ആരോഗ്യപ്രശ്‌നങ്ങൾ; കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന

kodiyeri balakrishnan
 

ന്യൂഡല്‍ഹി: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞേക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചതായി സി.പി.എം. കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കി.

ഞായറാഴ്ച തിരുവനന്തപുരത്ത് ചേരുന്ന അവെയ്‌ലബിള്‍ പി.ബി. യോഗം വിഷയം ചര്‍ച്ച ചെയ്യും. കോടിയേരി ബാലകൃഷ്ണന് അവധി നല്‍കി താല്‍ക്കാലിക സെക്രട്ടറി വേണമോ അതോ സ്ഥിരം സംവിധാനം വേണമോ എന്ന കാര്യത്തില്‍ ഞായറാഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും.
 
യോഗത്തിൽ യ്യെച്ചൂരിയും, കാരാട്ടും ഉൾപ്പെടെ 6 പി.ബി അംഗങ്ങൾ പങ്കെടുക്കും. അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം കൈക്കൊള്ളുമെന്നാണ് കേന്ദ്ര നേതാക്കൾ അറിയിക്കുന്നത്.
 
 
സർക്കാർ – ഗവർണർ പോരും അവൈലബിൾ പിബി യോഗത്തിൽ ചർച്ചയാകും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ മോദിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്നും വളയമില്ലാതെ ചാടരുതെന്നും കോടിയേരി പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തില്‍ വ്യക്തമാക്കി.