകളും അവരുടെ പഠനങ്ങളിൽ കാണിക്കുന്നത്.
ടെയ്ലർ സ്വിഫ്റ്റ് ഉൾപ്പെടെ പലരും ഈ വ വർഷത്തെ തങ്ങളുടെ ഷോ ഡേറ്റുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു, വിവിധ ഭൂഖണ്ഡങ്ങളിലായി നടത്തുന്ന ഇത്തരം ഷോകൾ യാത്രാ രംഗത്തെയും വിനോദമേഖലയിലെയും ഒരു പ്രധാന മാറ്റം കൂടിയാണ്.
പ്രൈവറ്റ് ഗ്രൂപ്പ് യാത്രകൾ
രണ്ടു തരത്തിലുള്ള യാത്രകളാണ് ഇപ്പോൾ സ്ഥിരം കാണുന്നത്. ഒന്ന് സോളോ ട്രിപ്പുകളും അടുത്തത് പാക്കേജുകളുടെ ഭാഗമായുള്ള യാത്രകളും. ഈ വർഷം കുടുംബങ്ങളും വീട്ടുകാരും സുഹൃത്തുക്കളും ഒക്കെ ഒരുമിച്ചുള്ള യാത്രകളാണ് ട്രെൻഡിങ്ങിലേക്ക് വരാൻ പോകുന്നത്.
പ്രൈവറ്റ് ഗ്രൂപ്പ് യാത്രകൾ എന്നറിയപ്പെടുന്ന ഇത്തരം യാത്രകൾ എല്ലാവർക്കും ഒരുമിച്ച് കൂടാൻ ഒരവസരം നല്കുന്നു എന്നത് മാത്രമല്ല, ചെലവ് കുറഞ്ഞ,പ്ലാനിങ്ങ് എളുപ്പമുള്ള യാത്രകളുമായിരിക്കും ഇത്.