ന്യൂഡൽഹി∙ ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട കേസിൽ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷനു കൈമാറിയെന്ന് എസ്ബിഐ. സുപ്രീംകോടതിയിൽ നൽകിയ വാംഗ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. ആകെ വിറ്റത് 22,217 കടപ്പത്രങ്ങളാണെന്നും ഇതിൽ 22,030 എണ്ണം രാഷ്ട്രീയ പാർട്ടികൾ ഉപയോഗിച്ചെന്നും എസ്ബിഐ കോടതിയിൽ അറിയിച്ചു.
2019 എപ്രിൽ മുതൽ 2024 ഫെബ്രുവരി 15 വരെയുള്ള വിവരങ്ങളാണ് കൈമാറിയത്.
പെൻഡ്രൈവിലാണു തെരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങൾ കൈമാറിയതെന്നും ഇതിലെ രണ്ടു പിഡിഎഫ് ഫയലുകൾക്കു പാസ്‌വേഡ് നൽകിയിട്ടുണ്ടെന്നും എസ്ബിഐ പറയുന്നു. വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന്റെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനു ശേഷമായിരിക്കും പരിശോധന.
തെരഞ്ഞെടുപ്പ് കടപ്പത്രത്തിലെ വിവരങ്ങള്‍ ചൊവ്വാഴ്ച വൈകിട്ടാണു തെരഞ്ഞെടുപ്പ് കമ്മിഷന് എസ്ബിഐ കൈമാറിയത്. കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന സുപ്രീംകോടതി മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു നടപടി. തെരഞ്ഞെടുപ്പ് കമ്മിഷൻ ഈ വിവരങ്ങള്‍ 15 ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ഓരോ പാർട്ടിക്കും ആരുടെയെല്ലാം പണം ലഭിച്ചുവെന്ന വിവരം എസ്ബിഐ ക്രോഡീകരിച്ച് നൽകിയിട്ടില്ല. ഇതിനു ജൂൺ 30 വരെ സാവകാശം ആവശ്യപ്പെട്ടാണു സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരുന്നത്.ഇലക്ടറല്‍ ബോണ്ട് ആര് വാങ്ങി, ആരാണ് സ്വീകരിച്ചത് എന്ന വിവരങ്ങള്‍ പ്രത്യേകം സമര്‍പ്പിച്ചാല്‍ മതി എന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണക്കു പ്രകാരം 2018 മുതല്‍ 2022 മാര്‍ച്ച് വരെ 5271 കോടി രൂപ ബോണ്ടുകള്‍ വഴി ബി.ജെ.പിക്ക് ലഭിച്ചപ്പോള്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് ലഭിച്ചത് 952 കോടി രൂപയായിരുന്നു. വിവരങ്ങൾ പുറത്തു വന്നാൽ ബോണ്ട് വഴി ഏറ്റവും കൂടുതല്‍ പണം സമാഹരിച്ച ബിജെപിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.