എഴുതുന്നതിനേക്കാള്‍ വേഗത്തില്‍ നോട്ടുകളെടുക്കാന്‍ ടൈപ്പിങ്ങിലൂടെ സാധിക്കുമെന്നതൊക്കെ ശരി. പക്ഷേ, തലച്ചോറിന്റെ ഉത്തേജനത്തിനു ടൈപ്പിങ്ങിനേക്കാള്‍ നല്ലത് കൈ കൊണ്ടുള്ള എഴുത്താണെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു. 36 വിദ്യാര്‍ഥികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ രേഖപ്പെടുത്തുന്ന ഈ പഠനം നടത്തിയത് നോര്‍വീജിയന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പരീക്ഷണത്തിന്റെ ആരംഭത്തില്‍ വിദ്യാര്‍ഥികളോട് ഒന്നുകില്‍ ഡിജിറ്റല്‍ പേന ഉപയോഗിച്ച് ടച്ച് സ്‌ക്രീനില്‍ എഴുതാനോ അല്ലെങ്കില്‍ അതേ വാക്കുകള്‍ കീബോര്‍ഡില്‍ ടൈപ്പ് ചെയ്യാനോ ആവശ്യപ്പെട്ടു. മുന്നിലെ സ്‌ക്രീനില്‍ വരുന്ന വാക്കുകള്‍ വീണ്ടും വീണ്ടും എഴുതാനോ ടൈപ്പ് ചെയ്യാനോ 25 സെക്കന്‍ഡാണ് അവര്‍ക്ക് നല്‍കിയത്. ഈ സമയം ഇവരുടെ തലയില്‍ വച്ച തൊപ്പിയില്‍ ഘടിപ്പിച്ച 256 സെന്‍സറുകള്‍ തലച്ചോറിലെ തരംഗങ്ങളെ അളന്നു കൊണ്ടിരുന്നു.
തലച്ചോറിലെ കോശങ്ങള്‍ എവിടെയൊക്കെയാണ് സജീവമായിരുന്നതെന്നും പല ഭാഗങ്ങള്‍ എങ്ങനെയാണ് പരസ്‌പരം വിനിമയം നടത്തുന്നതെന്നും ഈ സെന്‍സറുകള്‍ രേഖപ്പെടുത്തി. ഇതില്‍ നിന്ന് എഴുതുമ്പോള്‍ തലച്ചോറിലെ ഏതാണ്ട് എല്ലാ ഭാഗങ്ങളും ഉദ്ദീപിക്കപ്പെടുന്നതായി ഗവേഷകര്‍ കണ്ടെത്തി. തലച്ചോറിന്റെ വിഷ്വല്‍, സെന്‍സറി, മോട്ടോര്‍ കേന്ദ്രങ്ങള്‍ തമ്മിലുള്ള വിനിമയം എഴുതുന്ന സമയത്ത് ശക്തമാണെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. ഡിജിറ്റല്‍ പേന ഉപയോഗിച്ച് എഴുതുന്നവര്‍ വാക്കുകളെ ഭാവനയില്‍ ചിത്രീകരിക്കുമെന്നും അവരുടെ മോട്ടോര്‍ ശേഷികളും ഉപയോഗപ്പെടുത്തുമെന്നും ഗവേഷകര്‍ കണ്ടെത്തി. ഓരോ അക്ഷരത്തിനും വ്യത്യസ്‌ത തരം ചലനങ്ങളാണ് കൈകള്‍ക്ക് നടത്തേണ്ടി വരുന്നത്. ഇതെല്ലാം തലച്ചോറിന് ഉത്തേജനം നല്‍കുമെന്ന് ഗവേഷകര്‍ പറയുന്നു.
Read also: എന്തുകൊണ്ടാണ് എപ്പോഴും ദാഹം തോന്നുന്നത്? ഈ 5 കാരണങ്ങൾ ശ്രദ്ധിക്കു
നേരെ മറിച്ച് ഇവ ടൈപ്പ് ചെയ്യുമ്പോള്‍ ഏതക്ഷരമാണെങ്കിലും കംപ്യൂട്ടറിലെ ഒരേ പോലെയുള്ള കീകളിലാണ് അമര്‍ത്തേണ്ടി വരുന്നത്. ഇത് മൂലം തലച്ചോറിന്റെ ഉത്തേജനമോ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള വിനിമയമോ നടക്കുന്നില്ല. എന്നാല്‍ എഴുതുകയും ടൈപ്പ് ചെയ്യുന്നവരും തമ്മില്‍ ഓര്‍മ്മശക്തിയിലും അക്കാദമിക പ്രകടനത്തിലും കാര്യമായ വ്യത്യാസമുണ്ടെന്നതിന് കൃത്യമായ തെളിവുകള്‍ ലഭ്യമല്ല. ഫ്രോണ്ടിയേഴ്‌സ് ഇന്‍ സൈക്കോളജി ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു