ന്യൂ ഡല്‍ഹി : പുതിയ ക്രിമിനല്‍ നിയമങ്ങള്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ ആള്‍ക്കൂട്ടാക്രമണത്തിന് വധശിക്ഷയാണ് ശിപാര്‍ശ ചെയ്തിരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. രാജ്യദ്രോഹനിയമം ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരസേനാനികളെ ദീര്‍ഘകാലം ജയിലിലിട്ടത് ഈ നിയമം ഉപയോഗിച്ചാണെന്നും അമിത് ഷാ പറഞ്ഞു. രാജ്യ ദ്രോഹനിയമം ബ്രിട്ടീഷുകാരാണ് ഉണ്ടാക്കിയത്. ഇതു പ്രകാരം ബാലഗംഗാധര തിലകൻ, മഹാത്മ ഗാന്ധി, സര്‍ദാര്‍ പട്ടേല്‍ തുടങ്ങി നിരവധി നേതാക്കള്‍ക്ക് വര്‍ഷങ്ങളോളം ജയില്‍ കഴിയേണ്ടി വന്നു. ഇതാദ്യമായി രാജ്യദ്രോഹനിയമം മുഴുവനായും ഒഴിവാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഷാ പറഞ്ഞു. ഇന്ത്യയിലെ ക്രിമിനല്‍ നീതി സംവിധാനത്തിന്റെ പൊളിച്ചെഴുത്താണ് പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നത്. നീതിക്കാണ് പുതിയ ബില്ലില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.