ഡൽഹി: ‘ഇന്ത്യ’ മുന്നണിയുടെ ആദ്യറാലി ബിഹാർ തലസ്ഥാനമായ പട്നയിലെ ഗാന്ധിമൈതാനിയിൽ നടത്താൻ ആലോചന. അഞ്ചുസംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായാലുടൻ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനം സജീവമാക്കാനാണ് കോൺഗ്രസ് നീക്കം. തീയതിയെക്കുറിച്ച് ആലോചിച്ചിട്ടില്ല.
നേരത്തേ ഭോപാലിൽ റാലിനടത്താനാണ് ആലോചിച്ചത്. മുംബൈ യോഗത്തിനുശേഷം ഏറക്കുറെ നിർജീവമായ ഇന്ത്യ സഖ്യത്തെ സജീവമാക്കുന്നതും പട്ന റാലിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഭോപാലിൽ നിശ്ചയിച്ച റാലി മാറ്റിവെക്കുകയും മധ്യപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് ധാരണ വിജയിക്കാതെപോവുകയും ചെയ്തതോടെ ഇന്ത്യാസഖ്യത്തിനകത്ത് അസ്വസ്ഥതപരന്നിരുന്നു.
അതേസമയം സഖ്യം നിർജീവമായതിന് ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ-യു നേതാവുമായ നിതീഷ് കുമാർ പട്നയിൽ സി.പി.ഐ. സംഘടിപ്പിച്ച റാലിയിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചു. ഇന്ത്യാസഖ്യത്തിന് താളം വീണ്ടെടുക്കാനാവാത്തത് കോൺഗ്രസ് അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പുകളിൽ മുഴുകിയതുകൊണ്ടാണെന്നാണ് നിതീഷ് പറഞ്ഞത്. അവർക്ക് അത് മാത്രമാണ് ഉത്കണ്ഠയെന്നായിരുന്നു നിതീഷിന്റെ കുത്ത്.
read also സാങ്കേതിക സർവകലാശാല അഭിഭാഷകന് അനുവദിച്ചത് 92 ലക്ഷം രൂപ; വെളിപ്പെടുത്തലുമായി മന്ത്രി ആർ. ബിന്ദു
മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റുവിഭജനചർച്ച പരാജയപ്പെട്ട പശ്ചാത്തലത്തിൽ കോൺഗ്രസിനെ ലാക്കാക്കിയുള്ള നിതീഷിന്റെ പ്രതികരണം പ്രതിപക്ഷപാർട്ടികളിൽ ചർച്ചയായിട്ടുണ്ട്. പ്രതിപക്ഷ കൂട്ടായ്മയ്ക്ക് തുടക്കത്തിൽ മുൻകൈയെടുത്ത നേതാവാണ് നിതീഷ് കുമാർ.
‘‘ഇന്ത്യാമുന്നണിയിൽ കോൺഗ്രസ് നായകത്വം വഹിക്കണമെന്ന് മറ്റുകക്ഷികളെല്ലാവരും ചേർന്നെടുത്ത തീരുമാനമാണ്. പക്ഷേ, മുന്നണിയുടെ അടുത്തയോഗം വിളിക്കുന്നതിലടക്കം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ പൂർത്തിയായശേഷമേ പ്രതികരിക്കൂ എന്ന നിലപാടിലാണ് കോൺഗ്രസ്’’ -നിതീഷ് കുമാർ പറഞ്ഞു.
നിയമസഭാതിരഞ്ഞെടുപ്പ് പ്രധാനമാണെന്ന് കോൺഗ്രസ് ഇതിനോട് പ്രതികരിച്ചു. ഇന്ത്യാമുന്നണി ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രൂപവത്കരിച്ചതാണ്. നിതീഷിന്റെ ഉത്കണ്ഠ മനസ്സിലാക്കുന്നു. അഞ്ചുസംസ്ഥാനങ്ങളിൽ കോൺഗ്രസ് ബി.ജെ.പി.യോട് നേരിട്ടേറ്റുമുട്ടുകയാണ്. കോൺഗ്രസിനനുകൂലമായാണ് സർവേഫലങ്ങളുമുള്ളത്. ഈ തിരഞ്ഞെടുപ്പുകൾ പൂർത്തിയായാലുടൻ ഇന്ത്യാസഖ്യത്തിന്റെ മുംബൈ യോഗം തീരുമാനിച്ച കർമപരിപാടിയിലേക്ക് കോൺഗ്രസ് കടക്കുമെന്ന് പ്രവർത്തകസമിതിയംഗം ഡോ. നാസിർ ഹുസൈൻ എം.പി. വ്യക്തമാക്കി.
നിതീഷിന്റെ പ്രസ്താവനയ്ക്കുപിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് ബി.ജെ.പി. രംഗത്തെത്തി. രാഹുൽജി ഇന്ത്യാ ജോഡോ യാത്ര നടത്തണമെന്ന് ബി.ജെ.പി. നേതാവ് ഷെഹ്സാദ് പൂനവാല എക്സിലിട്ട കുറിപ്പിൽ പരിഹസിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു