‘സ്വാതന്ത്ര്യം സമത്വം സാഹോദര്യം’ എന്ന ലോകോത്തര വിപ്ലവ മുദ്രാവാക്യം ലോകത്തിന് സമ്മാനിച്ച നാടാണ് ഫ്രാന്‍സ് എന്ന യൂറോപ്യന്‍ രാജ്യം. സമത്വ- സുന്ദര-സ്വപ്നഭൂമിയാകേണ്ട ഈ നാട്ടില്‍ വെറുപ്പിന്‍റെയും വംശീയതയുടേയും രാഷ്ട്രീയം പുറ്റുപിടിച്ച വളരുന്ന കാഴ്ചയാണ് പാരീസിലെ 17 കാരൻ നായേലിന്‍റെ വധം മുന്നോട്ടു വെയ്ക്കുന്ന ചിന്തകള്‍ നിരവധിയാണ്. പാരീസിന്‍റെ പാര്‍ശ്വ പ്രദേശങ്ങളിലുള്ള മൊറോക്കൻ അൾജീരിയൻ ദമ്പതികളുടെ മകൻ, താന്‍ സഞ്ചരിച്ച വാഹനം നിർത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടും വഴങ്ങാത്തതിനെ തുടര്‍ന്ന് വെടിവെക്കുകയായിരുന്നു എന്ന് പൊലീസിന്‍റെ പക്ഷം. പക്ഷെ സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ പോലീസിന്‍റെ വാദം കള്ളമാണെന്ന് തെളിഞ്ഞു. പാരീസും ഫ്രാൻസും പ്രതിഷേധത്തിൽ കത്താൻ പിന്നെ വലിയ താമസം ഉണ്ടായില്ല. രണ്ടായിരത്തിലേറെ വാഹനങ്ങൾ കത്തിച്ചു. കടകളും ബാങ്കുകളും തകർത്തു തരിപ്പണമാക്കി. 2500 ഓളം പേരെയാണ് പ്രതിരോധ തടങ്കലിലാക്കിത്.
വംശീയ സംഘര്‍ഷം -തുടരുന്ന പ്രതിഭാസം-
ഇതിനു മുൻപ് 2005 ലാണ് സമാനമായ സംഭവം ഉണ്ടായത്. ഫുട്ബോൾ കണ്ടു മടങ്ങുന്ന രണ്ട് യുവാക്കളെ പോലീസ് തടഞ്ഞപ്പോൾ അവർ ഒരു വൈദ്യുത നിലയത്തിൽ ഒളിക്കുകയും മരിക്കുകയും ചെയ്തിരുന്നു.അന്നുണ്ടായ കലാപം അടിയന്തരാവസ്ഥയിലേക്ക് വരെ രാജ്യത്തെ എത്തിച്ചു. എന്തുകൊണ്ട് ഫ്രാൻസിൽ ഇത്തരം കലാപങ്ങൾ ആവർത്തിക്കുന്നു ? ..കുടിയേറ്റക്കാരോടുള്ള വംശീയ വിദ്വേഷം എന്നത് തന്നെയാണ് ആദ്യം അടിവരയിട്ട് പറയേണ്ട മറുപടി. തന്‍റെ മകനോട് പോലീസ് ഇത്രയും വലിയ ക്രൂരത കാണിച്ചതിന് നായിലിന്റെ അമ്മയുടെ പ്രതികരണം ഏറെ ശ്രദ്ധേയമായിരുന്നു. ഒരു അറബിയെയാണ് മകന്‍റെ മുഖത്ത് ഫ്രഞ്ച് പോലീസുകാർ കണ്ടത് എന്നാണ് അവർ പറഞ്ഞത്. അതേസമയം കീടങ്ങൾക്കും വന്യമൃഗങ്ങൾക്കും എതിരായ യുദ്ധത്തിലാണ് തങ്ങള്‍ എന്നാണ് പോലീസിന്‍റെ പ്രതികരണം.
