ന്യൂഡൽഹി: മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതിനുള്ള ചട്ടങ്ങൾ കൂടി വിജ്ഞാപനം ചെയ്തതോടെ ദേശീയ ജനസംഖ്യാ റജിസ്റ്ററും (എൻപിആർ) ദേശീയ പൗര റജിസ്റ്ററും (എൻആർസി) സംബന്ധിച്ച ചോദ്യങ്ങളും ഉയരുന്നു. 2021ലെ സെൻസസിന്റെ ഭാഗമായി എൻപിആർ തയാറാക്കാൻ കേന്ദ്രം നടപടിയെടുത്തിരുന്നു. എന്നാൽ, എൻപിആർ നടപ്പാക്കുന്നതിനെ കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളും എതിർത്തു.
സെൻസസിന്റെ ഭാഗമായുള്ളതാണ് എൻപിആറെന്നും അതിനെ എതിർക്കാൻ സംസ്ഥാനങ്ങൾക്കു സാധിക്കില്ലെന്നുമാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് തുടങ്ങാൻ ഇതുവരെ നടപടിയായിട്ടില്ല. ഏതാനും സംസ്ഥാനങ്ങൾ നിസ്സഹകരണം പ്രഖ്യാപിച്ച സ്ഥിതിക്ക് സെൻസസിനൊപ്പം എൻപിആറും നടത്താൻ സാധിക്കുമോയെന്ന് ഇനിയും വ്യക്തമല്ല.
പൗരത്വ ഭേദഗതി നിയമ വ്യവസ്ഥകൾപോലെ വിവാദ സ്വഭാവമുള്ളതാണ് എൻആർസി. കേരളത്തിനു പുറമേ ബംഗാൾ, ഒഡീഷ, ബിഹാർ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളും എൻആർസിയെ എതിർത്തിരുന്നു. എൻപിആറിനായി ശേഖരിക്കുന്ന വിവരങ്ങളുടെ അടിനത്തിൽ എൻആർസി തയാറാക്കുമെന്നാണു കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. നുഴഞ്ഞുകയറ്റം തടയുകയെന്നതാണ് എൻആർസി നടത്തുന്നതിനു കേന്ദ്രം പറഞ്ഞിട്ടുള്ള കാരണം.
2011ലെ സെൻസസിനൊപ്പം എൻപി ആറും തയാറാക്കിയിരുന്നു. 2015ൽ മൊബൈൽ നമ്പർ, ആധാർ നമ്പർ, റേഷൻ കാർഡ് നമ്പർ തുടങ്ങിയവ ഉൾപ്പെടുത്തി എൻപിആർ പരിഷ്കരിക്കാൻ നടപടി തുടങ്ങി. എൻപിആർ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, അപേക്ഷിക്കാതെതന്നെ പലർക്കും ആധാർ കാർഡും നൽകി. എന്നാൽ, എൻപിആറിനെ എൻആർസിയുമായി ബന്ധിപ്പിക്കാൻ മോദി സർക്കാർ താൽപര്യപ്പെട്ടപ്പോഴാണു വിവാദമായത്.
എൻപിആർ സെൻസസുമായി ബന്ധപ്പെട്ട നടപടിയാണെന്നു കേന്ദ്രം വാദിക്കുന്നുണ്ട്. എന്നാൽ, എൻപിആറും പൗരത്വ നിയമവുമായാണു ബന്ധമെന്നതാണു വസ്തുത. എൻപിആർ മാത്രമല്ല, എൻആർസിയും പൗരത്വ നിയമത്തിന്റെയും ഈ നിയമത്തിനായി 2003ൽ വാജ്പേയി സർക്കാരിന്റെ കാലത്തു തയാറാക്കിയ ചട്ടങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്.
ഇന്ത്യൻ പൗരന്മാർക്കെല്ലാം റജിസ്ട്രേഷൻ, ദേശീയ തിരിച്ചറിയൽ കാർഡ് എന്നിവ നിർബന്ധമെന്ന് നിയമത്തിന്റെ 14എ വകുപ്പു വ്യക്തമാക്കുന്നു. ഇന്ത്യയിൽ ‘സാധാരണ താമസിക്കുന്ന’വരെല്ലാം നിർബന്ധമായും എൻപിആറിനു വിവരങ്ങൾ നൽകേണ്ടതുണ്ട്. 6 മാസമായി ഒരു സ്ഥലത്ത് താമസിക്കുന്നതും അടുത്ത 6 മാസത്തേങ്കിലും അതേ സ്ഥലത്തു താമസിക്കാൻ ഉദ്ദേശിക്കുന്നവരുമാണ് ‘സാധാരണ താമസിക്കുന്നവർ’ എന്ന നിർവചനത്തിൽ വരുന്നത്.
2003ലെ ചട്ടത്തിന്റെ നാലാം വകുപ്പ് എൻആർസി തയാറാക്കുന്നതു സംബന്ധിച്ചുള്ളതാണ്. അതനുസരിച്ച്, എൻപിആറിനായി ശേഖരിച്ച വിവരങ്ങൾ പരിശോധിച്ചാണു പൗരരുടെ ലോക്കൽ റജിസ്റ്റർ തയാറാക്കേണ്ടത്. ഈ പരിശോധനയിൽ, പൗരത്വം സംബന്ധിച്ചു സംശയമുള്ള വ്യക്തികളെക്കുറിച്ച് ലോക്കൽ റജിസ്ട്രാർ തന്റെ പരാമർശങ്ങൾ ഉൾപ്പെടുത്തണം. സംശയഗണത്തിൽ പെടുന്നവർക്കു തുടർന്നു പൗരത്വം തെളിയിക്കാൻ സ്വീകരിക്കാവുന്ന നടപടികളും ചട്ടത്തിൽ പറയുന്നുണ്ട്.
Read more:
- സി.എ.എ വിവേചനപരം -ആംനസ്റ്റി ഇന്റർനാഷനൽ
- പാർലമെൻ്റിലെ ഇരു സഭകളിലും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് ബി.ജെ.പി എം.പി : വിശദീകരണവുമായി പാർട്ടി
- ഹിമാചലിലെ വിമത എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച ഹർജി നാളെ സുപ്രീം കോടതിയിൽ
- രാജിക്ക് കാരണം ബംഗാൾ സന്ദർശനത്തിനിടെയുണ്ടായ അഭിപ്രായവ്യത്യാസം
- പിക്കപ്പ് ജീപ്പ് മറിഞ്ഞ് അസം സ്വദേശി മരിച്ചു:9 പേർക്ക് പരിക്കേറ്റു
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