പൊട്ടിചിരിപ്പിച്ചും കണ്ണുനനയിപ്പിച്ചും മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായി മാറിയ നടി കെപിഎസി ലളിത നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് രണ്ടാണ്ട് തികയുന്നു. പേരുപോലെ തന്നെ ജീവിതവും ലളിതമായിരുന്നു കെപിഎസി ലളിതയുടേത്.
മലയാളികൾക്ക് മറക്കാനാവാത്ത ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ചാണ് പ്രിയനടി കടന്നുപോയത്. അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും ആത്മവിശ്വാസത്തോടെ, അനായാസതയോടെ അവർ കൈകാര്യം ചെയ്തു.
മകളായും, മരുമകളായും, അമ്മയായും, അമ്മായിയമ്മയായും, മുത്തശ്ശിയായുമൊക്കെ മലയാള സിനിമയിൽ തിളങ്ങി നിന്ന ഒരു താരകമായിരുന്നു കെപിഎസി ലളിത.
ജീവിതത്തിന്റെ ചൂടും ചൂരും നിറഞ്ഞുനിന്ന കെപിഎസിയിൽനിന്നു കിട്ടിയ അരങ്ങുപാഠങ്ങളുമായാണ് അവർ സിനിമയിലെത്തിയത്. മലയാളിവനിതയുടെ സ്നേഹവും സങ്കടവും സന്തോഷവും പരിഭവവും പരിഹാസവും ഈ അഭിനേത്രിയുടെ കഥാപാത്രങ്ങളിൽ ഭദ്രമായിരുന്നു.
ഭൂമിയിൽനിന്ന് ഉയർന്നുനിൽക്കുന്ന ആയിരം സിനിമാവേഷങ്ങൾക്കിടയിൽ, മണ്ണുതൊട്ടുനിൽക്കുന്ന, നേരുള്ള വാക്കും നോക്കും അനുഭവിപ്പിക്കുന്ന കഥാപാത്രങ്ങൾ ലളിതയുടെ സ്വന്തമായി. ‘ഞാൻ നിങ്ങൾതന്നെയാണ്’ എന്ന് അവർ അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളും കാണികളോടു പറഞ്ഞുകൊണ്ടിരുന്നു.
അഭിനയശൈലിയിലെ നർമബോധവും സഹജമായ ചുറുചുറുക്കും അവരെ വ്യത്യസ്തയാക്കി. മാതൃഭാവത്തിലേക്കും വാത്സല്യത്തിലേക്കും മാത്രമൊതുങ്ങിനിൽക്കാതെ, കുസൃതിയും കുശുമ്പും കുന്നായ്മയും വേണമെങ്കിൽ അൽപം വില്ലത്തരവുംവരെ കാണാവുന്ന അഭിനയവൈവിധ്യമാണു ലളിത സിനിമയിൽ എഴുതിച്ചേർത്തത്.
പെണ്മയുടെ സമസ്തഭാവങ്ങളും പ്രകാശിക്കുന്നൊരു മാജിക്കുണ്ടായിരുന്നു അവരുടെ കഥാപാത്രങ്ങളിൽ. അനായാസ പരകായപ്രവേശമാണു ലളിത എപ്പോഴും കാഴ്‌ചവച്ചത്. രണ്ടു ദേശീയ അവാർഡ് അടക്കം ഒട്ടേറെ പുരസ്‌കാരങ്ങൾ നേടാനായത് ആ അഭിനയമികവിന്റെ സാക്ഷ്യങ്ങളും. പിൽക്കാലത്തു ടിവി സീരിയലുകളിലും അവർ ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്തു.
മൗലികവും അതീവ സ്വാഭാവികവുമായിരുന്നു ലളിതയുടെ അഭിനയം. അവതരിപ്പിച്ച നൂറുകണക്കിനു സിനിമാവേഷങ്ങളിൽ മിക്കതും ഇതിന് ഉദാഹരണങ്ങളാണെന്നിരിക്കെ, മികച്ച കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുപോലും അവർ അസാധ്യമാക്കുന്നു.
Read More……
- ‘ദി ഓഫിസ്’ താരം യുവന്‍ മകിന്‍ടോഷ് അന്തരിച്ചു
- ഇടയ്ക്കു സൂചി കുത്തുന്ന വേദന കയ്യിലും, കാലിലും അനുഭവപ്പെടാറുണ്ടോ? കാരണം ഇതാണ്
- ഇടയ്ക്കിടെയുള്ള കണ്ണ് ചൊറിച്ചിൽ കാരണം നിസ്സാരമല്ല; നിങ്ങളുടെ പരിഹാരം ഇവയാണ്
- താടിയും,മുടിയും പൊഴിയാതിരിക്കാനും, നരയ്ക്കാതിരിക്കാനും ഇതിനേക്കാൾ മികച്ച വഴിയില്ല: ഇവ ശീലമാക്കി നോക്കു
- സാനിയ മിർസയുടെ പേരുവിളിച്ചു കളിയാക്കി: പാക്കിസ്ഥാൻ ആരാധകരെ രൂക്ഷമായി നോക്കി സന ജാവേദ്: വൈറലായി വിഡിയോ| Sania Mirza and Sana Javed
ഒരു അഭിനേതാവിന് ആവശ്യമായ‘വോയ്സ് മോഡുലേഷന്റെ’ പാഠപുസ്തകംതന്നെയാണു ലളിതയുടെ ശബ്ദം. രൂപത്തെ അദൃശ്യതയിൽ നിർത്തിയിട്ടും, ശബ്ദാഭിനയത്തിലൂടെ കൈവരിച്ച ഭാവപൂർണിമ ‘മതിലുകൾ’ എന്ന സിനിമയിലെ നാരായണിയിലുണ്ട്.
കെപിഎസി ലളിതയുടെ അച്‌ഛൻ കായംകുളം കടയ്ക്കൽത്തറയിൽ കെ.അനന്തൻ നായർ ഫൊട്ടോഗ്രഫർ ആയിരുന്നു. ‘ലളിതാ സ്‌റ്റുഡിയോ’ എന്ന സ്ഥാപനമുണ്ടായിരുന്ന അച്‌ഛനെക്കുറിച്ചു മകൾ ഇങ്ങനെ പറഞ്ഞിട്ടുണ്ട്:
‘എല്ലാവർക്കും അച്ഛനെ വലിയ കാര്യമായിരുന്നു. കാരണം ഒരു ഫോട്ടോ പോലും പാഴാകാറില്ല.’ ആ അച്ഛന്റെ മകളെ മലയാളമാകെ നെഞ്ചോടു ചേർത്തുപിടിച്ചതിന്റെ കാരണവും സമാനമായിരുന്നു: ഒരു കഥാപാത്രത്തെപ്പോലും ലളിത പാഴാക്കിയില്ല. ഇനിയും ചെയ്യാൻ ഒരുപാട് കഥാപാത്രങ്ങൾ ബാക്കി വെച്ചാണ് മലയാളത്തിന്റെ പ്രിയ താരം കടന്നുപോയത്.