യൂറോപ്പിൽ ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ താമസിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഫ്രാൻസ്. അതായത് ആകെ ജനസംഖ്യയുടെ അഞ്ചു ശതമാനവും ഇസ്ലാം മത വിശ്വാസികൾ ആണ്. ഫ്രാൻസിന്‍റെ കൊളോണിയൽ സംസ്കാരം തന്നെയാണ് ഇതിന്‍റെ പ്രധാന കാരണവും.അൾജീരിയും ടുണീഷ്യയും മൊറോക്കോയും മാലിയും നൈജീറും ഒക്കെ അടങ്ങുന്നതായിരുന്നു ഫ്രാൻസിന്‍റെ കോളനികൾ . സ്വതന്ത്രമാക്കപ്പെട്ടുവെങ്കിലും അവര്‍ ഫ്രാൻസ് എന്ന രാജ്യവുമായി ഉള്ള ബന്ധം തുടർന്നുകൊണ്ടേയിരുന്നു. ലക്ഷക്കണക്കിന് ആളുകൾ തൊഴിലും ജീവിതവും തേടി ഫ്രാൻസിലേക്ക് ഒഴുകിക്കൊണ്ടേയിരുന്നു. നിലവിൽ ഫ്രാൻസിൽ 70 ലക്ഷം കുടിയേറ്റക്കാർ താമസിക്കുന്നു എന്നാണ് കണക്ക് . ഫ്രാൻസ് വംശജനായ മൂന്നിൽ ഒരാൾക്ക് കുടിയേറ്റക്കാരുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ട് . അൾജീരിയയിൽ നിന്നാണ് 40% വും എത്തിയത്. മൊറോക്കോയിൽ നിന്ന് 28 ശതമാനവും ടുണീഷ്യയിൽ നിന്ന് 11 ശതമാനവും എത്തിച്ചേർന്നു. ഫ്രാൻസിന്‍റെ അധ്വാനശേഷിയിൽ വലിയൊരു പങ്ക് ഈ കുടിയേറ്റക്കാർക്ക് സ്വന്തമാണ്..ജീവൻ നിലനിർത്താനായി കുടിയേറുകയും എല്ലുമുറിയെ പണിയെടുക്കുകയും ചെയ്യുന്ന ഈ ജനതയെ ശത്രുപക്ഷത്ത് നിർത്തി ജിഹാദികളും ഭീകരവാദികളുമായി ചിത്രീകരിക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് അന്താരാഷ്ട്ര നിരീക്ഷകർ പറയുന്നു.
വംശീയതയിലെ രാഷ്ട്രീയം-
കുടിയേറ്റക്കാരോടുള്ള വംശീയ വിദ്വേഷം തന്നെയാണ് ഇത്തരത്തിലുള്ള സംഭവങ്ങളുടെ ആവർത്തനം എന്ന് നേരത്തെ പറഞ്ഞു. ഫ്രാൻസ് പോലുള്ള വികസിത രാഷ്ട്രങ്ങളിൽ തീവ്ര വലതുപക്ഷത്തിന് ആശയ ധാരകൾ ഇന്ന് അതിശക്തമാണ്. കുടിയേറ്റ വിരുദ്ധ നിലപാടാണ് ഈ നവ ഫാസിസ്റ്റുകളുടെ പ്രധാന അജണ്ട. കഴിഞ്ഞ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയ നാഷണൽ റാലി പ്രസ്ഥാനമാണ് ഈ നയങ്ങൾക്ക് കുട പിടിക്കുന്നത്. സമത്വസാഹോദര്യത്തിന്‍റെ നാട്ടിൽ വെറുപ്പിന് വളമിടുന്ന രാഷ്ട്രീയമാണ് അവർ കളിക്കുന്നത്.. തീവ്ര ഇസ്ലാമിക വിരുദ്ധത അവരുടെ മുഖമുദ്രയാണ്. ഫ്രാൻസ് സാംസ്കാരിക യുദ്ധത്തിൽ ആണെന്നായിരുന്നു തീവ്ര വലതുപക്ഷം വിഭാഗം പ്രതികരിച്ചത്.
തീവ്ര വലതുപക്ഷ പ്രസ്ഥാനത്തെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ബോട്ട് അഭ്യർത്ഥിച്ചാണ് ഇമ്മാനുവൽ മാക്രോൺ പ്രസിഡണ്ട് ആയത്. എന്നാൽ പ്രസിഡന്‍റ് പദവിയിൽ എത്തിയതിനു ശേഷം തന്‍റെ നിലപാടുകളിൽ നിറം ചേർക്കുന്ന പ്രസിഡന്‍റ് മാക്രോണിയാണ് കാണാനായത്. മധ്യ വലതുപക്ഷക്കാരനായാണ് അറിയപ്പെടുന്നതെങ്കിലും കുടിയേറ്റ ഇസ്ലാമിക വിരുദ്ധത മാക്രോണിന്‍റെ ഉള്ളിലും ഒളിഞ്ഞിരിപ്പുണ്ട് . കഴിഞ്ഞവർഷം ദേശീയ അസംബ്ലി പാസാക്കിയ കുടിയേറ്റ വിരുദ്ധ നിയമം തന്നെയാണ് ഇതിന് ഉദാഹരണം. നാടുകടത്തലിനെതിരെ 12 ഹര്‍ജികള്‍ വരെ സമർപ്പിക്കാനുള്ള കുടിയേറ്റക്കാരുടെ അവകാശത്തെ നാലാക്കി കുറയ്ക്കുന്നതായിരുന്നു ഒരു നിയമം. ഇത് കുടിയേറ്റക്കാരെ എളുപ്പത്തിൽ നാടുകടത്തുന്നതിന് വഴിയൊരുക്കി.
വളരെ കഷ്ടപ്പെട്ടുള്ള ജീവിതമാണ് നഗരപാർശ്വങ്ങളിൽ കുടിയേറ്റക്കാർ നയിക്കുന്നത്. വിദ്യാഭ്യാസവും ജോലിയും കുടിയേറ്റക്കാർക്ക് നിഷേധിക്കപ്പെടുന്നത് വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമായി തീർന്നു . സാധാരണ ഫ്രഞ്ച് വംശജര്‍ വിധേയരാകേണ്ടതിനേക്കാള്‍ അതികഠിനമായ പരിശോധനകൾക്കാണ് അറബ് ആഫ്രിക്കൻ വംശജർ വിധേയരാകുന്നത്. 2020 നു ശേഷം പോലീസ് നടത്തിയ വെടിവെയ്പുകൾ ഭൂരിപക്ഷവും അറബ് വംശജർക്കെതിരെയായിരുന്നു. ഇതെല്ലാം തെളിയിക്കുന്നത് നാഷണൽ റാലി ഫ്രണ്ടിന്‍റെ നയങ്ങളുടെ പരോക്ഷ പ്രതിഫലനമാണ് മാക്രോൺ സർക്കാർ എന്നത് തന്നെയാണ് . മാക്രോണിന്‍റെ നിലപാട് മാറ്റത്തിനും രാഷ്ട്രീയ വഞ്ചനയ്ക്കും എതിരായ അതിരൂക്ഷ പ്രതിഫലനമായി കൂടിയായി വേണം നിലവിലെ സംഘർഷങ്ങളെ കാണാൻ . മാറി മാറി വരുന്ന സർക്കാരുകൾ കുടിയേറ്റക്കാർക്ക് നീതി നൽകാത്തതാണ് അവരെ പ്രകോപനത്തിലേക്ക് നയിക്കുന്നത്. പോലീസിന്‍റെ അതിക്രൂര സമീപനവും വംശീയ പക്ഷപാതത്വവും ജീവിത പ്രയാസങ്ങളും പരിഹരിക്കാത്തിടത്തോളം ഇനിയും ഫ്രാൻസ് കത്തിയെരിയുക തന്നെ ചെയ്യും.
അന്താരാഷ്ട്ര ഇടപെടല്‍-
ഐക്യരാഷ്ട്രസഭയുടെ വംശീയ വെറിക്കെതിരായ കമ്മിറ്റി ഫ്രാൻസിൽ നടക്കുന്ന കലാപങ്ങളെ കുറിച്ച് പക്ഷപാത രഹിതമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. സംഘർഷത്തിന്‍റെ മറവിൽ വലിയ രീതിയിലുള്ള മോഷണവും പൊതുമുതൽ നശിപ്പിക്കലും ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ട് .17 കാരൻ കൊല്ലപ്പെട്ട സാഹചര്യങ്ങൾ വിശദമായി പരിശോധിക്കണമെന്നും വംശീയ വൈവിധ്യത്തെ സ്വീകരിക്കുന്ന നിയമവാഴ്ച ഫ്രാൻസ് സ്വീകരിക്കണമെന്നും ഐക്യരാഷ്ട്രസഭ ഫ്രാൻസ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു 18 അംഗ വിദഗ്ദ്ധ സംഘത്തെയാണ് ഫ്രാൻസിലെ സംഘർഷം പഠിച്ച റിപ്പോർട്ട് സമർപ്പിക്കുന്നതിനായി നിയമിച്ചിരിക്കുന്നത്. വര്‍ധിച്ചു വരുന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഫ്രാന്‍സിനും യൂറോപ്യന്‍ ഭൂഖണ്ഡത്തിനും മാത്രമല്ല ലോകത്തിന് തന്നെ ഭീഷണിയാണെന്നാണ് സഖ്യ രാഷ്ട്രങ്ങളായ അമേരിക്കയും റഷ്യയുമടക്കം ഫ്രാന്‍സിന് നല്‍കുന്ന മുന്നറിയിപ്പ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം