ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കുമെന്നത് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ മാത്രമെന്ന് കേന്ദ്രം. പ്രതിപക്ഷമാണ് ഇത്തരംകാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. രാജ്യത്തിന്‌റെ പേരുമാറ്റം സംബന്ധിച്ചുയർന്ന വിവാദങ്ങളോടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
”ഞാന്‍ ഭാരത് സര്‍ക്കാരിലെ മന്ത്രിയാണ്. 2023 ജി 20 ഔദ്യോഗിക രേഖകളിലും ലോഗോയിലും ഭാരതമെന്നും ഇന്ത്യയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നെ ഭാരതമെന്നതിനെ എതിര്‍ക്കാന്‍ എന്തിരിക്കുന്നു. ഇത്തരം മനസ്ഥിതിയുള്ളവര്‍ ഇന്ത്യയ്ക്കും ഭാരതത്തിനുമെതിരെ നിലപാടെടുക്കുന്നവരാണ് . ഇന്ത്യ എന്ന പേര് ആരും ഉപേക്ഷിച്ചിട്ടില്ല. ജി-20യ്ക്കായി ഇന്ത്യ, ഭാരതം എന്ന് രേഖപ്പെടുത്തിയ ലോഗോ ഒരുവര്‍ഷമായി നിലവിലുണ്ട്. പിന്നെ ഇപ്പോഴുയർത്തുന്ന പ്രചാരണങ്ങള്‍ എന്തിനാണ്” – കേന്ദ്രമന്ത്രി ചോദിച്ചു