കണ്ണൂർ സർവകലാശാല നിയമനം: സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീലുമായി പ്രിയ വര്‍ഗീസ്

priya varghes
 

കണ്ണൂര്‍: കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ തന്നെ അയോഗ്യയാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രിയ വർഗീസ് അപ്പീൽ നൽകി. തനിക്ക് 11 വർഷത്തെ അധ്യാപന പരിചയമുണ്ടെന്നും യുജിസി ചട്ടപ്രകാരം നിയമനത്തിന് യോഗ്യത ഉണ്ടെന്നുമാണ് വാദം. 

സ്റ്റുഡന്‍റ് സർവ്വീസ് ഡയറക്ർ ചുമതല അധ്യാപനമല്ലെന്ന കണ്ടെത്തൽ തെറ്റാണെന്നും അധ്യാപനം നാല് ചുവരുകൾക്കുള്ളിലെ പഠിപ്പിക്കൽ ആണെന്ന്  ജഡ്ജ് ധരിച്ചുവെന്നും ഹ‍ര്‍ജിയിൽ ആരോപിക്കുന്നു. അധ്യാപന പരിചയത്തെ വിലയിരുത്തുന്നതിൽ സിംഗിൾ ബെഞ്ചിന് വീഴ്ച പറ്റിയെന്നും നിയമപരമല്ലാത്ത വിധി റദ്ദാക്കണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 


പ്രിയാ വർഗീസിനു കണ്ണൂർ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു വേണ്ട അധ്യാപന പരിചയം ഇല്ലെന്നു ഹൈക്കോടതി നവംബർ 16നു വിധിച്ചിരുന്നു.  ലിസ്റ്റിൽ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്ബി കോളജ് മലയാള വിഭാഗം മേധാവി ജോസഫ് സ്കറിയ നൽകിയ ഹർജിയിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.