ലഖ്നോ: മധുര ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ നടത്താൻ അനുമതി നല്കിയ അലഹബാദ് ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പള്ളിയില്‍ പ്രാഥമിക സര്‍വേ നടത്താൻ കഴിഞ്ഞ ദിവസമാണ് അലഹബാദ് ഹൈകോടതി അനുമതി നല്‍കിയത്.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്ന ഹരജി തള്ളിയത്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട ഒരു കൂട്ടം പരാതികള്‍ കൈമാറിയ ഹൈക്കോടതിയുടെ 2023 മെയ് ഉത്തരവിനെ ചോദ്യം ചെയ്തുള്ള സ്പെഷ്യല്‍ ലീവ് പെറ്റീഷൻ കോടതി പരിഗണിക്കുന്നതിനിടെയാണ് ഇത്. ഇപ്പോള്‍ വിചാരണ കോടതിയായ അലഹബാദ് ഹൈകോടതി ഫലത്തെ സ്വാധീനിക്കുന്ന ചില ഇടക്കാല ഉത്തരവുകള്‍ പാസാക്കിയിട്ടുണ്ടെന്ന് മസ്ജിദ് കമ്മിറ്റ് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദി വാദിച്ചു. എന്നാല്‍ ഹരജിയില്‍ ഹൈകോടതി ഉത്തരവിനെ ഔദ്യോഗികമായി ചോദ്യം ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അവധിക്ക് ശേഷം കേസില്‍ വാദം കേള്‍ക്കാമെന്നും ഹൈകോടതി ഉത്തരവിട്ടാല്‍ മസ്ജിദ് കമ്മിറ്റിക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്ന് ബെഞ്ച് പറഞ്ഞു.
സര്‍വേക്ക് അഭിഭാഷക കമീഷനെ നിയമിക്കാൻ അലഹബാദ് ഹൈകോടതി ജസ്റ്റിസ് മായങ്ക് കുമാര്‍ ജെയ്ൻ അനുമതി നല്‍കിയിരുന്നു. മൂന്നംഗ കമീഷനെ നിയോഗിക്കാനാണ് കോടതി തീരുമാനം. തുടര്‍നടപടികള്‍ ഡിസംബര്‍ 18ന് കോടതി തീരുമാനിക്കും. ഷാഹി ഈദ്ഗാഹ് പള്ളിയില്‍ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും യഥാര്‍ഥ സ്ഥാനമറിയാൻ അഭിഭാഷക കമീഷനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്.
2020 സെപ്റ്റംബര്‍ 25നാണ് ഭഗവാൻ ശ്രീകൃഷ്ണ വിരാജ്മാന്റെ പേരില്‍ ലഖ്നോ കേന്ദ്രമായ രഞ്ജന അഗ്നിഹോത്രിയും മറ്റു ആറുപേരും ചേര്‍ന്ന് ഹരജി നല്‍കിയത്. ഭഗവാൻ ശ്രീകൃഷ്ണ വിരാജ്മാന്റെ അടുത്ത സുഹൃത്തുക്കളാണെന്ന് അവകാശപ്പെട്ടാണ് ഇവര്‍ കോടതിയിലെത്തിയത്. ശ്രീകൃഷ്ണന്റെ ജന്മഭൂമിയിലാണ് പള്ളി നിലനില്‍ക്കുന്നതെന്നും അതിനാല്‍ പള്ളി പൊളിച്ചുമാറ്റി 13.37 ഏക്കര്‍ ഭൂമി ശ്രീകൃഷ്ണ വിരാജ്മാൻ പ്രതിമക്ക് തിരികെ നല്‍കണമെന്നുമാണ് ആവശ്യം. യു.പി സുന്നി സെൻട്രല്‍ വഖഫ് ബോര്‍ഡ്, ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി എന്നിവരാണ് എതിര്‍കക്ഷികള്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു