മുംബൈ: ഷാറൂഖ് ഖാനും ദീപിക പദുക്കോണും മുഖ്യവേഷത്തിൽ എത്തുന്ന ‘പഠാൻ’ സിനിമയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകി. ഏറെ കോളിളക്കം സൃഷ്ടിച്ച കാവിവസ്ത്ര രംഗത്തിൽ മാറ്റമില്ലാതെയാണ് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. അതേസമയം, മറ്റു ചില രംഗങ്ങളിലും വാചകങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു.
നേരത്തെ പഠാൻ സിനിമയിൽ ചില മാറ്റങ്ങൾ വരുത്തണമെന്ന് സെൻസർ ബോർഡ് നിർദേശിച്ചിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് ആണ് ചിത്രത്തിന്റെ നിർമാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്.
ചിത്രത്തിലെ ‘ബേ ഷറം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതോടെയാണ് വിവാദങ്ങൾക്കു തുടക്കം കുറിച്ചത്. ഗാനരംഗത്ത് ദീപിക ഉടുത്ത കാവി നിറത്തിലുള്ള ബിക്കിനി ചൂണ്ടിക്കാട്ടിയായിരുന്നു ഹിന്ദുത്വ സംഘങ്ങളുടെ പ്രതിഷേധം. ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നതാണ് രംഗമെന്നായിരുന്നു പരാതി.
വിവാദങ്ങൾക്കു പിന്നാലെ ഷാറൂഖ് ഖാനും ദീപികയ്ക്കും എതിരെ വലിയ തോതിൽ സൈബർ ആക്രമണം തുടരുകയാണ്. ചിത്രം ബഹിഷ്‌ക്കരിക്കാൻ ആഹ്വാനവും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അഹ്മദാബാദിൽ നടന്ന ‘പഠാൻ’ പ്രമോഷൻ പരിപാടി ബജ്‌റങ്ദൾ പ്രവർത്തകർ കൈയേറിയിരുന്നു. ഒരു മാളിൽ നടന്ന പരിപാടിയിലേക്ക് പ്രകടനമായെത്തിയ സംഘം ചിത്രത്തിന്റെ പോസ്റ്ററുകൾ നശിപ്പിക്കുകയും പരസ്യബോർഡുകൾ തകർക്കുകയും ചെയ്തു.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാറുഖ് ഖാന്‍ ചിത്രം എന്നതാണ് പഠാനെ ഇന്‍ഡസ്ട്രിയുടെ പ്രതീക്ഷകളിലേക്ക് നീക്കിനിര്‍ത്തുന്നത്. സിദ്ധാര്‍ഥ് ആനന്ദാണ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25 ന് തിയേറ്ററുകളിലെത്തും.
റിലീസിന് മുൻപേ ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഒ.ടി.ടി വിതരണാവകാശത്തിലൂടെയാണ് ഈ നേട്ടം. ആമസോൺ പ്രൈമാണ് ‘പഠാന്റെ’ ഒ.ടി.ടി അവകാശം സ്വന്തമാക്കിയത്. 250 കോടിയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. സിദ്ധാർത്ഥ് ആനന്ദാണ് സിനിമ സംവിധാനം ചെയ്തത്.