കല്‍പ്പറ്റ: വയനാട്ടില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. വയനാട് ജില്ലയോട് സര്‍ക്കാര്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് സര്‍വകക്ഷിയോഗം ബഹിഷ്‌കരിക്കുന്നതെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. മന്ത്രിമാരുടെ വിശദീകരണം കേട്ടു. തുടര്‍ന്ന് താനും ഐസി ബാലകൃഷ്ണനും എഴുന്നേറ്റ് നിന്ന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് ഈ വനംമന്ത്രിയെ ഇരുത്തിക്കൊണ്ട് ഇനി വയനാട് ജില്ലയുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ ഇല്ലെന്ന് അറിയിച്ച് ഇറങ്ങിപ്പോരുകയായിരുന്നുവെന്ന് ടി സിദ്ദിഖ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടില്‍ നേരിട്ടു വരണം. വന്യജീവി ആക്രമണം, മെഡിക്കല്‍ കോളജിന്റെ വിഷയം ഉള്‍പ്പെടെ പരിശോധിച്ച് നടപടിയെടുക്കണം. വയനാട്ടില്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ പ്രയാസകരമായ സാഹചര്യമാണ് ഇന്നുള്ളത്. ജനത്തെ ഈയാംപാറ്റകളെപ്പോലെ വന്യമൃഗത്തിന് എറിഞ്ഞുകൊടുത്തിരിക്കുകയാണ് സര്‍ക്കാര്‍. വന്യമൃഗ ആക്രമണത്തില്‍ പരിക്കേറ്റ പോളിന്റെയും തോമസിന്റെയും മരണം ചികിത്സ കിട്ടാതെയാണ്. ഇതില്‍ ഒന്നാമത്തെ ഉത്തരവാദി സര്‍ക്കാരാണെന്ന് ടി സിദ്ദിഖ് കുറ്റപ്പെടുത്തി.
തിരിഞ്ഞു നോക്കാത്ത മന്ത്രിയോടൊപ്പം ചര്‍ച്ച ചെയ്യാനില്ലെന്നും സിദ്ദിഖ് പറഞ്ഞു. ജനങ്ങള്‍ അരക്ഷിതമായി കഴിയുമ്പോള്‍ അതൊന്നും കാണാത്ത നടപടി അത്യന്തം ഗൗരവതരമാണ്. ഇത്രയേറെ വന്യജീവി ആക്രമണങ്ങള്‍ ഉണ്ടായിട്ടും വനംമന്ത്രി ജില്ലയിലേക്ക് തിരിഞ്ഞുനോക്കിയില്ല. വനംമന്ത്രി സ്ഥാനത്തു നിന്നും എകെ ശശീന്ദ്രനെ പുറത്താക്കണം, ജില്ലയുടെ ചുമതലയില്‍ നിന്നും വനംമന്ത്രിയെ മാറ്റണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണം, ഇത് വേഗത്തില്‍ വിതരണം ചെയ്യണം, ആശ്രിതരുടെ ജോലി, കടം എഴുതി തള്ളല്‍, വയനാട് മെഡിക്കല്‍ കോളജിന്റെ ഗൗരവകരമായ പ്രശ്‌നം ഇതെല്ലാം യുഡിഎഫ് നേരത്തെ തന്നെ ഉന്നയിച്ചിട്ടുള്ളതാണ്. ഇവിടെ വേണ്ടത് ചര്‍ച്ചയല്ല നടപടിയാണ് വേണ്ടത്. എന്നാല്‍ ചര്‍ച്ച നടത്തി കബളിപ്പിക്കാനുള്ള തുടര്‍പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ടി സിദ്ദിഖ് എംഎല്‍എ ആരോപിച്ചു.
യോഗം ബഹിഷ്കരിച്ച എംഎൽഎമാരായ ഐസി ബാലകൃഷ്ണനും ടി സിദ്ദിഖും മന്ത്രിമാരില്‍ വിശ്വാസമില്ലെന്ന് ഐസി ബാലകൃഷ്ണന്‍ എംഎല്‍എയും പറഞ്ഞു. വനംമന്ത്രി ജില്ലയിലെത്തിയത് രണ്ടു മന്ത്രിമാരുടെ എസ്‌കോര്‍ട്ടോടെയാണ്. എന്തുകൊണ്ടാണ് വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥന്‍ യോഗത്തിന് വന്നില്ല. ജനങ്ങളുടെ പ്രതിഷേധം മന്ത്രിമാര്‍ കുറച്ചു കാണുകയാണ്. അതു കൊണ്ടാണ് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നതെന്ന് ഐസി ബാലകൃഷ്ണന്‍ പറഞ്ഞു.