ന്യൂഡൽഹി: അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിലാണെന്നും ഉത്തർപ്രദേശിലെത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമാകില്ലെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കുചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും അസുഖത്തെ തുടർന്ന് യാത്രക്കുണ്ടാവില്ലെന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചു.
ബിഹാറിൽനിന്നു യാത്ര ഉത്തർപ്രദേശിലെ ചന്ദൗലിയിലെത്തുമ്പോഴാണ് പ്രിയങ്ക രാഹുലിനൊപ്പം ചേരുക എന്നായിരുന്നു അറിയിച്ചിരുന്നത്. അസുഖം മൂലം പ്രിയങ്ക പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ പ്രവർത്തകർ നിരാശരായി.
” ഇന്ന് ഉത്തർ പ്രദേശിൽ ഭാരത് ജോഡോ ന്യായ് യാത്രയെ സ്വീകരിക്കാൻ ആവേശപൂർവം കാത്തിരിക്കുകയായിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ, ഞാൻ ആശുപത്രിയിൽ അഡ്മിറ്റാണ്. അസുഖം ഭേദമായാൽ ഉടൻ യാത്രക്കൊപ്പം ചേരും. അതേസമയം, യാത്ര ഇന്ന് ചന്ദൗലിയിൽ എത്തുമ്പോൾ എല്ലാ ക്രമീകരണങ്ങളും ഒരുക്കി കഠിനാധ്വാനം ചെയ്യുന്ന യു.പിയിലെ പ്രിയസഹോദരങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു” . – പ്രിയങ്ക എക്സിൽ കുറിച്ചു.
ഫെബ്രുവരി 16 മുതൽ 21 വരെയും തുടർന്ന് രണ്ടുദിവസത്തെ വിശ്രമത്തിനുശേഷം 24, 25 ദിവസങ്ങളിലും ഉത്തർപ്രദേശിലായിരിക്കും ഭാരത് ജോഡോ ന്യായ് യാത്ര. 15 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന രാഹുൽ ഗാന്ധിയുടെ ന്യായ് യാത്ര മണിപ്പുരിൽ കഴിഞ്ഞമാസം 14 നാണ് തുടങ്ങിയത്. മണിപ്പുരിൽനിന്നു മുംബൈ വരെയാണു ഭാരത് ജോഡോ ന്യായ് യാത്ര.
Read more:
- ഇന്ത്യൻ വിദ്യാർഥികൾക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങൾ അംഗീകരിക്കില്ല; തടയാൻ കഠിനമായി പരിശ്രമിക്കുകയാണെന്ന് ബൈഡൻ
- ട്രംപിനെതിരായ ക്രിമിനൽ വിചാരണ മാർച്ച് 25ന്
- കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടി ഒഴിവാക്കി
- പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉമർ അയൂബ് ഖാനെ നാമനിർദേശം ചെയ്ത് പി.ടി.ഐ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക