തിരുവനന്തപുരം: കെഎസ്ഇബി പുറത്ത് നിന്നും വിലയ്ക്ക് വാങ്ങുന്ന വൈദ്യുതിയുടെ അളവ് ഉയർന്ന സാഹചര്യത്തിൽ വൈദ്യുതി സെസ് വർധിപ്പിക്കാൻ നീക്കം. നിലവിൽ യൂണിറ്റിറ്റിന് 19 പൈസ സെസായി ഇടാക്കുന്നുണ്ട്. പ്രതിദിനംവൈദ്യുതി വാങ്ങുന്നതിൽ നല് കോടി മുതൽ ആറ് കോടി വരെയാണ് കെഎസ്ഇബിയുടെ അധിക ചിലവ്.വേനൽക്കാല ഉപഭോഗം വർധിച്ചതോടെയാണ് അധിക ബാധ്യത വന്നത് എന്നാണ് ബോർഡിൻ്റെ വിശദീകരണം.
കെഎസ്ഇബിയുടെ അധിക ചിലവ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കാനാണ് നീക്കം. അങ്ങനെ വന്നാൽ ഒരു യൂണിറ്റിന് 26 പൈസ അധികം നൽകേണ്ടിവരും. അത് ഒഴിവാക്കാൻ പൊതുജനങ്ങൾ വൈദ്യുതി ഉപഭാേഗം കുറയ്ക്കണം കെഎസ്ഇബി പറയുന്നത്.
പ്രതിമാസം 87 കോടി രൂപയ്ക്ക് വൈദ്യുതി വാങ്ങുമ്പോഴാണ് നിലവിൽ 19 പൈസ സെസായി ഉപഭോക്താക്കൾ നൽകുന്നത്. ബോർഡ് പറയുന്ന കണക്ക് പ്രകാരം കുറഞ്ഞത് 120 കോടി രൂപ മുതൽ മുതൽ 180 കോടി വരെ അധിക ചിലവാണ് ഉണ്ടാകുന്നത്. അതുകൊണ്ടാണ് സെസ് 19ൽ നിന്നും 26 പൈസ കൂട്ടി 45 പൈസയായി ഉയർത്താൻ പോകുന്നത് .
സംസ്ഥാനത്ത് വൈദ്യുതി വിൽക്കുന്നത് ശരാശരി യൂണിറ്റിന് 6.10രൂപയ്ക്കാണ്. 2023 നവംബർ രണ്ടിനാണ് യൂണിറ്റ് 20പൈസ കൂട്ടി വൈദ്യുതി നിരക്ക് കൂട്ടിയത്.പുതിയ സെസ് നിലവിൽ വന്നാൽ ശരാശരി യൂണിറ്റിന് 6.39 പൈസയായി ഉയരും. പുതിയ നിരക്ക് പരിഷ്ക്കാരത്തിനായി റഗുലേറ്ററി കമ്മീഷൻ്റെ സമീപിക്കാൻ ഒരുങ്ങുകയാണ് കെഎസ്ഇബി എന്നാണ് ലഭിക്കുന്ന വിവരം. കമ്മീഷൻ അനുമതി നൽകിയാൽ ഉടൻ പുതുക്കിയ സെസ് ഉടൻ നിലവിൽ വരുമെന്നാണ് സൂചന.
ഫെബ്രുവരിയിൽ മാസത്തിൽ എട്ടരക്കോടി യൂണിറ്റ് വൈദ്യുതിയാണ് ചെലവാകുക. മാസാവസാനം എത്തുന്നതിന് ഇക്കുറി അത് 9.2 മുതൽ 9.5കോടി വരെ എത്തിയിരിക്കുകയാണെന്നാണ് ബോർഡ് പറയുന്നത്. കേരളത്തിൽ 2.2 കോടി യൂണിറ്റ് ജലവൈദ്യുതിയായി കേരളത്തിൽ ഉത്പാദിപ്പിക്കുന്നുണ്ട്. 2.8 കോടി കേന്ദ്രഗ്രിഡിൽ നിന്ന് തരും. 3 കോടി അന്തർസംസ്ഥാന കരാറുകളിലൂടെ കിട്ടും. ബാക്കി 1.2 കോടി യൂണിറ്റാണ് പുറമെ നിന്ന് വാങ്ങേണ്ടിവരുന്നത്.ചൂട് കൂടുന്നതിന് അനുസരിച്ച് ദിവസം 90ലക്ഷം മുതൽ 1.4കോടി വരെ യൂണിറ്റ് വൈദ്യുതി അധികം വേണ്ടിവരും. ഇത് ദേശീയതലത്തിലുള്ള ഹൈപ്രൈസ് പവർ മാർക്കറ്റിൽ നിന്ന് യൂണിറ്റിന് 15 മുതൽ 22രൂപ വരെ വിലയ്ക്കാണ് വാങ്ങുന്നത്.
കേരളത്തിൽ നിലവിൽ 40 ലക്ഷം എയർകണ്ടീഷനുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.സംസ്ഥാനത്ത് പ്രതിവർഷം മൂന്നര ലക്ഷം എസിയാണ് വിറ്റഴിക്കുന്നത്. എസിയുടെ ഉപയോഗം വൻതോതിൽ വർധിച്ചതാണ് സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടാനിടയാക്കിയത് എന്നാണ് വിലയിരുത്തലുകൾ. ഇതുമൂലം വൈകിട്ട് ആറര മുതൽ രാത്രി 12വരെയുള്ള വൈദ്യുതി ഉപഭോഗവും വർധിച്ചു. നിരക്ക് വർധിപ്പിക്കാതിരിക്കണമെങ്കിൽ രാത്രികാല വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നാണ് കെഎസ്ഇബി ഉപയോക്താക്കളോട് ആവശ്യപ്പെടുന്നത്. അല്ലെങ്കിൽ നിരക്ക് വർധനയല്ലാതെ മാർഗമില്ലെന്നും ബോർഡ് കണക്കുകൾ ഉപയോഗിച്ച് ചൂണ്ടിക്കാട്ടുന്നു