മുംബൈ: മാവോവാദി കേസിൽ ഹൈകോടതി കുറ്റമുക്തനാക്കിയിട്ടും ഡൽഹി സർവകലാശാല മുൻ പ്രഫസർ ഡോ. ജി.എൻ. സായിബാബയുടെ ജയിൽ മോചനം വൈകുന്നു. ചൊവ്വാഴ്ചയായിരുന്നു വിധി. വിധിക്കെതിരെ അപ്പീൽ സാധ്യതയുള്ളതിനാൽ ഹൈകോടതി ഉത്തരവ് പ്രകാരം 50,000 രൂപ കെട്ടിവെക്കണം.
സായിബാബ അടക്കം അഞ്ചുപേർക്ക് ജീവപര്യന്തവും മറ്റൊരാൾക്ക് 10 വർഷം തടവുമായിരുന്നു വിധിച്ചത്. ഗഡ്ചിറോളി കോടതിയിൽ ജാമ്യത്തുക കെട്ടിവെച്ചെങ്കിലും ഇതു സംബന്ധിച്ച ഇ-മെയിൽ സായിബാബയെ പാർപ്പിച്ച നാഗ്പുർ സെൻട്രൽ ജയിലിൽ കിട്ടിയിട്ടില്ലെന്നാണ് പറയുന്നത്. ഇതേ ത്തുടർന്ന് ബുധനാഴ്ചയും പുറത്തിറങ്ങാനായില്ല. പ്രോസിക്യൂഷൻ വാദങ്ങൾ തള്ളിയാണ് ഹൈകോടതി വിധി.
അനുമതിയില്ലാതെ യു.എ.പി.എ ചുമത്തിയ വിചാരണ അസാധുവാണെന്നും നീതിന്യായത്തിന്റെ പരാജയമാണെന്നും വിധിയിൽ പറയുന്നു. അറസ്റ്റ്, റെയ്ഡ്, ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കമുള്ള വസ്തുക്കളുടെ കണ്ടുകെട്ടൽ എന്നിവ യു.എ.പി.എ പ്രകാരമല്ല. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനോ സായുധ സമരത്തിന് പ്രോത്സാഹിപ്പിക്കാനോ ഗൂഢാലോചന നടത്തി എന്നതിന് തെളിവുകളില്ല. 2013 സെപ്റ്റംബറിൽ സായിബാബയുടെ വീട്ടിൽ റെയ്ഡ് നടത്തുകയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് എട്ടുമാസത്തിനു ശേഷമാണ്.
സായിബാബയുടെ വീട്ടിൽ നിന്നും കണ്ടെടുത്ത ഹാർഡ് ഡിസ്കിലെ ലഘുലേഖകളിൽനിന്നും മാവോവാദി തത്ത്വങ്ങളോടോ പാർശ്വവത്കരിക്കപ്പെട്ടവരോടോ ആദിവാസികളോടോ സായിബാബക്ക് അനുഭാവമുണ്ടെന്ന് അനുമാനിക്കാമെങ്കിലും ലഘുലേഖകൾ കൈവശം വെക്കുന്നതും മാവോവാദി വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കുറ്റമല്ലെന്നും വിധിയിൽ പറയുന്നു.
Read more :
- ‘അമ്മാതിരി കമന്റൊന്നും വേണ്ട’: ‘മുഖാമുഖം’ പരിപാടിക്കിടെ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി
- ‘അമ്മ ഞാൻ തിരിച്ചുപോകുവാ’: സിദ്ധാർഥൻ അമ്മയ്ക്ക് അയച്ച വാട്സാപ് സന്ദേശം യാത്രാമൊഴി പോലെയായി
- പൂഞ്ഞാർ സെൻറ് മേരീസ് ഫെറോന പള്ളിയിലെ അനിഷ്ടസംഭവങ്ങൾ; മുഖ്യമന്ത്രിയുടെ വസ്തുതാ വിരുദ്ധമായ പരാമർശം പിൻവലിക്കണമെന്ന് വിവിധ സംഘടനകൾ
- ഗസ്സയിൽ റമദാൻ മാസത്തിനു മുമ്പായി വെടിനിർത്താൻ അമേരിക്ക ശക്തമായ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ട്
- വയനാട്ടിലെ വന്യജീവി ആക്രമണം; സർക്കാറിന്റെ സത്യവാങ്മൂലം; 9 ദീർഘകാല പദ്ധതികളും 21 ഹ്രസ്വകാല പദ്ധതികളും
- പ്രതിസന്ധി ഒഴിയാതെ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