തിരുവനന്തപുരം: അനാവശ്യ ധൂർത്തുകളുടെ പേരിൽ സംസ്ഥാന ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിമർശനം നേരിട്ട സർക്കാരുകളാണ് ഒന്നാം പിണറായി സർക്കാരും തുടർ ഭരണം ലഭിച്ച രണ്ടാം പിണറായി സർക്കാരും. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് ധൂർത്ത് പൂത്തുലയുകയാണെന്നാണ് പ്രതിപക്ഷത്തിൻ്റെ വിമർശനം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരിലാണ് മുമ്പ് ആരോപണങ്ങൾ വന്നതെങ്കിൽ ഇപ്പോൾ ‘ധൂർത്തപുത്രനായി’ മാറിയിരിക്കുന്നത് സഭാ നാഥനായ എ.എൻ.ഷംസീറാണ്.
പതിനഞ്ചാം നിയമസഭയുടെ പത്താം സമ്മേളനം കഴിഞ്ഞതോടെ സർക്കാർ ചിലവിൽ ഫിറ്റ്നസ് മെച്ചപ്പെടുത്താൻ ഒരുങ്ങുകയാണ് സ്പീക്കർ. ഇതിൻ്റെ ഭാഗമായി തൻ്റെ ഔദ്യോഗിക വസതിയിൽ കോടികൾ ചിലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെ ജിമ്മും ഫിറ്റ്നസ് സെൻ്ററും നിർമ്മിക്കാനാണ് തീരുമാനം. വിലയൽപം കൂടിയാലും വേണ്ടിയില്ല തൻ്റെ ആരോഗ്യ പരിപോഷണത്തിന് എറ്റവും മികച്ച ഉപകരണങ്ങൾ തന്നെ വാങ്ങണമെന്നാണ് ഷംസീറിൻ്റെ നിർദ്ദേശം.
ഫിറ്റ്നസ് സെൻ്ററിനും വേണ്ടി വരുന്ന ഉപകരണങ്ങൾ വാങ്ങാനുള്ള ടെണ്ടർ നിയമസഭാ സെക്രട്ടറിയേറ്റ് ഫെബ്രുവരി 16ന് ക്ഷണിച്ചു. ഫെബ്രുവരി 21 ഉച്ചക്ക് 3 മണിയാണ് ടെണ്ടർ സമർപ്പിക്കാനുള്ള അവസാന തീയതി.എസി ട്രേഡ് മില്‍, ലെഗ് കര്‍ള്‍ ആന്റ് ലെഗ് എക്‌സ്റ്റെന്‍ഷന്‍, കൊമേഴ്‌സ്യല്‍ ക്രോസ് ട്രെയിനര്‍ എന്നി ഉപകരണങ്ങളാണ് ഫിറ്റ്നസ് സെൻ്ററിന് വേണ്ടി വാങ്ങാൻ സ്പീക്കർ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഉപകരണങ്ങൾക്ക് വേണ്ട സ്‌പെസിക്കേഷനും ടെണ്ടര്‍ വിശദാംശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം സർക്കാർ ചിലവിൽ തന്നെ തലസ്ഥാനത്തെ ഏറ്റവും മികച്ച ജിം ട്രെയിനറെ തന്നെ സ്പീക്കറുടെ ഔദ്യോഗിക വസതിയായ ‘നീതി’യിൽ നിയമിക്കുമെന്നാണ് സൂചന.
സ്പീക്കറിനെ മാതൃകയാക്കി ചില മന്ത്രിമാരും തങ്ങളുടെ ഔദ്യോഗിക വസതികളിലും സമാന സൗകര്യമൊരുക്കണം എന്ന് ആവശ്യപ്പെട്ടതായിട്ടാണ് വിവരം. സ്പീക്കറുടെ ആവശ്യം സാധിച്ചു കൊടുക്കാൻ തീരുമാനിച്ച ധനമന്ത്രി ഇപ്പോൾ പുലിവാല് പിടിച്ച അവസ്ഥയിലാണ്. ഈ കടുത്ത പ്രതിസന്ധിക്കിടയില്‍ സ്പീക്കറിൻ്റെ ജിമ്മിന് വേണ്ടി എങ്ങനെ കണ്ടെത്താം എന്ന് ധനമന്ത്രി ചിന്തിക്കുമ്പോഴാണ് ഔദ്യോഗിക വസതികളില്‍ ജിം വേണമെന്ന മന്ത്രിമാരുടെ ആവശ്യം.
നിയമസഭാ മന്ദിരത്തിലെ ഭക്ഷണ മുറിയെപ്പറ്റിയുള്ള (ഡൈനിംഗ് ഹാൾ) ആശങ്കയും സ്പീക്കർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. 12 കോടി രൂപ ചിലവാക്കി ആ ആശങ്കകൾക്കും സർക്കാർ പരിഹാരമുണ്ടാക്കുന്നുണ്ട്. നിയമസഭ മന്ദിരത്തിലെ താഴത്തെ നിലയിലുള്ള ഡൈനിംഗ് ഹാളിൽ എയർ കണ്ടീഷൻ സൗകര്യമില്ലാത്തതായിരുന്നു സ്പീക്കറുടെ ദു:ഖം. പരിപാടി നടക്കുമ്പോൾ കസേരയും മേശയും കൂളറും പുറത്ത് നിന്നാണ് എത്തിക്കുന്നത്. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത് അത്യാധുനിക സൗകര്യ ത്തോടെയുള്ള ഭക്ഷണ മുറി ഒരുക്കാനാണ് ഷംസീറിന്റെ നിർദ്ദേശം.സ്പീക്കറുടെ സങ്കടം അറിഞ്ഞ ഉടൻ തന്നെ ഹാൾ നവീകരിച്ച് പരിഹാരം കാണാൻ ധനവകുപ്പ് തീരുമാനിച്ചു. പതിവ് പോലെ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല ഊരാളുങ്കൽ ലേബർ സൊസൈറ്റി തന്നെയാണ് തന്നെയാണ്. ഷംസീറിൻ്റെ ആവശ്യത്തിന് അനുസരിച്ചുള്ള എസ്റ്റിമേറ്റ് ആണ് ഊരാളുങ്കൽ തയ്യാറാക്കിയിരിക്കുന്നത്. അവർ നൽകിയ എസ്റ്റിമേറ്റ് നിയമസഭ സെക്രട്ടറിയേറ്റ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. നിയമസഭയിലെ ഭക്ഷണ മുറി മോശമാണെന്ന് ഡൈനിംഗ് ഹാൾ മോശമാണെന്ന് ലോക കേരളസഭ പ്രതിനിധികൾ അഭിപ്രായപ്പെട്ടതാണ് സ്പീക്കർ ഇങ്ങനെ ഒരു ആവശ്യം ഉന്നയിക്കാൻ കാരണമെന്നാണ് ന്യായീകരണം.
പി. ശ്രീരാമകൃഷ്ണൻ സ്പീക്കർ ആയിരുന്നപ്പോഴാണ് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാൾ നവീകരിച്ചത് . 16 കോടി ചെലവിലാണ് അന്ന് ഊരാളുങ്കൽ ശങ്കരനാരായണൻ തമ്പി ഹാൾ പുതുക്കി പണിഞ്ഞത്. ശ്രീരാമകൃഷ്ണനായാലും ഷംസീറായാലും നിയമസഭാ മന്ദിരത്തിലെ ഏത് നിർമ്മാണ – നവീകരണ പ്രവർത്തനവും നൽകുന്നത് ഊരാളുങ്കലിനെ മാത്രമാണ്. ഇതിൻ്റെ കാരണം അറിയാതെ അന്തം വിട്ട് നിൽക്കുകയാണ് നിയമസഭയിലെ ജീവനക്കാർ.
നിയമസഭ പ്രവർത്തനങ്ങള്‍ ഡിജിറ്റലൈസേഷൻ ആക്കുന്നതിൻ്റെ ഭാഗമായിട്ടുള്ള 52 കോടിയുടെ ഇ-നിയമസഭ പദ്ധതി ഏറ്റെടുത്ത് കൃത്യസമയത്ത് പൂർത്തിയാകാത്തത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇത്തരത്തിൽ സർക്കാറിന് കോടികൾ നഷ്ടം വരുത്തിയ സ്ഥാപനത്തിന് തന്നെയാണ് വീണ്ടും 12 കോടിയുടെ കരാർ നൽകിയിരിക്കുന്നത് എന്നതാണ് ഏറ്റവും വിചിത്രം. 15 മാസം കൊണ്ട് തീർക്കാമെന്നേറ്റ പദ്ധതി നാല് കൊല്ലമായി എങ്ങുമെത്താത്ത സാഹചര്യത്തിൽ വീണ്ടും ഊരാളുങ്കലിനെ തന്നെ കരാർ ഏൽപിക്കുന്നതിൻ്റെ കാരണം ധനമന്ത്രി കെ.എൻ.ബാലഗോപാലിനെങ്കിലും അറിയാമോ എന്നാണ് അസൂയാലുക്കൾ ചോദിക്കുന്നത്.
ഇ- നിയമസഭയും ഊരാളുങ്കലും
നിയമ സഭയിലെ എല്ലാ നടപടി ക്രമങ്ങളും ഓൺലൈൻ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പി ശ്രീരാമകൃഷണൻ സ്‌പീക്കറായിരുന്ന കാലത്ത് പദ്ധതി ഉരാളുങ്കലിനെ എൽപിക്കുന്നത്. 15 മാസത്തിനകം 52 കോടി അടങ്കൽ തുകയിൽ പണി പൂർത്തിയാക്കാം എന്നായിരുന്നു കരാർ. 52 കോടി രൂപ അടങ്കലായി നിശ്ചയിച്ചു, 13 കോടി രൂപ അഡ്വാൻസ് ആയി നൽകി. പദ്ധതി വൈകിയാൽ കരാറുകാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള വ്യവസ്ഥപോലും ഇല്ലാതെയാണ് കരാർ നൽകിയിരിക്കുന്നത്. നാല് വർഷത്തിനിടയിൽ ഏഴ് തവണയാണ് കരാർ കാലാവധി നീട്ടി നൽകിയിരിക്കുന്നത്. അവസാനമായി ദീര്‍ഘിപ്പിച്ചു നല്‍കിയ കരാര്‍ കാലാവധി 2023 നവംബര്‍ 30-ന് അവസാനിച്ചിരുന്നു.
11 കോടി രൂപ മുടക്കി കമ്പ്യൂട്ടർ അടക്കം ഹാർഡ് വെയറുകൾ വാങ്ങിക്കൂട്ടിയതിനൊപ്പം എംഎൽഎമാർക്ക് ടാബ് ലെറ്റുകളും വാങ്ങി നൽകാൻ 58 ലക്ഷം രൂപയും ചില വാങ്ങി. വാങ്ങിയ ഉപകരണങ്ങളുടെയും വാറന്റി കാലാവധിയും കഴിഞ്ഞു. നിലവിൽ അനുവദിച്ചിട്ടുള്ള കരാർ കാലാവധിക്കുള്ളിൽ ഈ നിയമസഭാ സോഫ്റ്റ്‌വെയർ രൂപീകരണം പൂർത്തീകരിക്കാൻ സാധിക്കില്ലെന്ന് ഊരാളുങ്കൽ സൊസൈറ്റി രേഖാ മൂലം അറിയിച്ചിട്ടില്ലെന്നാണ് വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്ന വിവരം. ഈ രംഗത്ത് വേണ്ടത്ര മുൻ പരിചയമോ സാങ്കേതിക പരിജ്ഞാനമോ ഇല്ലാത്ത കമ്പനിക്കാണ് കരാർ നൽകിയിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
ഇ- നിയമസഭ പദ്ധതിക്കായി ഇതുവരെ ഊരാളുങ്കല്‍ സൊസൈറ്റിയ്ക്ക് നൽകിയത് 32 കോടി രൂപയാണ്. 2020-ൽ പൂർത്തിയാക്കേണ്ട പദ്ധതിയുടെ 25 ശതമാനം പോലും ഇതുവരെ ചെയ്തുതീർക്കാനായിട്ടില്ല. മൊബിലൈസെഷന്‍ അഡ്വാന്‍സായി പദ്ധതിയുടെ 25 ശതമാനം വരുന്ന 13,59,56,354 രൂപ ഊരാളുങ്കലിന് നൽകിയിരുന്നു. പദ്ധതിക്കായി ഹാർഡ്വെയർ വാങ്ങുന്നതിനായും 11 കോടിയോളം രൂപ ( 10,95,91,921) ചിലവഴിച്ചു.
