ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കാനിരിക്കെ വലിയ സർപ്രൈസുമായി മോദി സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാജ്യത്ത് ഇന്ധന വില കുറക്കുമെന്നാണ് സൂചനകൾ. കഴിഞ്ഞ ആഴ്ച പാചക വാതക വില കുറച്ചിരുന്നു.
പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുമെന്നത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. നിലവിൽ രാജ്യത്ത് നൂറ്റിപ്പത്തിനോടടുത്താണ് പെട്രോള്‍ വില. ഇക്കാരത്താല്‍ തന്നെ അവശ്യവസ്തുക്കളുടെ വിലയും കൂടുതലാണ്. പെട്രോള്‍ വില കുറയ്ക്കുന്നത് വിലക്കയറ്റത്തിനും പരിഹാരമാകുമെന്നാണ് വിലയിരുത്തലുകൾ
ഇത് കണക്കിലെടുത്താണ് പ്രഖ്യാപനത്തിന് ഒരുങ്ങുന്നത്.
പാചകവാതക വില കുറച്ചതിന് വലിയ സ്വീകാര്യത ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് പെട്രോളിനും വില കുറയ്ക്കാന്‍ തയ്യാറെടുക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാജ്യത്തെ പെട്രോള്‍ വില പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ചയാക്കുന്നത് ഒരുപരിധി വരെ തടയാനും തീരുമാനം സഹായിക്കുമെന്നാണ് കേന്ദ്രത്തിന് ലഭിച്ചിരിക്കുന്ന ഉപദേശം.