കൊല്ലത്ത് രാത്രി സുഹൃത്തിനൊപ്പം ചായ കുടിക്കാൻ നിന്ന അഭിഭാഷകനെ മർദിച്ച സംഭവത്തിൽ ഇരവിപുരം പോലീസ് സ്റ്റേഷനിലെ സി.പി.ഒ അൽസഫീറിന് വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സിറ്റി പോലീസ് കമ്മീഷണർ എം. ഹേമലത ഇരവിപുരം സർക്കിൾ ഇൻസ്‌പെക്ടറോട് സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് കമ്മീഷണർക്ക് കൈമാറും.
മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അൽസഫീറിനെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകനായ ഗുൽസാറും സുഹൃത്ത് ഫൈസലും ഡിജിപിക്ക് ഉൾപ്പെടെ പരാതി നല്‍കിയിരുന്നു. ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. മേവറത്ത് കൂട്ടുകാര്‍ക്കൊപ്പം ചായ കുടിക്കാന്‍ നില്‍ക്കവേയാണ് കണ്ണനെല്ലൂര്‍ സ്വദേശിയായ ഗുല്‍സാറിനെയും കൂട്ടുകാരനെയും സ്ഥലത്തേക്ക് എത്തിയ പോലീസുകാര്‍ അകാരണമായി തല്ലിച്ചതച്ചത്.
വീടെവിടെയാണ് എന്ന് ചോദിച്ചു. മേവറത്താണെന്ന് പറഞ്ഞതും അല്‍സഫീര്‍ വടിയെടുത്ത് തല്ലി. പിടിച്ച് വലിച്ചിഴയ്ക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സിപിഒ സിവില്‍ ഡ്രസിലായിരുന്നുവെന്നും പരാതിക്കാര്‍ മനോരമന്യൂസിനോട് പറഞ്ഞു. നടപടി ആവശ്യപ്പെട്ട് ഇന്ന് അഭിഭാഷകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.















