മൂന്ന് ദിവസത്തെ സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കമാകും. യോഗത്തിൽ രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം ചർച്ചയാകും. പ്രധാനമായും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ തെരഞ്ഞെടുപ്പ് അട്ടിമറികൾക്ക് കൂട്ടുനിൽക്കുന്നത് ചർച്ചയാകും.
ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള തുടർ പ്രക്ഷോഭങ്ങളും കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചർച്ചചെയ്ത് തീരുമാനമെടുക്കും.
പ്രതിഷേധം ഇന്ത്യ മുന്നണിയിൽ മാത്രം ഒതുങ്ങാതെ വിശാല പ്രതിപക്ഷ ഐക്യത്തിന് പുറമെ സാമൂഹിക-സാംസ്കാരിക സംഘടനകളെ ഉൾപ്പെടെ കൂട്ടിയോജിപ്പിച്ച് പ്രക്ഷോഭം മുന്നോട്ട് കൊണ്ടുപോകണം എന്നാണ് സിപിഎം നിലപാട്.
സംഘടനാകാര്യ വിഷയങ്ങളും വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളും മൂന്ന് ദിവസത്തെ യോഗത്തിൽ ചർച്ച ആകും. ഉത്തർപ്രദേശ്, ഹിമാചൽ, പഞ്ചാബ്, ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട സമീപനവും യോഗത്തിൽ ചർച്ചയാവും.















