മുംബൈ∙ കല്യാണമണ്ഡപ ഓഫിസിലേക്ക് അപ്രതീക്ഷിതമായി കയറിയ പുള്ളിപ്പുലിയെ പൂട്ടി പന്ത്രണ്ടുകാരൻ. മഹാരാഷ്ട്രയിലെ മാലേഗാവിൽ ചൊവ്വാഴ്ച പുലർച്ചെ ഏഴിനായിരുന്നു സംഭവം. ഓഫിസിലേക്കു കയറിയ പുള്ളിപ്പുലിയെ പന്ത്രണ്ടുകാരനായ മോഹിത് അഹിരെയാണു സമയോചിത ഇടപെടലിൽ പൂട്ടിയിട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. നിരവധി പേർ മോഹിത്തിന്റെ സമയോചിത ഇടപെടലിനെ അഭിനന്ദിച്ച് രംഗത്തെത്തി.
തന്റെ പിതാവ് സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന കല്യാണമണ്ഡപത്തിലേക്കു പുലർച്ചെ എത്തിയതായിരുന്നു മോഹിത്. അതിനിടെ ഓഫിസിലേക്ക് പോയി സോഫയിലിരുന്നു ഫോൺ ചാർജ് ചെയ്തുകൊണ്ട് മൊബൈൽ ഗെയിം കളിക്കുന്നതിനിടെയാണു സമീപത്തു കൂടെ ഒരു പുള്ളിപ്പുലി ഓഫിസിന്റെ അകത്തെ മുറിയിലേക്കു പോകുന്നത് മോഹിത് കണ്ടത്. പുലി ഉള്ളിലേക്കു കയറിയെന്ന് ഉറപ്പാക്കിയതിനുശേഷം മൊബൈലുമായി ഇറങ്ങി മുറിയുടെ വാതിൽ പൂട്ടുകയായിരുന്നു. ഇതിനുശേഷം പിതാവിനെയും നാട്ടുകാരെയും വിളിച്ചുകൂട്ടി. പിന്നീടു വനം വകുപ്പ് അധികൃതരെത്തി മയക്കുവെടി വച്ച് പുലിയെ കൂട്ടിലാക്കി.
വനമേഖലയോടു ചേർന്ന മാലേഗാവിൽ ചൊവ്വാഴ്ച പുലർച്ചെ പുലിയിറങ്ങിയിരുന്നു. ഇതിനെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തിരയുന്നതിനിടെയാണു പന്ത്രണ്ടുകാരൻ പൂട്ടിയിട്ടത്. കുട്ടിയുടെ പ്രവർത്തനത്തിനു നിരവധി അഭിനന്ദനങ്ങളാണ് എത്തുന്നത്.