ചിലയാളുകൾക്ക് എപ്പോഴും ശരീരം തളരുന്നത് പോലെ തോന്നാറുണ്ട് ഒപ്പം ക്ഷീണവും അനുഭവപ്പെടും. ഇവ ജീവിത ശൈലിയുടെയും, പോഷകാഹാരങ്ങളുടെയും കുറവാണു. ആരോഗ്യകരമായ ജീവിതരീതിയും പോഷകസമൃദ്ധമായ ഭക്ഷണരീതിയും പ്രോത്സാഹിപ്പിക്കുകയാണ് പോഷകാഹാരവാരം കൊണ്ട് ഉദ്ദേശിക്കുന്നത്. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസുണ്ടാകൂ. അതിനായി ആവശ്യത്തിന് പ്രോട്ടീനും വിറ്റമിനും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം.
എന്തൊക്കെ കഴിക്കണം?
കാർബോഹൈഡ്രേറ്റ്, നാരുകൾ, ലിപിഡ്സ്, പ്രോട്ടീൻ, ലവണങ്ങൾ, വിറ്റമിൻ, വെള്ളം തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം
ക്രമരഹിതമായ ഭക്ഷണരീതി
അമിത വണ്ണം, പ്രമേഹം, ഹൃദയാരോഗ്യം എന്നിവയുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നതാണ് ഡയറ്റ്. സന്തുലിതമായ ഭക്ഷണക്രമം എന്നത് കൂടുതൽ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുന്നതാണ്. അതിൽ നിന്ന് ആവശ്യത്തിനുള്ള വിറ്റമിനും ലവണങ്ങളും ലഭിക്കും. ആരോഗ്യകരമായ ഭക്ഷണം ആഴത്തിലുള്ള ഉറക്കം ലഭിക്കുന്നതിന് അത്യാവശ്യമാണ്. കാൽസ്യം, മഗ്നീഷ്യം, അയൺ, സിങ്ക്, വിറ്റമിൻ എ,സി,ഡി, ഇ, കെ എന്നിവയുടെ അഭാവം ഉറക്കപ്രശ്നങ്ങൾ സൃഷ്ടിക്കാം.
കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങളും ഉറക്കത്തെയും ഊർജത്തെയും പ്രതികൂലമായി ബാധിക്കും. കൂടുതൽ കാർബോഹൈഡ്രേറ്റ് ഭക്ഷണം കഴിച്ചാൽ ക്ഷീണം കൂടുകയും ഉറക്കം തൂങ്ങുകയും ചെയ്യും. കുറഞ്ഞ അളവിൽ ഇടക്കിടെ ഭക്ഷണം കഴിക്കുന്നത് ക്ഷീണം കുറക്കും.
ക്ഷീണവും തളർച്ചയും മാറാൻ കഴിക്കാവുന്ന ഭക്ഷണങ്ങൾ
പാൽ, ചീസ്, തൈര്, കട്ടിത്തൈര്
ഓറഞ്ച്, പേരക്ക, കിവിസ്, പപ്പായ, സ്ട്രോബറി തുടങ്ങിയ സിട്രസ് ഫ്രൂട്സ്
ബ്രോക്കോളി,ചെഞ്ചീര, കോളിഫ്ലവർ, കാപ്സിക്കം, കാരറ്റ്, തക്കാളി തുടങ്ങിയ പച്ചക്കറികൾ
മുട്ട, മത്സ്യം, ചിക്കൻ പോലുള്ള കൊഴുപ്പു കുറഞ്ഞ മാംസം
എല്ലാതരത്തിലുമുള്ള ധാന്യങ്ങളും പയർവർഗങ്ങളും
നിർജലീകരണം
ആവശ്യത്തിനുള്ള വെള്ളം ലഭിക്കുന്നുണ്ടെങ്കിൽ ഊർജം സംരക്ഷിക്കാൻ ശരീരത്തിനാകും. ജൈവിക പ്രക്രിയകൾ മൂലം നിങ്ങളുടെ ശരീരത്തിൽ നിന്ന് വെള്ളം നഷ്ടപ്പെടുന്നുണ്ട്. അത് തീർച്ചയായും പുനഃസ്ഥാപിക്കേണ്ടതുണ്ട്. നിർജലീകരണം ക്ഷീണത്തിനിടയാക്കും. അതിനാൽ നിരന്തരം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്
അമിത വണ്ണം
പൂർണമായ ആരോഗ്യത്തിന് ആരോഗ്യകരമായ ശരീരഭാരം സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അമിത വണ്ണം ഉറക്കത്തെ തടസപ്പെടുത്തും വിധം കൂർക്കംവലിക്ക് വഴിവെക്കും. അത് പകൽ സമയത്ത് ക്ഷീണത്തിനിടയാക്കും. ആരോഗ്യകരമായ ഭാരം നല്ല ഉറക്കത്തിനും ഊർജം നിലനിർത്തുന്നതിനും സഹായിക്കും. നല്ല ഉറക്കം അമിത വണ്ണം ഉണ്ടാക്കുന്നത് തടയുകയും ചെയ്യും
ഉറക്കക്കുറവ്
ഉറക്കത്തിനിടയിലാണ് ശരീരം വളർച്ചാ ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും കോശങ്ങളിൽ കേടുപാടുകൾ തീർക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നത്. രാത്രിയിൽ നല്ല ഉറക്കം ലഭിച്ചവർ കൂടുതൽ ഉൻമേഷമുള്ളവരാകുന്നു. തളർച്ചയുടെ പ്രധാനകാരണം നല്ല ഉറക്കം ലഭിക്കാത്തതാണ്.
സ്ട്രെസ്, ആരോഗ്യ പ്രശ്നങ്ങൾ, ഉറങ്ങാൻ തൃപ്തികരമല്ലാത്ത സാഹചര്യം തുടങ്ങിയ ഉറക്കമില്ലായ്മക്ക് ഇടവെക്കും. ഉറക്കമില്ലായ്മ അനുഭവപ്പെടുന്നവർ തീർച്ചയായും ഡോക്ടറെ കാണേണ്ടതാണ്.
Read More….നിങ്ങളുടെ കണ്ണില്‍ ഇത്തരം ലക്ഷണങ്ങളുണ്ടോ? സൂക്ഷിക്കുക; രക്തം കെട്ടികിടക്കാൻ സാധ്യതയുണ്ട്