ബംഗളൂരു: അടുത്ത വർഷം വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ ഒറ്റക്കെട്ടായി പ്രതിപക്ഷം. ബംഗളൂരുവിൽ ചൊവ്വാഴ്ച ചേർന്ന 28 പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ വിശാല സഖ്യത്തിന് ‘INDIA’ എന്ന് പേരിടാൻ തീരുമാനമായി. ഇന്ത്യൻ നാഷനൽ ഡെമോക്രാറ്റിക് ഇൻക്ലുസിവ് അലയൻസ് എന്നതിന്റെ സംക്ഷിപ്തരൂപമാണിത്.
യോഗത്തിൽ ചേർന്ന മുഴുവൻ പാർട്ടികളും സഖ്യത്തിന്റെ പുതിയ പേരിനോട് യോജിച്ചു. നേരത്തേ, ജൂൺ 23ന് പട്നയിൽ ചേർന്ന പ്രതിപക്ഷകക്ഷികളുടെ ആദ്യയോഗമാണ് ജൂലൈ 18ന് ബംഗളൂരുവിൽ വീണ്ടും ഒന്നിച്ചിരിക്കാൻ തീരുമാനിച്ചത്. ഇക്കുറി എട്ടു പുതിയ പാർട്ടികൾ കൂടി സഖ്യത്തിന്റെ ഭാഗമാവാൻ നിശ്ചയിച്ച് യോഗത്തിലെത്തിയിരുന്നു.
സഖ്യത്തിന്റെ പുതിയ പേര് രാഷ്ട്രീയ ജനതാദൾ പാർട്ടിയുടെ ട്വിറ്റർ ഹാൻഡിലിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. എന്നാൽ, പിന്നീടത് ഡിലീറ്റ് ചെയ്തു. വാർത്താ സമ്മേളനത്തിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് ട്വീറ്റ് ചെയ്തതിനെ തുടർന്നായിരുന്നു അത്. തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയൻ ‘ചക്ദേ ഇന്ത്യ’ എന്ന് ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തെ ജനാധിപത്യം, ഭരണഘടന, വൈവിധ്യം എന്നിവ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ‘ഇന്ത്യ’ എന്ന പേര് ഏറെ അനുയോജ്യമാകുമെന്നാണ് പ്രതിപക്ഷകക്ഷി നേതാക്കളുടെ വിലയിരുത്തൽ. ചിലർ ‘അലയൻസ് (സഖ്യം’ എന്ന് പേരിനൊപ്പം ചേർക്കണമെന്ന് അഭിപ്രായപ്പെട്ടെങ്കിലും ഒടുവിൽ ഇന്ത്യ എന്ന പേര് ഐകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ‘ഇന്ത്യ’ എന്ന പേരിന്റെ സാംഗത്യം ബോധ്യപ്പെടുത്തിയതോടെ അവരും അനുകൂലിച്ചുവെന്നാണ് റിപ്പോർട്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം