തീഹാര്‍ ജയിലില്‍ തടവുകാരനെ കുത്തിക്കൊന്നു

തീഹാര്‍ ജയിലില്‍ തടവുകാരനെ കുത്തിക്കൊന്നു

ന്യൂഡല്‍ഹി: തീഹാര്‍ ജയിലില്‍ തടവുകാരനെ സഹതടവുകാരന്‍ കുത്തിക്കൊന്നു. മെഹ്ത്താബ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സഹതടവുകാരനായ സാക്കിറാണ് യുവാവിനെ കൊലപ്പെടുത്തിയത്. മൂര്‍ച്ചയേറിയ ഉപകരണം കൊണ്ട് പലതവണ കുത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ മെഹ്താബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഇരുവരും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് കൃത്യത്തിനു പിന്നിലെന്ന് ജയില്‍ ഡയറക്ടര്‍ അറിയിച്ചു. സാക്കിറിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മെഹ്താബ്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പിന്നീട് ജീവനൊടുക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊലപാതക കേസില്‍ പ്രതിയായിരുന്ന സാക്കിറിന് മറ്റ് തടവുകാരുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മെഹ്തബ് കഴിഞ്ഞിരുന്ന സെല്ലിലേക്ക് മാറ്റിയത്. സാക്കിറിനെതിരെ ഹരിനഗര്‍ പോലീസ് കൊലപാതകത്തിന് കേസെടുത്തു.