കോൺഗ്രസിന്റെ മൂർച്ചയേറിയ നാവ്; ഇനി കെ. സുധാകരൻ നയിക്കും

sudhakaran

കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ കെപിസിസി അധ്യക്ഷസ്ഥാനം ഒടുവിൽ കെ.എസ്. എന്ന കോൺഗ്രസിന്റെ തീപ്പൊരി നേതാവിനെ തേടിയെത്തിയിരുന്നു. കണ്ണൂരിൽ നിന്നുള്ള കെ. സുധാകരൻ ഇനി കേരളത്തിലെ മുഴുവൻ കോൺഗ്രസിന്റെയും ശബ്ദമാകും. ഗ്രൂപ്പുകൾക്ക് അതീതമായി കോൺഗ്രസ് വളരുന്നതിന്റെയും തലമുറമാറ്റത്തിന്റെയും വലിയ ഉദാഹരണമാണ് കെ. സുധാകരന്റെ വരവോടു കൂടി മുന്നോട്ട് വെക്കുന്നത്.    

അനിശ്ചിതത്വത്തിനും ആശയക്കുഴപ്പങ്ങൾക്കും ഒടുവിലാണ് കെപിസിസി അധ്യക്ഷനായി കെ.സുധാകരനെ തെരഞ്ഞെടുത്തത്. എ - ഐ ഗ്രൂപ്പുകളുടെ എതിർപ്പിനും കെപിസിസി അധ്യക്ഷസ്ഥാനം മോഹിച്ച് അണിയറ നീക്കം നടത്തിയ സീനിയർ നേതാക്കളേയും മറികടന്നാണ് കെപിസിസി അധ്യക്ഷസ്ഥാനത്തക്ക് കെ.സുധാകരൻ എത്തുന്നത്.  സുധാകരനെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്ത വിവരം രാഹുൽ ഗാന്ധി നേരിട്ടാണ് കെ.സുധാകരനെ വിളിച്ചറിയിച്ചത്. എതിർപ്പുകൾ ഏറെയുണ്ടായിട്ടും അണികളെ ആവേശത്തോടെ ഒരുമിച്ച് നിർത്താനുള്ള കഴിവാണ് കെ. സുധാകരനെ തെരഞ്ഞെടുക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്.

രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞപ്പോൾ മുതൽ കേൾക്കുന്നതാണു പ്രസിഡന്റ് സ്ഥാനത്തേക്കു കെ.സുധാകരന്റെ പേര്. വി.എം.സുധീരൻ ഒഴിഞ്ഞപ്പോഴും സുധാകരന്റെ പേരുയർന്നു. എന്നാൽ സുധാകരന്റെ വരവ് തടസ്സപ്പെടുത്താൻ ആഗ്രഹിച്ചവർ ഒന്നായപ്പോൾ എം.എം.ഹസ്സൻ പ്രസിഡന്റായി. 2018ൽ കെ.സുധാകരൻ പ്രസിഡന്റായി എന്നു തന്നെ പ്രവർത്തകർ ഉറപ്പിച്ചതാണ്. എന്നാൽ അവിടേക്ക് മുല്ലപ്പള്ളി രാമചന്ദ്രൻ കടന്ന് വന്നു. അതോടെ ഒരിക്കൽ കൂടി കപ്പിനും ചുണ്ടിനുമിടയിൽ കെ.എസിന് നഷ്ടം മാത്രം. ഈ നഷ്ടമാണ് ഇപ്പോൾ തിരുത്തപ്പെട്ടിരിക്കുന്നത്. 

പ്രവർത്തനത്തിലും സംസാരത്തിലും കടുപ്പക്കാരനെങ്കിലും അണികൾക്ക് പ്രിയപ്പെട്ട നേതാവാണ് കെ.സുധാകരൻ.  പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോൺ​ഗ്രസിനും യുഡിഎഫിനുമുണ്ടായ പരാജയമാണ് കെ.സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് എത്തിച്ചത്. താഴെത്തട്ടിൽ സംഘടന നി‍ർജീവമാണെന്ന അതിരൂക്ഷവിമ‍ർശനം ശക്തമായിരിക്കുമ്പോൾ ആണ് പാ‍ർട്ടി തലപ്പത്തേക്ക് കെ.സുധാകരൻ എത്തുന്നത്. 

കെപിസിസി പ്രസിഡന്റാകുമ്പോൾ വലിയ വെല്ലുവിളിയാണു സുധാകരനെ കാത്തിരിക്കുന്നത്. അതിൽ ആദ്യത്തേത് പ്രസംഗത്തിലും പ്രസ്താവനയിലും അബദ്ധമുണ്ടാകാതെ നോക്കുകയെന്നതാണ്. തിരഞ്ഞെടുപ്പു പരാജയത്തിനുശേഷം വളരെ പക്വതയോടെ പ്രതികരിച്ച് ഇതിന്റെ സൂചന സുധാകരൻ നൽകിയിരുന്നു. ഇക്കാലമത്രയും മുഖ്യമായി രണ്ടു ചേരികളിൽനിന്ന കോൺഗ്രസിനെ ഒരുമിച്ചു കൊണ്ടുപോവുകയാണു രണ്ടാമത്തെ വെല്ലുവിളി. ഈ വെല്ലുവിളികളെയെല്ലാം മറികടക്കാൻ സുധാകരന് കഴിയും എന്നത് തന്നെയാണ് അണികളുടെയും പാർട്ടിയുടെയും വിശ്വാസം.

മുന്നോട്ടുള്ള യാത്രയിൽ കെ.സുധാകരന് പ്രതീക്ഷയേക്കുന്ന ഒരു കാര്യം പ്രതിപക്ഷ നേതാവായുള്ള വി.ഡി.സതീശൻ്റെ വരവാണ്. തലപ്പത്ത് വിഡി സതീശൻ വന്നതോടെ നിയമസഭയിലെ പ്രതിപക്ഷത്തിൻ്റെ ഇടപെടലിലും വലിയ മാറ്റം ഇതിനോടകം വന്നു കഴിഞ്ഞു.  സർക്കാരിനെ വിമർശിച്ച് നിയമസഭയിൽ നിന്നും ഇറങ്ങിപ്പോകുന്ന പതിവ് ശൈലി നിർത്തിയ സതീശൻ സർക്കാരിനൊപ്പം നിന്ന് അവരെ തിരുത്തുകഎന്ന ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. ഈ മാറ്റം പാർട്ടിയിലേക്ക് കൊണ്ടുവരുന്നതിൽ സുധാകരന്റെ നിലപാട് വരും നാളുകളിൽ കേരളം കാണും.

കണ്ണൂർ നടാൽ സ്വദേശിയായ സുധാകരൻ കെഎസ്‌യു താലൂക്ക് പ്രസിഡന്റായാണു രാഷ്ട്രീയത്തിൽ തുടക്കം കുറിച്ചത്. നിയമസഭയിലേക്കും ലോക്സഭയിലേക്കുമായി 10 തിരഞ്ഞെടുപ്പു മത്സരങ്ങൾ. 2001ലെ എ.കെ.ആന്റണി മന്ത്രിസഭയിൽ വനം, കായികവകുപ്പ് മന്ത്രിയായിരുന്നു. നിലവിൽ കണ്ണൂരിൽ നിന്നുള്ള എംപിയാണ്.