മൂന്ന് വര്‍ഷമായിട്ടും പദ്ധതിക്കാവശ്യമായ സോഫ്റ്റ്‌വെയര്‍ ഇതുവരെ നിര്‍മിച്ചിട്ടില്ല. വാങ്ങിയ ഹാർഡ്വെയർ ഉല്‍പ്പന്നങ്ങളുടെ വാറണ്ടി കലാവധി ഉടൻ അവസാനിക്കും. അങ്ങനെ വന്നാൽ സർക്കാരിന് വൻ നഷ്ടമായിരിക്കും പദ്ധതിയുടെ ഭാഗമായി ഉണ്ടാകാന്‍ പോകുന്നത്. ഇ- നിയമസഭ പദ്ധതിക്കായി ഇതുവരെ ഊരാളുങ്കല്‍ സൊസൈറ്റിയ്ക്ക് നൽകിയത് 32 കോടി രൂപയാണ്. 2020-ൽ പൂർത്തിയാക്കേണ്ട പദ്ധതിയുടെ 25 ശതമാനം പോലും ഇതുവരെ ചെയ്തുതീർക്കാനായിട്ടില്ല.
Read More:
- കെ. രാധാകൃഷന്റെ മന്ത്രിസ്ഥാനം തെറിക്കും: ലോക്‌സഭാ സീറ്റുകാട്ടി പ്രലോഭനം; പട്ടിക ജാതിക്കാരനെ ദോവസ്വം മന്ത്രി പദത്തില്‍ നിന്നും താഴെയിറക്കല്‍ ലക്ഷ്യം
- ലീഗിൽ ഇ.ടിയും സമദാനിയും സ്ഥാനാർഥികൾ:മണ്ഡലം മാറും
- കയ്യേറ്റക്കാർ ഒഴിയാതെ ഇടുക്കി; നൽകിയത് 19549 അനധികൃത പട്ടയങ്ങൾ; റവന്യൂ വകുപ്പിൽ നടന്നത് വൻ അട്ടിമറി
- സിപിഎം ജില്ലാ നേതൃത്വത്തിന് വഴങ്ങി സംസ്ഥാന നേതൃത്വം; ആലത്തൂരിൽ കെ രാധാകൃഷ്ണൻ തന്നെ
- ടി.പി.വധക്കേസില്‍ സിപിഎമ്മിന് ബന്ധമുണ്ട്: മുഖ്യമന്ത്രി നിയമസഭയില്‍ സമ്മതിച്ചു; എന്‍. ഷംസുദ്ദീന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി
ഇത്തരത്തിൽ സർക്കാരിന് വൻ നഷ്ടമുണ്ടാക്കിയ ഒരു സ്ഥാപനത്തിനാണ് വീണ്ടും കോടികളുടെ കരാർ നൽകിയിരിക്കുന്നത്. നാല് വര്‍ഷത്തിനിടയില്‍ ഏഴ് തവണ സമയം ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടും പദ്ധതി പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇ- നിയമസഭ പദ്ധതിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ കത്ത് നൽകിയവർക്കാണ് (സ്പീക്കറുടെ ഓഫീസില്‍ നിന്നുള്ള 18-10-23 ലെ 5976/OS A/23 നമ്പര്‍ കത്ത്) വീണ്ടും 12 കോടിയുടെ കരാർ നൽകിയിരിക്കുന്നത്.