അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ വെഡ്ഡിങ് ആഘോഷങ്ങൾക്ക് തുടക്കമായി. മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, എം.എസ്.ധോണി, ബോളിവുഡ് സൂപ്പർതാരങ്ങളായ ഷാറുഖ് ഖാൻ, ദീപിക പദുക്കോൺ, റൺബീർ കപൂർ എന്നിവരുൾപ്പെടെ രണ്ടായിരത്തോളം അതിഥികൾ ജാംനഗറിലെ റിലയൻസ് ഗ്രീൻസ് കോംപ്ലക്സിൽ നടന്ന ആഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്.
അമേരിക്കൻ ഗായകൻ ജെ ബ്രൗണും നിക്കി മിനാജ്, ആദം ബ്ലാക്ക്സ്റ്റോൺ എന്നിവരും വിവാഹത്തിന് മുമ്പുള്ള ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ‘അതിഥി ദേവോ ഭവ’ എന്ന പാരമ്പര്യത്തിന് ഊന്നൽ നൽകിയാണ് എല്ലാവരെയും മുകേഷ് അംബാനി സ്വാഗതം ചെയ്തത്.
‘എവർലാൻഡിലെ ഒരു സായാഹ്നം’ എന്ന തീമിലാണ് ഇന്നലെ വൈകീട്ട് ആഘോഷങ്ങൾ നടന്നത്. അതിഥികൾ കോക്ക്ടൈൽ വസ്ത്രത്തിൽ അണിഞ്ഞൊരുങ്ങിയാണ് പരിപാടിക്ക് എത്തിയത്. സിർക്യു ഡു സോലൈലിന്റെ ഷോയും ഡ്രോൺ ഷോയും പോപ്പ് ഗായിക റിയാനയുടെ സംഗീത വിരുന്നുമായിരുന്നു ആദ്യദിനത്തെ ഹൈലൈറ്റ്.
റിയാനയുടെ സംഗീത വിരുന്നിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിയോൺ-പച്ച നിറത്തിലുള്ള തിളങ്ങുന്ന വസ്ത്രമാണ് റിയാന ധരിച്ചത്.
പിങ്ക് നിറത്തിലുള്ള കേപ്പും ധരിച്ചിട്ടുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മൂത്തമകൻ ആകാശ് അംബാനി, മരുമകൾ ശ്ലോക മേത്ത, ഇഷ അംബാനി വരൻ അനന്ത് അംബാനി എന്നിവർക്കൊപ്പമുള്ള റിയാനയുടെ ചിത്രങ്ങളും ശ്രദ്ധേയമായി.
ചുവപ്പിൽ കറുപ്പ് ഷെയിഡുകളുള്ള കോട്ടും വെള്ള ഷർട്ടുമാണ് ആദ്യ ദിവസം അനന്ത് അംബാനി ധരിച്ചത്. മെറൂൺ നിറത്തിലുള്ള വസ്ത്രത്തിൽ അതിസുന്ദരിയായാണ് നിത അംബാനിയും എത്തിയത്. റോസ് ഗോൾഡ് നിറത്തിലുള്ള ഗൗണാണ് രാധിക മെർച്ചന്റ് തിരഞ്ഞെടുത്തത്.
നിറയെ സ്വീക്വൻസ് വർക്കുകൾ വസ്ത്രത്തിന് നൽകിയിട്ടുണ്ട്. സിംപിൾ ആക്സസറീസ് ധരിച്ച് സിംപിൾ ലുക്കിലാണ് രാധിക എത്തിയത്. ലൈറ്റ് പിങ്ക് നിറത്തിലുള്ള ഓഫ് ഷോൾഡർ വസ്ത്രമാണ് ഇഷ അംബാനി തിരഞ്ഞെടുത്തത്.
ആഘോഷത്തിനെത്തിയ ബോളിവുഡ് താരങ്ങളുടെ സ്റ്റൈലും പലരുടെയും ശ്രദ്ധ ആകർഷിച്ചു. കറുപ്പ് നിറത്തിലുള്ള ഷർട്ടും ബ്ലേസറും പാന്റുമാണ് ഷാറുഖ് ഖാൻ ധരിച്ചത്. ഒരു സിൽവർ ചെയ്നും ആക്സസറൈസ് ചെയ്തു. ഷിമ്മറി ഓഫ് ഷോൾഡർ ഔട്ട്ഫിറ്റിലാണ് ആലിയ ഭട്ട് തിളങ്ങിയത്.
സാരിയിൽ ഗ്ലാമറസ് ലുക്കിലാണ് കരീന കപൂർ എത്തിയത്. കറുപ്പ് നിറത്തിലുള്ള വസ്ത്രമാണ് ദീപിക പദുകോണ് തിരഞ്ഞെടുത്തത്. റൺവീർ സിങ് വെള്ള ഷർട്ടും കോട്ടും പെയർ ചെയ്തു. പർപ്പിൾ ഷർട്ടും കറുപ്പ് കോട്ടുമാണ് സെയ്ഫ് അലിഖാൻ തിരഞ്ഞെടുത്തത്.
അജയ്ദേവ്ഗണും അക്ഷയ്കുമാറും കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിലാണ് തിളങ്ങിയത്.
പ്രകൃതിയും പാരമ്പര്യവും എന്നതാണ് രണ്ടാം ദിവസത്തെ തീം. ബുധനാഴ്ച അന്ന സേവയോടെയാണ് അനന്തിന്റെയും രാധികയുടെയും വിവാഹത്തിന് മുമ്പുള്ള ആചാരങ്ങൾ ആരംഭിച്ചത്.